പോലീസ് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

Posted on: July 19, 2019 10:54 am | Last updated: July 19, 2019 at 10:54 am

ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാറിനെ ആര്‍ എസ് എസിന് ഒറ്റിക്കൊടുത്തുവെന്ന രൂക്ഷ വിമര്‍ശമാണ് കഴിഞ്ഞ ദിവസം പോലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാറെടുത്ത പല തീരുമാനങ്ങളും പോലീസ് ആര്‍ എസ് എസിന് ചോര്‍ത്തി, മനിതി സംഘം എത്തിയപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു, പോലീസ് ആസ്ഥാനത്തു നിന്ന് പോലും വിവരങ്ങള്‍ ചോരുന്നു, ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ ആഭ്യന്തര വകുപ്പിലെത്തുന്നതിനു മുമ്പേ അതിന്റെ പകര്‍പ്പ് പുറത്ത് പലരുടെയും കൈകളിലെത്തുന്നു, ശബരിമലയില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലുപരി ആര്‍ എസ് എസ് നേതാവിന് മൈക്ക് പിടിച്ചു കൊടുക്കുന്നതിലായിരുന്നു പോലീസിന് താത്പര്യം… എന്നിങ്ങനെ നീളുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. പോലീസിന്റെ നിസ്സഹകരണം കൊണ്ടാണ് ശബരിമലയില്‍ സുപ്രീം കോടതി വിധി വേണ്ടവിധം നടപ്പാക്കാന്‍ കഴിയാതെ പോയതെന്നും തിരുവനന്തപുരത്ത് നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പിണറായി പറഞ്ഞു.

ശബരിമലയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന വിമര്‍ശം നേരത്തെയും ഉയര്‍ന്നതാണ്. മനിതി സംഘത്തിന് പിന്നാലെ മല കയറിയ കോഴിക്കോട് സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ എന്നിവരെ പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്ന് ആ യുവതികള്‍ തന്നെ ആരോപിച്ചിരുന്നു. യുവതികളെ സന്നിധാനത്തിലെത്തിച്ച് സുപ്രീം കോടതി തീരുമാനം നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനമെടുത്തപ്പോള്‍, ഒരൊറ്റ യുവതിയെയും സന്നിധാനത്തില്‍ എത്തിക്കില്ലെന്ന മട്ടിലായിരുന്നു ചില പോലീസ് ഉദ്യോഗസ്ഥരുടെ നീക്കം. ദര്‍ശനത്തിന് വരുന്ന മനിതി സ്ത്രീകളുടെ അടക്കം വിവരം മുന്‍കൂറായി പോലീസില്‍ നിന്ന് ചോര്‍ന്നതില്‍ ഭരണ കക്ഷിയായ സി പി ഐ തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. മലകയറാനെത്തിയ യുവതികളുടെ വീട്ടില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അതിക്രമം കാണിച്ചപ്പോള്‍ പോലീസ് ശക്തമായ നടപടി സ്വീകരിച്ചതുമില്ല. ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനും പോലീസിന്റെ ഈ വീഴ്ച ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് പൊടുന്നനെ ഉടലെടുത്തതല്ല പോലീസിലെ ഒരു വിഭാഗത്തിന്റെ ഈ സംഘ്പരിവാര്‍ അനുകൂല നയം. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള ഒരു സെല്‍ തന്നെ പോലീസില്‍ പ്രവര്‍ത്തിക്കുന്ന വിവരം രണ്ട് വര്‍ഷം മുമ്പ് ഒരു ചാനല്‍ തെളിവു സഹിതം പുറത്തു വിട്ടിരുന്നു. ചില മുതിര്‍ന്ന ബി ജെ പി നേതാക്കളും സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ള ഏജന്‍സികളില്‍ നിന്നുള്ളവരും പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിക്കുന്നവര്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ സെല്‍ എന്നും ചാനല്‍ വെളിപ്പെടുത്തിയിരുന്നു. ഡി ജി പിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഇന്റലിജന്‍സിലെ ചില ഉദ്യോഗസ്ഥരുമാണ് ഈ സെല്ലിന് പ്രവര്‍ത്തിക്കാനുള്ള പരിസരം ഒരുക്കിക്കൊടുക്കുന്നതെന്നും കണ്ടെത്തിയിരുന്നു. വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് അതിന്റെ സഹായത്തോടെ എല്ലാ മാസവും ഒരു സ്ഥലത്ത് യോഗം ചേര്‍ന്നാണ് സെല്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്. പോലീസിന്റെ യോഗ പരിശീലനത്തിന്റെ മറവിലായിരുന്നു ഗ്രൂപ്പ് ആരംഭിച്ചത്. പോലീസ് അസോസിയേഷനില്‍ വിള്ളലുണ്ടാക്കി സംഘ്പരിവാര്‍ ആഭിമുഖ്യമുള്ളവരെ തലപ്പത്തെത്തിക്കലും ഇവരുടെ ലക്ഷ്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചാനലിന്റെ ഈ ആരോപണം അധികൃതര്‍ ഇതുവരെ നിഷേധിച്ചിട്ടില്ല. മാത്രമല്ല, ഇത് ശരിവെക്കുന്ന ചില ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലപ്പോഴായി പുറത്തു വരികയുമുണ്ടായി. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ യാത്രാ വിവരങ്ങളുമടക്കം സേനക്കുള്ളിലെ ഒട്ടേറെ രഹസ്യങ്ങള്‍ പോലീസിലെ സംഘ്പരിവാര്‍ സെല്‍ ചോര്‍ത്തി നല്‍കിയതായും ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. പോലീസിലെ ആര്‍ എസ് എസിന്റെ സ്വാധീനത്തെക്കുറിച്ച് സി പി ഐ എം സംസ്ഥാന സമ്മേളനവും ചൂണ്ടിക്കാട്ടി. ബി ജെ പിയും ആര്‍ എസ് എസും പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളില്‍ പരാതി ഉണ്ടായിട്ടു പോലും കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന പരാതിയും പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. മലപ്പുറം കൊടിഞ്ഞിയിലെ ഫൈസലിനെയും കാസര്‍ക്കോട് ചൂരിയില്‍ റിയാസ് മൗലവിയെയും കാവിഭീകരര്‍ കൊലപ്പെടുത്തിയ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഏറെ താമസിച്ചതും സംഭവത്തിലെ ഗൂഢാലോചന അവഗണിച്ചതും കടുത്ത വിമര്‍ശനത്തിന് വിധേയമായതാണ്. അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുമെതിരെ ബി ജെ പി നല്‍കുന്ന പരാതികളിലെല്ലാം പെട്ടെന്ന് നടപടി ഉണ്ടാകാറുണ്ട്. തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ ബീഫിന് നിരോധനമേര്‍പ്പെടുത്തിയത് ഉള്‍പ്പെടെ സംഘ്പരിവാറിന്റെ നയപരിപാടികള്‍ നടപ്പാക്കാനുള്ള നീക്കങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായി. ഇതിന്റെ തുടര്‍ച്ച തന്നെയായിരിക്കണം ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുകളും.

മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളെല്ലാം നന്നായി ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ഉന്നതതല യോഗത്തിലെ പ്രസംഗം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് സംഘ്പരിവാറിന്റെ സ്വാധീനം വര്‍ധിക്കുന്നതിനൊപ്പം പിണറായി സര്‍ക്കാറിനെതിരായി ജനവികാരം വളര്‍ത്തിയെടുക്കുക കൂടിയായിരിക്കണം ഈ വര്‍ഗീയ സെല്ലിന്റെ ലക്ഷ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിരീക്ഷണവും നടപടിയും സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിന്റെ മതസൗഹാര്‍ദാന്തരീക്ഷത്തിന് അത് മാരകമായ പോറലേല്‍പ്പിക്കുകയും സര്‍ക്കാറിന്റെ പ്രതിച്ഛായയെ തകര്‍ക്കുകയും ചെയ്യും.