വിഴിഞ്ഞത്ത് നാല് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി

Posted on: July 19, 2019 10:20 am | Last updated: July 19, 2019 at 11:28 am

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും പോയ നാല് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായതായി. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തില്‍ വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ ഇവര്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയായിട്ടും ഇവര്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് വള്ളത്തിന്റെ ഉടമ തീരദേശ പോലീസ് , മറൈണ്‍ എന്‍ഫോഴ്‌സ് മെന്റ് എന്നിവരെവിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് തീരസംരക്ഷണ സേനയുടെ ചാര്‍ളി 441 എന്ന പട്രോള്‍ ബോട്ടും കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താനായില്ല. കടല്‍ പ്രക്ഷുബ്ധമായതിനെതുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍ നിര്‍ത്തി . അതേ സമയം തീരസംരക്ഷണ സേന ഇവര്‍ക്കായി തിരച്ചല്‍ തുടരുകയാണ്.