Kerala
തടവുകാരുടെ മനുഷ്യാവകാശ ലംഘനം; ജയിലില്‍ മാവോവാദി നേതാവിന്റെ നിരാഹാര സമരം

തൃശൂര്‍: തടവുകാര്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി മാവോവാദി നേതാവ് രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വിയ്യൂരില്‍ പുതുതായി പണികഴിപ്പിച്ച അതീവ സുരക്ഷാ ജയിലില്‍ രൂപേഷിനെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതീവസുരക്ഷ ജയിലില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് രൂപേഷ് നിരാഹാരം തുടങ്ങിയത്.
കോടതിയില്‍ ഹാജരാക്കുന്നതിനു പകരം വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമാണ് ഇവിടെ രൂപേഷിനായി ഒരുക്കിയിരിക്കുന്നത്. ഒറ്റക്കൊരു സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നതും. ഈ സെല്‍ വിട്ട് ജയില്‍ വളപ്പിലേക്ക് ഇറങ്ങാന്‍ പോലും സമ്മതിക്കുന്നില്ലെന്നാണ് രൂപേഷിന്റെ പരാതി. എന്നാല്‍ അതീവസുരക്ഷാ ജയിലിലെ നിയമം അനുസരിച്ചേ സൗകര്യം അനുവദിക്കാനാകൂവെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രൂപേഷിന്റെ ഭാര്യ ഷൈനയാണ് ഈ വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. പല കേസുകളും സ്വന്തം നിലക്ക് വാദിക്കുന്ന രൂപേഷിനെ കഴിഞ്ഞ നാല് മാസമായി കോടതികളിലൊന്നും ഹാജരാക്കുന്നില്ല. കനം കൂടിയ ഇരുമ്പ് ഷീറ്റ് ഘടിപ്പിച്ചിരിക്കുന്ന വായു സഞ്ചാരം പോലുമില്ലാത്ത സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന അദ്ദേഹത്തിന് ഭക്ഷണം പോലും സെല്ലില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. ശൗചാലയവും സെല്ലിനകത്ത് തന്നെ. ഒരിക്കല്‍ പോലും അതിനാല്‍ പുറം ലോകം കാണാന്‍ കഴിയാത്ത സ്ഥിതിയിലാണുള്ളതെന്നും ഷൈന പറയുന്നു.
കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകുന്നതോടെ ഒരിക്കല്‍ പോലും സെല്ലിന് പുറത്തുള്ള ലോകം കാണാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ദിവസം തന്നെ നഗ്‌നനാക്കി പരിശോധിക്കാനുള്ള ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോയുടെ ശ്രമം രൂപേഷ് ചെറുത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് നേരെ വധഭീഷണി ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.