പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍മര്‍പ്പിച്ചു, നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് നിര്‍ദേശം

Posted on: July 18, 2019 10:26 pm | Last updated: July 18, 2019 at 10:26 pm
വെടിക്കെട്ട് ദുരന്തത്തില്‍ തകര്‍ന്ന കെട്ടിടം (ഫയല്‍ ചിത്രം)

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. അപകടം നടന്ന് മൂന്ന് വര്‍ഷം പിന്നിട്ടതിന് ശേഷമാണ് പ്രത്യേക അന്വേഷണ കമ്മീഷന്‍ 4,779 പേജ് വരുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.

വെടിക്കെട്ടുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കണമെന്നാണ് റിപ്പോട്ടിലെ പ്രധാന ശിപാര്‍ശ. നിലവിലെ നിയമങ്ങളില്‍ ഒട്ടേറെ പഴുതുകളുണ്ട്. ഇത്തരം പഴുതുകള്‍ അടച്ചെങ്കില്‍ മാത്രമേ അപകടങ്ങള്‍ കുറക്കാനാകൂ. അതോടൊപ്പം വെടിക്കെട്ട് കാണാനെത്തുന്നവരും സംഘാടകരും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് 103 സിറ്റിംഗുകളും 173 സാക്ഷി വിസ്താരവും നടത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 266 രേഖകളും അന്വേഷണ കമ്മീഷന്റെ പരിഗണനക്ക് വന്നിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു പി എസ് ഗോപിനാഥന്‍ കമ്മീഷന്‍ കടന്നുപോയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട കാലാവധി അവസാനിച്ച ശേഷം കമ്മീഷന്‍ സര്‍ക്കാറിനോട് സമയം നീട്ടി ചോദിച്ചിരുന്നു. 2016 ഏപ്രില്‍ പത്തിനാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ഉണ്ടാകുന്നത്. സംഭവത്തില്‍ 111 പേര്‍ കൊല്ലപ്പെടുകയും 350 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.