Connect with us

Articles

ഗാന്ധിയിലേക്ക് ദൂരമളക്കാനുള്ള നേരം

Published

|

Last Updated

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പ്രസിദ്ധ രാഷ്ട്രീയ നിരീക്ഷകന്‍ രാമചന്ദ്രഗുഹ പറഞ്ഞ ചില കാര്യങ്ങള്‍ ലേഖന രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കും(മാതൃഭൂമി വാരിക, ലക്കം 17). കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുപക്ഷം അഭിമുഖീകരിച്ച ദയനീയമായ തോല്‍വിയുടെ കാരണം എന്ന നിലയില്‍ അദ്ദേഹം കണ്ടെത്തിയ പല കാരണങ്ങളില്‍ ഒന്ന് ഇടതുപക്ഷം ഇപ്പോഴും കൊണ്ടുനടക്കുന്ന “കമ്മ്യൂണിസ്റ്റ്” എന്ന വിശേഷണമാണ്. കമ്മ്യൂണിസ്റ്റ് എന്ന വാക്ക് ദൂരെ കളഞ്ഞ് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് എന്ന് പേര് സ്വീകരിക്കുന്ന പക്ഷം അത് ദൂരവ്യാപകമായ നല്ല ഫലങ്ങള്‍ ഉണ്ടാക്കുമെന്നും കേരളം ഭാവി ഇന്ത്യക്ക് മാതൃകയാകുമെന്നുമാണ് രാമചന്ദ്രഗുഹ സമര്‍ഥിക്കുന്നത്. 1957 മുതല്‍ ഇന്നുവരെയുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ കമ്മ്യൂണിസം തങ്ങളുടെ പ്രതിയോഗികളുടേതില്‍ നിന്ന് വ്യത്യസ്തമായ നയപരിപാടികളൊന്നും ആവിഷ്‌കരിച്ചിട്ടില്ല. ഇതിന്റെ അര്‍ഥം ആ പാര്‍ട്ടി ഒരു ബൂര്‍ഷ്വാ പിന്തിരിപ്പന്‍ മൂരാച്ചി സമീപനം ഏതെങ്കിലും കാര്യത്തില്‍ അവലംബിച്ചു എന്നല്ല. തീര്‍ച്ചയായും ആധുനിക കേരളത്തിന്റെ നിര്‍മിതിയില്‍ മറ്റേതു പാര്‍ട്ടികളേക്കാളും മുന്തിയ സംഭാവന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നുണ്ടായിട്ടുണ്ട്. പക്ഷേ, ഈ സംഭാവനകളൊന്നും കമ്മ്യൂണിസം എന്ന പരികല്‍പ്പനയുമായി ഒത്തു പോകുന്നതായിരുന്നില്ല. അത് ശുദ്ധ സോഷ്യല്‍ ഡെമോക്രസിയുടെ പാതയിലൂടെയുള്ള സഞ്ചാരത്തിന്റെ ഫലമായിരുന്നു.

ഈ കാലയളവില്‍- ഇന്ത്യയിലാകെയും കേരളത്തില്‍ പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകാര്‍ പിന്തുടര്‍ന്നു പോന്ന സോഷ്യല്‍ ഡെമോക്രസിയുടെ മുഖ്യ എതിരാളികള്‍ സോഷ്യലിസത്തിന്റെ ശത്രുക്കളായി സ്വയം പ്രഖ്യാപിച്ച കോണ്‍ഗ്രസും ബി ജെ പിയും മറ്റു ചെറുകിട വര്‍ഗീയ പാര്‍ട്ടികളുമായിരുന്നു. അവരും പരസ്യമായി സോഷ്യലിസത്തെ തള്ളിപ്പറഞ്ഞില്ല. അവര്‍ തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് ഡെമോക്രാറ്റിക് സോഷ്യലിസമെന്ന അലങ്കാരപ്പേര് നല്‍കാന്‍ തയ്യാറായി.

പക്ഷേ, സോഷ്യലിസത്തിന്റെ മാത്രമല്ല ഡെമോക്രസിയുടെയും ശത്രുക്കളാണ് തങ്ങളെന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ ശങ്കാഹീനമായി അവര്‍ തെളിയിച്ചു. കഴിഞ്ഞ ആറ് ദശകങ്ങളിലെ രാഷ്ട്രീയാധികാരത്തില്‍ പിടിമുറുക്കാനും സോഷ്യല്‍ ഡെമോക്രസിയെ തന്നെ പാടെ തിരസ്‌കരിക്കാനും അവര്‍ക്ക് അനായാസം സാധിച്ചു. ബൂര്‍ഷ്വാ മാധ്യമങ്ങളും സ്വദേശികളും വിദേശികളുമായ കുത്തകകളും അതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു. ഇടതുപക്ഷ ആശയങ്ങള്‍ക്ക് വേരോട്ടമുണ്ടായിരുന്ന ആന്ധ്രപ്രദേശ്, ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു തിരിച്ചുവരവ് എളുപ്പമല്ലാത്ത വിധം ഇടതുപക്ഷത്തെയും അവരുടെ സോഷ്യല്‍ ഡെമോക്രാറ്റിക് ആശയങ്ങളെയും പുറംതള്ളാന്‍ സംയുക്തമായ പരിശ്രമത്തിലൂടെ ഇവിടുത്തെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകള്‍ക്ക്(വലതുപക്ഷം) കഴിഞ്ഞു. അടുത്ത ഊഴം കേരളത്തിന്റേതായിരിക്കും എന്നവര്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്നു.

പ്രളയാനന്തര കെടുതിയും ശബരിമലയിലെ യുവതീ പ്രവേശനവും പള്ളിവഴക്കിന്റെ പേരിലുള്ള കോടതി വിധിയും വലതുപക്ഷം ആയുധമാക്കുമ്പോള്‍ ഇടതുപക്ഷമാകട്ടെ അവര്‍ പതിറ്റാണ്ടുകളായി സ്വായത്തമാക്കിയ യാന്ത്രികതാ വാദങ്ങളില്‍ സ്വയം കുടുങ്ങിക്കിടക്കുന്ന ദയനീയ ചിത്രമാണ് നമ്മള്‍ കാണുന്നത്.
ഈ പശ്ചാത്തലത്തില്‍ വേണം കമ്മ്യൂണിസ്റ്റ് എന്ന വാക്കുപോലും ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ഡെമോക്രസിയിലേക്കു തിരിയണം എന്ന രാമചന്ദ്രഗുഹയുടെ നിര്‍ദേശം ഉപരിചര്‍ച്ചകള്‍ക്കു വിധേയമാക്കേണ്ടത്. അതിന്റെ തുടക്കം എന്ന നിലയില്‍ രാഷ്ട്രീയാധികാരത്തോട് ബന്ധപ്പെട്ട സോഷ്യല്‍ ഡെമോക്രസി, ഡെമോക്രാറ്റിക് സോഷ്യലിസം, സോഷ്യലിസ്റ്റ് വിപ്ലവം, യാന്ത്രിക ഭൗതികവാദം തൊഴിലാളി വര്‍ഗ സര്‍വാധിപത്യം, കമ്മ്യൂണിസ്റ്റ് ലോകം തുടങ്ങിയ പ്രത്യയശാസ്ത്ര പരികല്‍പ്പനകളെ ആശയപരമായും പ്രായോഗികമായും നമ്മള്‍ വിശകലന വിധേയമാക്കേണ്ടതുണ്ട്.

സാമൂഹിക ജനാധിപത്യം അഥവാ സോഷ്യല്‍ ഡെമോക്രസി എന്ന പദപ്രയോഗത്തോടു പോലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് പുച്ഛമായിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള വിപ്ലവം എന്ന കമ്മ്യൂണിസ്റ്റ് ആശയത്തെ പ്രതിരോധിക്കാന്‍ ആദ്യം രംഗത്തു വന്നത് ജര്‍മനിയിലെ ഒരു പറ്റം പരിഷ്‌കരണ പ്രിയരായ കമ്മ്യൂണിസ്റ്റുകാരായിരുന്നു. മുതലാളിത്തത്തിനെതിരെ മാര്‍ക്‌സിസം ഉയര്‍ത്തിയ യുക്തിഭദ്രമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ബലം പ്രയോഗിച്ചുള്ള വിപ്ലവം എന്ന ആശയത്തെ ഇവര്‍ എതിര്‍ത്തു. മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിണാമം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യമാണ് സോഷ്യല്‍ ഡെമോക്രസി മുന്നോട്ടു വെച്ചത്. 1870കളില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ഇവര്‍ പ്രവര്‍ത്തനം തുടങ്ങി. ജര്‍മനിയില്‍ മാത്രമല്ല പശ്ചിമ യൂറോപ്പിലാകെ ഇതിന്റെ അലയൊലികള്‍ പ്രതിധ്വനിച്ചു. സ്വീഡന്‍, ബ്രിട്ടന്‍ തുടങ്ങിയ പല വികസിത രാജ്യങ്ങളിലും സോഷ്യല്‍ ഡെമോക്രാറ്റിക്ക് ഭരണകൂടങ്ങള്‍ അധികാരത്തിലേറി.

ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ആദ്യത്തെ പേര് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നായിരുന്നു. 1875ല്‍ ആണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1890ല്‍ ആയിരുന്നു ഇതിന്റെ പുനര്‍നാമകരണം നടന്നത്. ഒറ്റപ്പാര്‍ട്ടി എന്ന നിലയില്‍ ജര്‍മനിയിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമാണ് ഈ പാര്‍ട്ടി. 1919ലെ തിരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ടു നേടി. 1933ല്‍ നാസികള്‍ ഇവരെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധാനന്തരം ഈ പാര്‍ട്ടി പശ്ചിമ ജര്‍മനിയില്‍ പുനരുദ്ധീകരിക്കുകയും ക്രമാനുഗതമായി വളര്‍ന്ന് 1972ലെ തിരഞ്ഞെടുപ്പുകളില്‍ 46 ശതമാനം വോട്ടുകള്‍ നേടുകയും ചെയ്തു. തുടര്‍ന്ന് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ (1966-69), ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി (1969-82) എന്നിവയുമായി ചേര്‍ന്ന് സഖ്യകക്ഷി മന്ത്രിസഭ ഉണ്ടാക്കി. 1999ല്‍ പൂര്‍വകിഴക്കന്‍ ജര്‍മനിയില്‍ നിന്നുള്ള പുതിയതായി രൂപവത്കരിക്കപ്പെട്ട സ്വതന്ത്ര എസ് പി ഡി പാര്‍ട്ടിയുമായി വീണ്ടും ഐക്യപ്പെടുകയും ചെയ്തു. ഇതാണ് ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് രാഷ്ട്രീയത്തിന്റെ ഹ്രസ്വചരിത്രം.

19ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ തൊട്ട് 20ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെ, കമ്മ്യൂണിസ്റ്റാശയങ്ങള്‍ നടപ്പാക്കാനുള്ള ഒട്ടേറെ പരീക്ഷണങ്ങളില്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുകയുണ്ടായി. അപ്പോഴെല്ലാം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുമ്പിലുണ്ടായിരുന്ന മാതൃക, റഷ്യയും ചൈനയും ആയിരുന്നു. ഇവര്‍ നടപ്പാക്കുന്നതാണ് കമ്മ്യൂണിസത്തിലേക്കുള്ള ശരിയായ വഴിയെന്ന് യാതൊരു തെളിവുകളുടെയും പിന്‍ബലം കൂടാതെ തന്നെ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ നയിച്ച കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വിശ്വസിച്ചു. ഇതിനകം പാര്‍ട്ടി രണ്ടായി വിഭജിക്കപ്പെടുകയും ഒരുപക്ഷം റഷ്യയെയും മറു പക്ഷം ചൈനയെയും അവരുടെ പിതൃഭൂമിയായി പൂജിച്ചു പോരുകയും ചെയ്തു. ലെനിനും സ്റ്റാലിനും മാവോയും ഹോചിമനും കാസ്‌ട്രോയും ഹ്യൂഗോ ഷാവേസും എല്ലാം അവരുടെ ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമഗ്രാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി ഒരു ഘട്ടം പിന്നിട്ടപ്പോള്‍ മാറിയെന്ന കാര്യം ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ വളരെ വൈകിയാണ് മനസ്സിലാക്കിയത്.
ഈ കാര്യം കാലേക്കൂട്ടി മനസ്സിലാക്കിയവരായിരുന്നു റോസാലക്‌സംബര്‍ഗിനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് പരിഷ്‌കരണവാദികള്‍. ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ അവര്‍ മുതലാളിത്തത്തെ അട്ടിമറിക്കുന്ന ഒരു ലോകവിപ്ലവം സ്വപ്‌നം കാണുകയും ജനാധിപത്യ മാര്‍ഗത്തിലൂടെ സോഷ്യലിസം യാഥാര്‍ഥ്യമാക്കാനുള്ള സാധ്യതകള്‍ വിഭാവന ചെയ്യുകയും ചെയ്തു. അവര്‍ ലെനിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സ്വേച്ഛാധിപത്യ സംവിധാനത്തിന്റെ കടുത്ത വിമര്‍ശകയായി മാറി. ഫലമോ, ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപവത്കരണം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും റോസാലക്‌സംബര്‍ഗ് ദാരുണമായി കൊല്ലപ്പെട്ടു.

ഇതിന് ശേഷമാണ് സാന്റിയാഗോ കരില്ലയുടെ “യൂറോ കമ്മ്യൂണിസം ആന്‍ഡ് ദി സ്റ്റേറ്റ്”(1977) പ്രസിദ്ധീകരിക്കപ്പെടുന്നത്. ഒരൊറ്റ അചഞ്ചല ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, അതിന്റെ അമരത്ത് സോവിയറ്റ് യൂനിയനെ അവരോധിക്കല്‍… ഇതെല്ലാം വരാന്‍ പോകുന്ന വലിയ അപകടത്തിന്റെ മുന്നറിയിപ്പായി യൂറോ കമ്മ്യൂണിസ്റ്റുകള്‍ മനസ്സിലാക്കി. അവരതിനെതിരെ ബോധവത്കരണം നടത്തി. ഏകലോക കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് പകരം ഓരോ രാജ്യത്തിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങള്‍ അവരവരുടെ രാജ്യങ്ങളുടെ പാരമ്പര്യവും സംസ്‌കാരവും അടിസ്ഥാനപ്പെടുത്തിയാകണമെന്ന യൂറോകമ്മ്യൂണിസ്റ്റ് ദര്‍ശനം അംഗീകരിക്കാന്‍ ചൈന പോലും നിര്‍ബന്ധിതമായി. റഷ്യയിലെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളിലും ഈ ആശയം സ്വാധീനം ചെലുത്തി. റഷ്യയില്‍ മിഖായേല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി(1985). അതോടെ സോവിയറ്റ് ഭരണ വ്യവസ്ഥയില്‍ പുതിയ യുഗം ആരംഭിച്ചു. അദ്ദേഹം നടപ്പാക്കിയ ഗ്ലാസനോസ്റ്റ്, പെരിസ്‌ട്രോയിക്ക എന്നീ നവീകരണ പദ്ധതികള്‍ സോവിയറ്റ് സമഗ്രാധിപത്യത്തെ ആകെ ഇളക്കി മറിച്ചു. ഭരണ പരിഷ്‌കാരത്തിനും വ്യവസ്ഥാ മാറ്റത്തിനും വേണ്ടി തെരുവിലേക്കിറങ്ങിയ ജനങ്ങളുടെ മുന്നേറ്റത്തില്‍ ഭരണകൂടത്തിന് പിടിച്ചു നില്‍ക്കാനായില്ല. ജര്‍മനിയെ രണ്ടായി കീറിമുറിച്ചിരുന്ന ജര്‍മന്‍ മതില്‍ തകര്‍ന്നു. ജനങ്ങളും ഒപ്പം ആശയങ്ങളും അവര്‍ക്കിഷ്ടമുള്ള ഇടങ്ങളിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി. ഏറെക്കാലം മനസ്സില്‍ കൊണ്ടുനടന്ന വിഗ്രഹങ്ങള്‍ തകര്‍ന്നടിഞ്ഞു.
ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അവരുടെ യാഥാസ്ഥിതികതയുടെ വാത്മീകത്തില്‍ ഒതുങ്ങിക്കൂടി. ഇന്ത്യ എന്താണെന്നും ഇന്ത്യക്കാര്‍ ആരാണെന്നും മനസ്സിലാക്കാതെ ഒരു ബംഗാള്‍, ഒരു കേരളം, ഒരു ത്രിപുര ഇവയെ കക്ഷത്തില്‍ ഇറുക്കിപ്പിടിച്ചു. എന്നിട്ട് ഉത്തരത്തില്‍ ഇരിക്കുന്ന മറ്റു സംസ്ഥാനങ്ങളെ എത്തിപ്പിടിക്കാന്‍ അവര്‍ കൈകളുയര്‍ത്തിയപ്പോള്‍ കക്ഷത്തില്‍ ഇരുന്നവ പോകുകയും ചെയ്തു, ഉത്തരത്തില്‍ ഇരുന്നത് കിട്ടുകയും ഉണ്ടായില്ല. 2004ലെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും കൂടി അറുപതിലേറെ ജനപ്രതിനിധികള്‍ ഉണ്ടായിരുന്നു. 2019 ആയപ്പോഴേക്കും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് നിന്ന് പോലും അവര്‍ക്ക് കഷ്ടിച്ചു ജയിക്കാന്‍ കഴിഞ്ഞത് കേവലം ഒരു സീറ്റില്‍. പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി താഴേ തട്ടുമുതല്‍ അഴിച്ചു പണിക്കും തിരുത്തി എഴുതലുകള്‍ക്കും തയ്യാറായാല്‍ മാത്രമേ ഇന്ത്യയിലെ സാധാരണക്കാരന്റെ മനസ്സില്‍ പുകഞ്ഞു നീറുന്ന സോഷ്യലിസ്റ്റ് സ്വപ്‌നങ്ങളെ ഊതിക്കത്തിക്കാന്‍ കഴിയൂ. ഇന്ത്യന്‍ ഗ്രാമീണരുടെ ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ഗാന്ധിയിലേക്കും അംബേദ്കറിലേക്കും മടങ്ങേണ്ടതുണ്ട്. രാംമനോഹര്‍ ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും സോഷ്യലിസ്റ്റ് പൈതൃകം ഉത്തര്‍പ്രദേശിലെ വിവര ദോഷികളായ ചില യാദവ കുടുംബങ്ങള്‍ക്കു മാത്രമായി വിട്ടുകൊടുക്കേണ്ടതില്ല. അവസരവാദ രാഷ്ട്രീയത്തിലൂടെ കാലുമാറ്റം വഴി അധികാരവും സ്ഥാനമാനങ്ങളും ഉറപ്പിക്കുക ഇതുമാത്രമാണ് തങ്ങളുടെ ജോലി എന്നവര്‍ കരുതുന്നു. അധ്വാനവര്‍ഗ സിദ്ധാന്തം പോലുള്ള അബദ്ധങ്ങള്‍ എഴുന്നള്ളിച്ച് കുടുംബവാഴ്ച അരക്കിട്ടുറപ്പിക്കുന്ന ചില പ്രാദേശിക പാര്‍ട്ടികളുടെ ഏതെങ്കിലും ഒരു കഷ്ണത്തെ കൂടെ നിറുത്തി പോലും താത്കാലിക രാഷ്ട്രീയ വിജയം നേടാമെന്നുള്ള വ്യാമോഹം കമ്മ്യൂണിസ്റ്റുകാര്‍ ഉപേക്ഷിക്കണം.
ഇന്ത്യന്‍ ദേശീയതയുടെ വൈവിധ്യം ഉള്‍ക്കൊള്ളണം. അടിസ്ഥാന ജനവിഭാഗങ്ങളോട് കൂടൂതല്‍ അനുഭാവം കാട്ടണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം സാധ്യമാക്കണം.

വാല്‍കഷ്ണം: “ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നത് പുലയന് തല്ല് കൊള്ളുന്നത് കാണാനിഷ്ടമില്ലാത്തത് കൊണ്ടാണ്”. (എം പി നാരായണപിള്ള). ഇതിന്റെ അര്‍ഥം പുലയന് ആരെയും എവിടെ വെച്ചും തല്ലാം എന്നല്ല.

(9446248581)

---- facebook comment plugin here -----

Latest