Connect with us

National

സര്‍ക്കാറിന്റെ അതിജീവനമല്ല, ഗൂഢാലോചന പുറത്തുകൊണ്ടു വരിക പ്രധാനം: കുമാരസ്വാമി

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ തുലാസിലായ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാറിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ സമ്മേളനം പുരോഗമിക്കുന്നു. സര്‍ക്കാറിനെ ഏതു വിധേനയും നിലനിര്‍ത്താനുള്ള ഇരു കക്ഷികളുടെയും ശ്രമങ്ങളെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പിനു വേണ്ടിയുള്ള നിയമസഭാ സമ്മേളനം നടക്കുന്നത്. വിമത എം എല്‍ എമാരൊന്നും സമ്മേളനത്തിന് എത്തിയിട്ടില്ല. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് ബുധനാഴ്ച കാണാതായ ശ്രീമന്ത് പാട്ടീലും സഭയിലില്ല. അദ്ദേഹം ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എം എല്‍ എ. രാമലിംഗ റെഡ്ഢി സഭയിലെത്തിയതാണ് സഖ്യ സര്‍ക്കാറിന് ഏക ആശ്വാസം.

തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ വിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന് വിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. സര്‍ക്കാറിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ ശ്രമം വിഫലമാകുമെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന മന്ത്രിയുടെ നിര്‍ദേശത്തോടെയുള്ള കുതിരക്കച്ചവടമാണ് ബി ജെ പി നടത്തുന്നത്. ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ ഗൂഢാലോചന ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ട്. സഖ്യം നിലനിര്‍ത്തുന്നതിലും പ്രധാനം ബി ജെ പി നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടു വരിക എന്നതു തന്നെയാണ്.

വിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടിക്കൊണ്ടുപോകാനും ഇങ്ങനെ കിട്ടുന്ന സമയത്തിനുള്ളില്‍ വിമത എം എല്‍ എമാരെ തിരികെയെത്തിച്ച് സര്‍ക്കാറിനെ രക്ഷിച്ചെടുക്കാനുമുള്ള അടവാണ് കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യം പയറ്റുന്നത്. ന്നാല്‍, നീക്കം മുന്‍കൂട്ടി കണ്ട ബി ജെ പി വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന് 13ഉം ജനതാദള്‍ എസില്‍ നിന്ന് മൂന്നുമായി 16 എം എല്‍ എമാര്‍ രാജിവച്ചിട്ടുള്ളതിനാല്‍ വിശ്വാസ വോട്ട് നേടാനുള്ള അംഗബലം സര്‍ക്കാറിനില്ല. ഏഴു പേരെങ്കിലും തിരിച്ചെത്തി രാജി പിന്‍വലിക്കാനും പിന്തുണക്കാനും തയാറായാല്‍ മാത്രമെ സര്‍ക്കാറിനെ നിലനിര്‍ത്താനാകൂ എന്നതാണ് സ്ഥിതി.

എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എം എല്‍ എമാരില്‍ സമ്മര്‍ദം ചെലുത്താനാകില്ലെന്നുള്ള സുപ്രീം കോടതി വിധി ഫലത്തില്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്.