കുല്‍ഭൂഷന്‍ ജാദവ്: സത്യവും നീതിയും വിജയിച്ചെന്ന് മോദി

Posted on: July 17, 2019 11:06 pm | Last updated: July 18, 2019 at 10:31 am

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച കുല്‍ഭൂഷന്‍ ജാദവിന് നീതി ലഭിക്കുക തന്നെ ചെയ്യുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വധശിക്ഷ റദ്ദാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു. സത്യവും നീതിയും ജയിച്ചിരിക്കുകയാണ്. മുഴുവന്‍ ഇന്ത്യക്കാരുടെയും സുരക്ഷക്കു വേണ്ടി സര്‍ക്കാര്‍ നിലകൊള്ളുമെന്നും മോദി പറഞ്ഞു.

ചാരവൃത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാന്‍ കോടതിയുടെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് ഉത്തരവിടുകയായിരുന്നു. പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചതായി കണ്ടെത്തിയ കോടതി, കുല്‍ഭൂഷന്‍ ജാദവിന് കോണ്‍സുലാര്‍ ആക്സസ് നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുല്‍ ഖവി അഹമ്മദ് യൂസുഫാണ് വിധിപ്രസ്താവം വായിച്ചത്. ഇന്ത്യന്‍ സമയം ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് കോടതിയുടെ വിധിന്യായം പുറത്തുവന്നത്. കേസ് പരിഗണിച്ച് ബഞ്ചിലെ 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യക്ക് അനുകൂലമായാണ് നിലപാടെടുത്തത്.