യു പിയില്‍ സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് വെടിവെപ്പ്; ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

Posted on: July 17, 2019 9:02 pm | Last updated: July 18, 2019 at 12:24 am

വാരണാസി: കിഴക്കന്‍ യു പിയില്‍ സോന്‍ഭദ്ര ജില്ലയിലെ അബ്ബ ഗ്രാമത്തില്‍ സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു സ്ത്രീകളുള്‍പ്പടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റു. സംഘടിച്ചെത്തിയ രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഒരുമണിക്കൂറോളം നീണ്ടുനിന്നു. പരുക്കേറ്റവരെ ആദ്യം പ്രദേശത്തെ ഒരു സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഒരു ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. നാടന്‍ തോക്കുകള്‍ക്കു പുറമെ മൂര്‍ച്ചയേറിയ ആയുധങ്ങളും അക്രമത്തിന് ഉപയോഗിച്ചു. ഇരു ഗ്രൂപ്പുകളിലുമായി 100 പേരോളം ഉണ്ടായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ അങ്കിത് കുമാര്‍ അഗര്‍വാള്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.
ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ട് സല്‍മാന്‍ താജ് പാട്ടീലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തെ അപലപിക്കുകയും കൊലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്താനും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഡി ജി പിക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.