ചുവന്ന ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ പതിക്കാത്ത സിഗരറ്റ് വില്‍പ്പന നിരോധിച്ചു

Posted on: July 17, 2019 12:44 pm | Last updated: July 17, 2019 at 12:44 pm

അബുദാബി : ചുവന്ന ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ പതിക്കാത്ത സിഗരറ്റ് പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്‍പ്പന നിരോധിച്ചു. ആഗസ്ത് ഒന്ന് മുതല്‍ റെഡ് ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ പതിക്കാത്ത സിഗരറ്റ് സ്വന്തമാക്കുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി എഫ്ടിഎ മുന്നറിയിപ്പ് നല്‍കി.

ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന മാര്‍കിങ് ടൊബാക്കോ ആന്‍ഡ് ടൊബാക്കോ പ്രൊഡക്ടസ് സ്‌കീം സമയപരിധി ഓഗസ്റ്റ് 1 ന് അവസാനിക്കും. നികുതി വെട്ടിപ്പ് തടയുന്നതിനും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുമാണ് ചുവന്ന ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ പതിക്കുന്നത്. സ്റ്റാമ്പ് പതിച്ചാല്‍ അന്തിമ ഉപഭോക്താവിലേക്ക് എത്തുന്നതുവരെ സിഗരറ്റ് പായ്ക്കുകള്‍ പിന്തുടരാന്‍ കഴിയും. പുകയില, പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ പ്രയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ലംഘനം സംബന്ധിച്ച കാബിനറ്റ് തീരുമാനത്തില്‍ പറഞ്ഞിരിക്കുന്ന പിഴകള്‍ ഒഴിവാക്കുന്നതിനായി യുഎഇയിലെ എല്ലാ സിഗരറ്റ് നിര്‍മ്മാതാക്കള്‍, ഇറക്കുമതിക്കാര്‍, ഡീലര്‍മാര്‍, ഉപഭോക്താക്കള്‍ തീരുമാനം പാലിക്കണമെന്ന് അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. നികുതി വെട്ടിപ്പിനെ ചെറുക്കുന്നതിനൊപ്പം വാണിജ്യപരമായ വഞ്ചനക്കുള്ള ശ്രമങ്ങള്‍ തടയുക, ഉപഭോക്താക്കളെ അവരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് എഫ്ടിഎ വിശദീകരിച്ചു. രണ്ട് തരത്തിലുള്ള ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി വിശദീകരിച്ചു.

അതില്‍ ആദ്യത്തേത് ചുവപ്പ്, പ്രാദേശിക വിപണികളില്‍ വില്‍ക്കുന്ന പുകയില ഉല്‍പന്നങ്ങളുടെ പാക്കേജിംഗിനും അതുപോലെ ഡ്യൂട്ടി ഫ്രീയിലെ ആഗമന ഭാഗങ്ങളില്‍ വില്‍പന നടത്തുന്ന പുകയിലയുടെ പുറത്തും പതിക്കണം. രണ്ടാമത്തേത് പച്ചയാണ് ഇത് ഡ്യൂട്ടി ഫ്രീ യിലെ നിര്‍ഗമന ഭാഗത്ത് വില്‍പ്പന നടത്തുന്ന പുകയില ഉല്‍പ്പന്നങ്ങളില്‍ പതിക്കണം. പുകയില ഉല്‍പന്നങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് യുഎഇയിലുടനീളമുള്ള സാമ്പത്തിക വികസന വകുപ്പിലേയും പ്രാദേശിക കസ്റ്റംസ് വകുപ്പുകളിലെയും ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അതോറിറ്റി പരിശീലന ശില്പശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് എഫ് ടി എ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി എടുത്തുപറഞ്ഞു