യൂണിവേഴ്‌സിറ്റി കോളജ് സംഭവം: കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം സെക്രട്ടറിയേറ്റിനുള്ളിലും

Posted on: July 17, 2019 11:02 am | Last updated: July 17, 2019 at 2:31 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളിലെ കെ എസ് യു പ്രതിഷേധം സെക്രട്ടറിയേറ്റിനുള്ളിലേക്കും. പോലീസിന്റെ സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിന്റെ മതില് ചാടിക്കടന്നാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. . മൂന്ന് വനിതാ പ്രവര്‍ത്തകരാണ് പോലീസ് ഒരുക്കിയ വലിയ സുരക്ഷാ വലയം ഭേദിച്ച് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്. അതിലൊരാള്‍ കെഎ എസ് യു കൊടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി മുദ്രാവാക്യം വിളിച്ചു.

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ട് കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം നടത്തിവരികയാണ്. പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്. രണ്ട് പേരെ സുരക്ഷാ ജീവനക്കാരും പോലീസും പിടികൂടിയെങ്കിലും മൂന്നാമത്തെയാള്‍ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് മുന്നില്‍ വരെ എത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇവര്‍ അകത്ത് കടന്നത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.