സമനില; ഇന്ത്യ ഫൈനൽ കാണാതെ പുറത്ത്

Posted on: July 16, 2019 11:03 pm | Last updated: July 17, 2019 at 12:09 pm


അഹമ്മദാബാദ്: ഇന്റർകോണ്ടിനെന്റെൽ കപ്പ് ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഫൈനൽ കാണാതെ പുറത്ത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ സിറിയയോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇന്ത്യൻ സീനിയർ ടീമിനായി രണ്ടാം മത്സരം മാത്രം കളിക്കുന്ന പതിനെട്ടുകാരൻ നരേന്ദർ ഗെഹ്‌ലോട്ടിലൂടെ ഇന്ത്യയാണ് ആദ്യം സ്‌കോർ ചെയ്തത്. 52ാം മിനുട്ടിലാണ് താരത്തിന്റെ തകർപ്പൻ ഹെഡ്ഡർ ഗോൾ. ഗെഹ്്ലോട്ട് കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 78ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സിറിയൻ ക്യാപ്റ്റൻ ഫിറാസ് അൽഖാത്തിബ് സമനില ഗോൾ നേടി.
ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് സിറിയയ്‌ക്കെതിരായ മത്സരം ചുരുങ്ങിയത് ആറ് ഗോളിനെങ്കിലും ജയിച്ചാലേ, ഫൈനലിനുള്ള നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നുള്ളൂ.
ഒരു ജയം പോലുമില്ലാതെയാണ് ഇന്ത്യ ടൂർണമെന്റ് അവസാനിപ്പിച്ചത്. ആദ്യ മത്സരത്തിൽ തജിക്കിസ്ഥാനോട് 4-2നും രണ്ടാം മത്സരത്തിൽ ഉത്തര കൊറിയയോട് 5-2നും ഇന്ത്യ പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഉത്തര കൊറിയയും തജിക്കിസ്ഥാനും ഏറ്റുമുട്ടും.