Connect with us

Ongoing News

ശാസ്ത്രി തുടരുമോ? ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പുതിയ അപേക്ഷകള്‍ ക്ഷണിച്ച് ബി സി സി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് ഉള്‍പ്പടെയുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫ് സ്ഥാനങ്ങളിലേക്ക് പുതിയ അപേക്ഷകള്‍ ക്ഷണിച്ച് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ). ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലായി നടക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ നിലവിലെ ഹെഡ് കോച്ച് രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കും. അതുപോലെ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അംഗങ്ങളായ ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ തുടങ്ങിയവരുടെ കരാറും അവസാനിക്കാനിരിക്കുകയാണ്. ഇവര്‍ക്കെല്ലാം തത്സ്ഥാനങ്ങളിലേക്ക് പുതിയ അപേക്ഷകള്‍ നല്‍കാവുന്നതാണ്. ഫിസിയോ പാട്രിക് ഫര്‍ഹത്, ട്രെയിനര്‍ ശങ്കര്‍ ബസു എന്നിവര്‍ ലോകകപ്പിനു ശേഷം ഒഴിവായതോടെ ഈ സ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുകയാണ്.

ഇതില്‍ ദേശീയ ടീമിന്റെ ഹെഡ് കോച്ചായി രവിശാസ്ത്രി വീണ്ടും നിയമിതനാകുമോ എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുമ്പ് ടീം ഡയറക്ടറായിരുന്ന ശാസ്ത്രി 2017 ജൂലൈയില്‍ അനില്‍ കുംബ്ലെയില്‍ നിന്നാണ് ഹെഡ് കോച്ച് പദവി ഏറ്റെടുത്തത്. ശാസ്ത്രിയുടെ കാലാവധി അടുത്തിടെ 45 ദിവസത്തേക്ക് നീട്ടിനല്‍കിയിരുന്നു.

ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ക്രിക്കറ്റുമായി ബന്ധപ്പെട്ട ദേശീയ-അന്താരാഷ്ട്ര തലത്തിലെ നിരവധി പ്രമുഖര്‍ അപേക്ഷിക്കുമെന്ന് ഉറപ്പാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവര്‍ അംഗങ്ങളായ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി (സി എ സി) യാണ് ശാസ്ത്രിയെ നിലനിര്‍ത്തണോ അതോ പുതിയ ആളെ കൊണ്ടുവരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

Latest