ആത്മാവ് ഡയറിയെഴുതിയാൽ…

വിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണാനന്തര ജീവിതം യാഥാർഥ്യമായത് കൊണ്ട് തന്നെ ആത്മീയപരമായി സംസ്‌കരിക്കാനും ഈ പുസ്തകത്തിന് സാധിക്കും. പുസ്തകം വായിച്ച് കഴിയുമ്പോൾ സ്വർഗ നരകത്തെ വിശദീകരിക്കുന്ന ഒരു ആത്മീയഭാഷണം കേട്ട പ്രതീതിയാണ് ലഭിക്കുന്നത്.
അതിഥി വായന: മരണപര്യന്തം: റൂഹിന്റെ നാൾമൊഴികൾ ശംസുദ്ദീൻ മുബാറക്
Posted on: July 16, 2019 4:22 pm | Last updated: July 16, 2019 at 4:22 pm

മരണശേഷം എവിടേക്കാണ് പോകുക? എന്താണ് സംഭവിക്കുക? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇസ്‌ലാമിക കാഴ്ചപ്പാടിൽ കണ്ടെത്തുകയാണ് ശംസുദ്ദീൻ മുബാറകിന്റെ “മരണപര്യന്തം: റൂഹിന്റെ നാൾമൊഴികൾ’ എന്ന നോവൽ. മുസ്‌ലിം സമുദായത്തിന്റെ പാരമ്പര്യ വിശ്വാസധാരയെ തെറ്റായി അവതരിപ്പിച്ച് മാർക്കറ്റിംഗ് നേടുക എന്ന സമകാലിക ട്രെൻഡിൽ നിന്ന് മാറി ഇസ്‌ലാമിന്റെ പാരമ്പര്യ വിശ്വാസാനുഷ്ഠാനങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. തുടക്കക്കാരനായ ശംസുദീൻ മുബാറക്കിന്റെ നോവൽ രണ്ടുമൂന്നു മാസത്തിനുള്ളിൽ തന്നെ രണ്ടാം പതിപ്പ് ഇറങ്ങിയത് പുസ്തകത്തിന് ലഭിച്ച സ്വീകാര്യതയെയാണ് കുറിക്കുന്നത്.

ഇതുവരെ വായിക്കപ്പെടാത്തതും പലരും പാതിയിൽ ഉപേക്ഷിച്ചതുമായ പ്രമേയമാണ് നോവലിസ്റ്റ് തിരഞ്ഞെടുത്തത്. പുസ്തകത്തിന്റെ ആദ്യഭാഗത്ത് നോവലിൽ വരുന്ന അറബി പദങ്ങളുടെ വിശദീകരണം കൊടുത്തത് വായനക്കാരന് ഏറെ സഹായമാകും. ജീവിച്ചിരിക്കുന്ന ആരുംതന്നെ അനുഭവിക്കാത്ത ലോകത്തെ നല്ല രീതിയിലാണ് നോവലിസ്റ്റ് അവതരിപ്പിച്ചത്. മരണത്തിന് ശേഷം ആത്മാവ് എഴുതുന്ന ഡയറിയുടെ രൂപത്തിലാണ് നോവലുള്ളത്. ജീവിതത്തിൽ ഒരുപാട് തിന്മകൾ ചെയ്ത ബശീർ എന്ന കഥാപാത്രം നാൽപ്പതാം വയസ്സിൽ, 2015 ആഗസ്റ്റ് 17ന്, രാവിലെ ഭാര്യ വിളിക്കുന്നതിന് കുറച്ചുമുമ്പ് മരിക്കുന്നു. അവിടെ നിന്നാണ് ബശീറെന്ന റൂഹിന്റെ നാൾമൊഴികൾ ആരംഭിക്കുന്നത്. ആദ്യ ഭാഗത്ത് മരണ ശേഷമുള്ള വീട്ടിലെ അവസ്ഥകളും മരണാനന്തര കർമങ്ങളുമൊക്കെ വ്യക്തമായി വിവരിക്കുന്നുണ്ട്. ഖബറിലെത്തിയതിന് ശേഷം അവിടത്തെ വിശേഷങ്ങളും വ്യാഴാഴ്ചകളിൽ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതുമൊക്കെ വിവരിക്കുന്നു. സ്‌കൂളിൽ നിന്ന് മടങ്ങി വരുന്നതിനിടെ അപകടത്തിൽ മരിച്ച ബശീറിന്റെ മകൻ അജ്മലിനെ ഒരു സന്ദർശന ദിവസം കണ്ടുമുട്ടി. ഉപ്പയുടെ അവസ്ഥയെ കുറിച്ചന്വേഷിച്ചപ്പോൾ ബശീർ തന്റെ 12 വർഷത്തെ പ്രവാസ ജീവിത യാഥാർഥ്യം തുറന്നു പറയുന്നു. 2028 ഒക്ടോബർ അഞ്ചിന് സിറിയക്കാരനായ ഇബ്‌നു മുറാദിന്റെ ആത്മാവിനെ കണ്ടുമുട്ടുന്നതോടെ നോവൽ വേറൊരു വഴിയിലേക്ക് സഞ്ചാരം തുടങ്ങുന്നു. ലോകാവസാനത്തിന്റെ അടയാളങ്ങളും അതിന്റെ വരവുമൊക്കെയാണ് പിന്നീട് വ്യക്തമാക്കുന്നത്. 2278 മെയ് പതിമൂന്ന് വെള്ളിയാഴ്ച ദിവസം ലോകാവസാനം സംഭവിക്കുന്നു. ഭയാനക സംഭവത്തെ ഉൾക്കിടിലത്തോടുകൂടി മാത്രമേ വായിക്കാനാകൂ. തുടർന്ന് ലോകം വലിയ കൂരിരുട്ടായി മാറുന്നു. അതോടെ നോവലിന്റെ ഒന്നാം പർവം അവസാനിക്കുന്നു. പുനർജന്മത്തോട് കൂടിയാണ് രണ്ടാം പർവം തുടങ്ങുന്നത്. പുനർജന്മം തൊട്ടുള്ള നാൾമൊഴികൾ 01.01.01 എന്ന പുതിയ ദിവസത്തിലാണ് തുടങ്ങുന്നത്. തുടർന്നങ്ങോട്ട് മഹ്ശറയും വിചാരണയും ഹിസാബും നന്മ തിന്മകളുടെ തൂക്കലും സ്വിറാത്ത് പാലവുമൊക്കെ കടന്നു വരുന്നു. തിന്മയേറെയുള്ള ബശീർ സ്വിറാത്ത് പാലത്തിലേക്ക് കടക്കാൻ ഭയക്കുന്നതും നന്മ കൂടിയവർ വേഗത്തിൽ പാലം കടക്കുന്നതും പറയുന്നിണ്ടിവിടെ. ബശീർ സ്വിറാത്ത് പാലത്തിൽ നിന്നും നരകത്തിലേക്ക് വീഴുന്നു. തുടർന്നങ്ങോട്ട് നരകത്തിന്റെ പ്രത്യേകതകളും ശിക്ഷകളുമാണ് പറയുന്നത്.

നീണ്ട കാലത്തെ നരകശിക്ഷക്ക് ശേഷം ചെറുപ്പത്തിൽ മരിച്ച മകന്റെ ശിപാർശ കാരണമായി 06.02.3013ന് ബശീർ നരകമോചിതനായി സ്വർഗത്തിലേക്ക് പ്രവേശിക്കുന്നു. തുടർന്നങ്ങോട്ട് സ്വർഗത്തിന്റെ സവിശേഷതകളെ വിശദീകരിക്കുന്നു. സ്വർഗീയവാസികൾക്ക് പരസ്പരം സംഗമിക്കാനുള്ള ഒരു വെള്ളിയാഴ്ച ദിവസം ബശീർ തന്റെ കുടുംബത്തെ കണ്ടുമുട്ടുന്നു. അവർക്ക് പരസ്പരം നിരവധി വിശേഷങ്ങൾ അറിയാനുണ്ടായിരുന്നു. അവർ ബശീറിന്റെ കൊട്ടാരത്തിലേക്ക് നീങ്ങുന്നു. അവിടെ നിന്നും പുതിയൊരു ജീവിതം തുടങ്ങുന്നതോടെ നോവൽ അവസാനിക്കുന്നു.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണാനന്തര ജീവിതം യാഥാർഥ്യമായത് കൊണ്ട് തന്നെ ആത്മീയപരമായി സംസ്‌കരിക്കാനും ഈ പുസ്തകത്തിന് സാധിക്കും. പുസ്തകം വായിച്ച് കഴിയുമ്പോൾ ഒരു സ്വർഗ നരകത്തെ വിശദീകരിക്കുന്ന ഒരു വഅള് (ആത്മീയഭാഷണം/ ഉപദേശം) കഴിഞ്ഞിറങ്ങുന്ന പ്രതീതിയാണ് ലഭിച്ചത്. ഡി സി ബുക്‌സ് ആണ് പ്രസാധകർ. വില: 130 രൂപ.

.