ഹവാനയിലെ പള്ളികൾ

വിവ: സ്വാലിഹ് അദനി ആൽപറമ്പ്‌
Posted on: July 16, 2019 4:04 pm | Last updated: July 16, 2019 at 4:05 pm

വർഷം 2009, ഫിദൽ കാസ്‌ട്രോ ജീവിക്കുന്ന കാലം. പരാജയപ്പെടാൻ ഒരുക്കമല്ലാത്ത ഒരു യുഗത്തിന്റെ ചരിത്രത്തിൽ മുങ്ങിയിരിക്കുകയാണ് ആ തെരുവുകളത്രയും. ഒബ്രാപിയയിലെ പ്രധാന നടപ്പാതയിലേക്ക് ഞാൻ പ്രവേശിച്ചു. വിശദ തിരച്ചിലുകൾക്കൊടുവിൽ നേരത്തേ ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തി വെച്ച ഒരേയൊരു പള്ളിയിലേക്കാണ് പാത ചെന്നെത്തുന്നത്. അമേരിക്കൻ സാങ്കേതികവിദ്യക്ക് കീഴിൽ വികസിപ്പിച്ചെടുത്ത ലോകം ഭരിക്കുന്ന ജി പി എസ് സംവിധാനം അവിടെയുണ്ടാകില്ല എന്നത് ക്യൂബ ആയതുകൊണ്ട് ഉറപ്പാണല്ലോ. അതുകൊണ്ട് സ്ഥലം തിരഞ്ഞു കണ്ടെത്താനുള്ള പഴയ സംവിധാനം ഉപയോഗിക്കുകയല്ലാതെ മറ്റു നിവൃത്തിയുണ്ടായിരുന്നില്ല. ഒരു ഭൂപടവും കൈയിൽ വെച്ച് തെരുവുകളിൽ നിന്നും തെരുവുകളിലേക്കുള്ള യാത്ര അക്ഷരാർഥത്തിൽ നല്ല തമാശ തന്നെയായിരുന്നു.

വർഷങ്ങളായി ക്യൂബയോട് വല്ലാത്തൊരു ആകർഷണം എനിക്കുണ്ട്. ക്യൂബയും അവരുടെ വർഷങ്ങൾ പഴക്കമുള്ള കോളനിവിരുദ്ധ നിലപാടുകളുമെല്ലാം വലിയ രീതിയിൽ എന്നെ ആകർഷിച്ചിട്ടുണ്ട്. ക്യൂബയുടെ സന്തതികളായ ഫിഡൽ കാസ്‌ട്രോയും ചെഗുവേരയും എല്ലാമാണല്ലൊ പ്രതിരോധത്തിലൂടെ മറ്റൊരു ലോകം സാധ്യമാണെന്ന് മാലോകർക്ക് കാട്ടിക്കൊടുത്തത്. അവരെ സംബന്ധിച്ചിടത്തോളം സോഷ്യലിസത്തിന്റെ തത്വങ്ങളെല്ലാം തന്നെ ക്യൂബയിൽ വസിക്കുന്ന ജനങ്ങളുടെ പരിവർത്തനത്തിനുള്ളതായിരുന്നു. യഥാർഥത്തിൽ ക്യൂബൻ ജനതക്കിടയിൽ ആഴത്തിൽ അന്തർലീനമായ ഈ ആശയങ്ങളുടെ വേര്, ആയിരക്കണക്കിന് മൈൽ അകലെയുള്ള ആഫ്രിക്കൻ, പ്രത്യേകിച്ച് വടക്കേ ആഫ്രിക്കൻ രാജ്യങ്ങളുടെ ദേശീയബോധത്തിലും കോളനിവിരുദ്ധ നിലപാടുകളിലുമാണെന്ന അറിവ് എനിക്കില്ലായിരുന്നു.

കാസ ദൽ അറബ്

തെരുവുകളിലെ കൊച്ചു കടകൾക്കിടയിൽ ശിരസ്സുയർത്തി നിൽക്കുന്ന പ്രശസ്തമായ ഹോട്ടൽ അംബോസ് മുൻടോസും കടന്ന് മെല്ലെ ഞാൻ നടന്നു നീങ്ങി. ഒരുപാടുകാലം ഏണസ്റ്റ് ഹെമിംഗ്്വേക്ക് താമസമൊരുക്കിയ ഹോട്ടലും അദ്ദേഹത്തിന്റെ ഇഷ്ട ബാറുകളിലൊന്നും കടന്ന് ഭൂപടത്തിൽ കാണിച്ച പള്ളിക്കരികെയെത്തി.

ഹവാനയിലെ മുസ്‌ലിംകൾക്ക് ആരാധിക്കാനുള്ള ഒരേയൊരു ഇടമാണ് കാസ ദൽ അറബ്. അറിഞ്ഞിടത്തോളം ക്യൂബയിലെ തന്നെ ഒരേയൊരു പള്ളിയും ഇതുതന്നെയാണ്. കെട്ടിടത്തിന്റെ മുൻഭാഗത്തുള്ള പടുകൂറ്റൻ വാതിൽ നല്ല മരം കൊണ്ടുണ്ടാക്കിയതാണ്. വൃത്തിയായി പോളിഷും ചെയ്തിട്ടുണ്ട്. വാതിലിന്റെ അടുത്തിരിക്കുന്ന സെക്യൂരിറ്റിയോട് ചെറുതായി ഒന്ന് തലയാട്ടി അനുവാദം ചോദിച്ചു. പോലീസ് വേഷം ധരിച്ച് വൃദ്ധയായ സ്ത്രീ ചെറു പുഞ്ചിരിയോടെ എന്നെ അകത്തേക്ക് കയറ്റിവിട്ടു. 1940കളിൽ ജീവിച്ച ധനിക അറബി വ്യാപാരികയുടെ സ്വന്തം വീടായിരുന്നു കാസ. ശേഷമിത് നയതന്ത്ര പ്രതിനിധികൾക്കും സന്ദർശകർക്കുമെല്ലാം ആരാധനാ സൗകര്യം നൽകുന്ന പള്ളിയായി മാറി. പക്ഷേ അപ്പോഴും ക്യൂബൻ മുസ്‌ലിംകൾ പള്ളിയിൽ കയറി ആരാധിക്കാനും മറ്റും വിലക്കപ്പെട്ടവരായിരുന്നു. 1959ലെ കമ്യൂണിസ്റ്റ് വിപ്ലവത്തെ തുടർന്നുണ്ടായ മത വിശ്വാസ നിരോധങ്ങളിലൂടെ വിശ്വാസം എന്നത് തീർത്തും രഹസ്യമാക്കി വെക്കാൻ നാട്ടുകാർ നിർബന്ധിതരായി. എൺപതുകളോടെ ഈയവസ്ഥയിൽ ചെറിയ അയവുകളുണ്ടായി. കത്തോലിക്കാ ക്രിസ്ത്യാനികൾക്കും സാന്താറിയാ വിഭാഗത്തിനും സ്വതന്ത്രമായി ആരാധിക്കാനുള്ള അവകാശം നൽകിക്കൊണ്ട് ആദ്യമായി ക്യൂബ ചരിത്രം തിരുത്തി. ഈയിടെ മുസ്‌ലിംകളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. ഏകദേശം പതിനായിരത്തിലധികം മുസ്്ലിംകൾ, ഇതിൽ ഭൂരിഭാഗം പാക്കിസ്ഥാനി വിദ്യാർഥികളുമായുള്ള സൗഹൃദത്തിലൂടെ പുതുമുസ്്ലിംകളായവരാണ്.

കാസ ദൽ അറബിൽ കുറച്ചുനേരം ഞാൻ ചെലവഴിച്ചു. മൊറോക്കോയിലെല്ലാം കാണും പോലെയുള്ള സൗന്ദര്യമുള്ള ഒരു എടുപ്പ്. പഴയകാല സ്പാനിഷ് കോളനികളിൽ ഒന്നായ ക്യൂബയിലെ കെട്ടിടങ്ങളിൽ മൂറിഷ് വാസ്തുവിദ്യയുടെ സ്വാധീനം വലിയ കാര്യമൊന്നുമല്ല. പക്ഷേ കാസയെ വ്യത്യാസപ്പെടുത്തുന്നത് അതിന്റെ മൊറോക്കൻ ശൈലിയാണ്. മുറ്റത്തിന്റെ സൗന്ദര്യമാസ്വദിച്ച് അങ്ങനെ നിൽക്കുമ്പോഴാണ് എങ്ങുനിന്നോ ഒരു മയിൽ പ്രത്യക്ഷപ്പെടുന്നത്. ആശ്ചര്യനായ സഞ്ചാരി തന്നെ ഫോട്ടോയെടുക്കുന്നതിനെ പറ്റിയൊന്നും അതിന് യാതൊരു കൂസലുമുണ്ടായിരുന്നില്ല. അഭിമാനത്തോടെ ശിരസ്സുയർത്തി അങ്ങനെ നിന്നു മയിൽ. താഴെ നിലയിൽ നിന്നും മെല്ലെ ഒന്നാമത്തെയും രണ്ടാമത്തെയും നിലകളിൽ കയറിനോക്കി. പതിറ്റാണ്ടുകളായി ഇവയൊന്നും ഉപയോഗിക്കപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു. തറയും ഫർണിച്ചറുമെല്ലാം വൃത്തിയായി കിടക്കുന്നുണ്ടെങ്കിലും ശൂന്യമായൊരിടത്ത് മാത്രം ഉണ്ടാകുന്ന വായു അവിടെ എല്ലായിടത്തും പ്രകടമായിരുന്നു. മരത്തിൽ നിർമിച്ച ഭംഗിയുള്ള മിമ്പറിന് അടുത്ത് ഒരാൾക്ക് നിസ്‌കരിക്കാൻ പാകത്തിൽ മുസ്വല്ല നിവർത്തിയിട്ട് കാണാനുണ്ട.് യാത്രയിലെ പ്രത്യേക നിസ്‌കാരം മാത്രമേ ഞാൻ അവിടുന്ന് നിർവഹിച്ചുള്ളൂ. കുറച്ചുനേരം കൂടി കാസയും പരിസരവും ഒന്നാകെ നിരീക്ഷിച്ചു. മടങ്ങുന്നതിനു മുമ്പ് പള്ളിയുടെ സംരക്ഷകൻ എന്ന് തോന്നിക്കുന്ന ഒരാളെ കൂടി കണ്ടു. വെള്ളിയാഴ്ചകളിലെ ജുമുഅ മാത്രമാണത്രേ എല്ലാവരും പള്ളിയിൽ വരുന്ന ഒരേയൊരു സന്ദർഭം. ഇമാമിനെയും പ്രദേശവാസികളായ മുസ്്ലിംകളെയും കാണണമെങ്കിൽ വെള്ളിയാഴ്ച വരേണ്ടി വരുമെന്ന് അയാൾ എന്നെ ഉപദേശിച്ചു. പക്ഷേ എന്തുചെയ്യും വെള്ളിയാഴ്ചക്ക് മുന്നേ ഹവാന വിടണമല്ലോ…

അടുത്ത രണ്ടാഴ്ചയത്രയും ബസിലായിരുന്നു യാത്ര. തെക്കൻ ക്യൂബ മുഴുവൻ സന്ദർശിച്ചു. മൂറിഷ് സ്വാധീനമുള്ള വാസ്തുകലകൾ ഒരുപാടുണ്ട് അവിടെയെല്ലാം. 1913- 17 കാലത്ത് ഇറ്റാലിയൻ വാസ്തുശിൽപ്പി ആൽഫ്രെഡോ രൂപകല്പന ചെയ്ത ദെ വെല്ലെ പാലസ് കൊർദോവയുടെയും ഗ്രാനഡയുടെയും തനി പകർപ്പാണ.് പാലസിലെ തൂണുകളിൽ അത്രയും തിരശ്ചീനമായി അറബി കാലിഗ്രഫി പോലുള്ളവ വരച്ചുവെച്ചിട്ടുണ്ട്. അർഥമറിയാതെ എന്തൊക്കെയോയാണ് വരച്ചു കുറിച്ചതെങ്കിലും കണ്ടാൽ അറബി കാലിഗ്രഫി ആണെന്ന് തോന്നിക്കുന്നുണ്ട.്
ക്യൂബ വിട്ടുപോകുന്നതിന് തലേന്നുവരെ വിശാലമായ പുകയില തോട്ടങ്ങളിലൂടെയും മാവിൻ തോട്ടങ്ങളിലൂടെയുമായിരുന്നു സഞ്ചാരം. ചെ- കാസ്‌ട്രോമാരുടെ ഗറില്ലാ യുദ്ധമുറ തുടങ്ങിയ പർവതങ്ങളുടെ ഉയർച്ച താഴ്ചകളിലൂടെ ദിവസങ്ങളോളം ഞാൻ കറങ്ങി. ഇടക്ക് ഒരു ഗ്രാമീണനെ പരിചയപ്പെട്ട് ഫോൺ നമ്പറെല്ലാം കൈമാറിയിരുന്നു. ഇനിയെപ്പോഴെങ്കിലും ക്യൂബയിൽ എത്തിയാൽ വിളിക്കാൻ മറക്കരുത് എന്ന് സ്‌നേഹത്തോടെ ഓർമിപ്പിച്ചു. പാരമ്പര്യമായി അറബ് കുടുംബത്തിൽ ജനിച്ച അദ്ദേഹം തിരിച്ചു വരുമ്പോൾ സലാം പറഞ്ഞ് ഹസ്തദാനം ചെയ്തതിൽ വലിയ സന്തോഷം തോന്നി.

ക്യൂബയിൽ രണ്ടാമതും

ഏകദേശം പത്ത് വർഷത്തിന് ശേഷമാണ് പിന്നീട് ഞാൻ ക്യൂബയിലെത്തുന്നത്. പക്ഷേ ഇത്തവണ യാത്ര ഹ്രസ്വമായിരുന്നു. കരീബിയൻ മേഖലയിലൂടെയെല്ലൊം നടത്തുന്ന യാത്രയിൽ ഒരു ചെറിയ പ്രദേശം മാത്രമാണ് ഇപ്പോൾ ഹവാന. നഗരം ആകെ മാറിയിട്ടുണ്ട്. എല്ലായിടത്തും വിദേശ മുഖങ്ങൾ കാണുന്നുണ്ട്. കൂടുതലും യൂറോപ്യരാണ്. മറ്റൊരു പ്രധാന വ്യത്യാസം ഇന്റർനെറ്റ് സൗകര്യമാണ്‌
എന്റെ ആദ്യ യാത്രയിൽ പരിമിത ഇന്റർനെറ്റ് സൗകര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ ഹോട്ടലുകളിൽ മാത്രം ലഭ്യമായവ. എന്നാൽ ഇപ്പോൾ വൈഫൈ സൗകര്യം ലഭ്യമാണ്. വിദേശീയർക്കും സ്വദേശീയർക്കും മികച്ച സൗകര്യം. പക്ഷേ ഒരു പ്രശ്‌നം ബാക്കിയുണ്ട.് ഹോട്ടലിനുള്ളിലോ തൊട്ടടുത്തോ നിന്നാൽ മാത്രമേ കണക്ഷൻ സുഗമമായി ലഭിക്കുന്നുള്ളൂ. ഇതുകാരണം ഹോട്ടലുകളുടെ പരിസരമെല്ലാം മുഖം കുനിച്ചിരിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടം കീഴടക്കിയിരിക്കുകയാണ്. 30 മിനുട്ടിന് നാല് യൂറോയാണ് ചാർജ് ഈടാക്കുന്നത്. ഈ സ്മാർട്ട് ഫോണും നെറ്റ് കണക്ഷനും എല്ലാം കളഞ്ഞ് ചിന്തയിൽ മുഴുകിയാൽ തൊണ്ണൂറുകളിലെക്ക് മടങ്ങിയതിന് സമാനമായ അനുഭൂതി കിട്ടും എന്നാണ് ഞാൻ വിചാരിക്കുന്നത്. വർഷങ്ങൾ അനവധി കഴിഞ്ഞെങ്കിലും പള്ളിയിലേക്കുള്ള വഴി കൃത്യമായി എനിക്കിപ്പോഴും ഓർമയുണ്ട.് മരങ്ങളിൽ നിർമിച്ച കൂറ്റൻ വാതിലുകളും പള്ളിമുറ്റത്തെ മയിലും എല്ലാം ഇന്നലെയെന്ന പോലെ മനസ്സിൽ കിടപ്പുണ്ട്. ആൾക്കൂട്ടങ്ങൾക്കിടയിലൂടെ മറ്റൊരു ആൾക്കൂട്ടത്തെ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലുള്ള ബുക്ക് ഫെയറും പിന്നിട്ട് നേരെ ഒബ്രാപിയോ സ്ട്രീറ്റിലേക്ക് കടന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ കണ്ട കാസ പൂർവപ്രൗഢിയോടെ നിൽക്കുന്നു. പക്ഷേ പുഞ്ചിരിക്കാൻ ഇത്തവണ അവിടെ സെക്യൂരിറ്റി ഉണ്ടായിരുന്നില്ല. പോളിഷ് ചെയ്ത വാതിലുകൾ അടക്കുകയും ചെയ്തിരിക്കുന്നു. ഹവാനയിലെ സ്വർഗമായി ഞാൻ പരിണയിച്ച ചെറിയ വീട് ഇപ്പോൾ ലോകർക്ക് മുമ്പിൽ അടച്ചിട്ടിരിക്കുകയാണ്. നിരാശയോടെ തിരിച്ചു പോരാൻ നിൽക്കുമ്പോഴാണാ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്.
പുതിയൊരു പള്ളി, അതേ പുതിയ വലിയൊരു പള്ളി എന്നെ നോക്കി ചിരിക്കുന്നു. മെസ്‌കിറ്റ അബ്‌ദെല്ല എന്ന് വൃത്തിയിൽ നാമകരണം ചെയ്തിരിക്കുന്നു. തുർക്കി സർക്കാറിന്റെ നിരന്തര ശ്രമങ്ങൾക്കൊടുവിൽ അവർ തന്നെ ഫണ്ട് എടുത്ത് നിർമിച്ച പള്ളിയാണിത്. വലിയൊരു ഹാളിലേക്കാണ് നേരെ കയറിച്ചെല്ലുന്നത്. ചുമരുകളെല്ലാം കറുത്ത അക്ഷരങ്ങളിൽ പൊതിഞ്ഞ കാലിഗ്രഫിയുണ്ട്. നിലത്ത് ഭംഗിയുള്ള പരവതാനി വിരിച്ചിട്ടുണ്ട്. അതിലെ പച്ചപ്പുള്ളികളും ഭംഗിയിൽ അലങ്കരിച്ച മിഅ്‌റാബും ശ്രദ്ധയാകർഷിക്കുന്നതാണ.് ഖുർആന്റെ അറബി- സ്പാനിഷ് ഭാഷകളിലെ കോപ്പികൾ അവിടെയുണ്ടായിരുന്നു. വെള്ളിയാഴ്ച അല്ലാതിരുന്നിട്ടും പള്ളിക്കകത്ത് അവിടവിടെ ആളുകളുണ്ട്. അക്കൂട്ടത്തിൽ രണ്ട് പേരെ ഞാൻ പരിചയപ്പെട്ടു. ഒന്നാമൻ ജോർദാൻ വിദ്യാർഥിയാണ.് മറ്റേയാൾ ആവട്ടെ കരീബിയൻ ദ്വീപിലൂടെ സഞ്ചാരം നടത്തുന്നവരുടെ സംഘത്തിൽ പെട്ട ബോസ്‌നിയക്കാരിയും.

വെള്ളിയാഴ്ച ദിവസം ഞാൻ പള്ളിയിൽ വീണ്ടുമെത്തി. ആകെ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. അറബികൾ, വടക്കേ ആഫ്രിക്കക്കാർ, ഇന്ത്യക്കാർ എല്ലാവരുമുണ്ട്. കൂടാതെ ക്യൂബക്കാർക്കും ഇത്തവണ സ്വന്തം നാട്ടിൽ നിസ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്. മണിക്കൂറുകൾ താണ്ടിയാണ് ഇവരിൽ പലരും ജുമുഅക്ക് എത്തുന്നതും ഒരുമിച്ച് മുസ്്ലിം സമൂഹത്തിന് ഐക്യം അറിയിക്കുന്നതും. യഥാർഥത്തിൽ ഈ കാഴ്ച എന്നെ അത്യധികം സന്തോഷിപ്പിച്ചു. വർഷങ്ങൾക്കു മുമ്പ് ഹവാനയിലെ പള്ളിയിൽ ഒറ്റക്ക് പ്രാർഥന നിർവഹിച്ചത് ഞാൻ സങ്കടത്തോടെ ഓർത്തു. കാസയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പുതിയ പള്ളി. മുഴുസമയവും തുറന്നു കിടപ്പുണ്ടാകും. അഞ്ചുനേരം കൃത്യമായി ലൗഡ് സ്പീക്കറിൽ മനോഹരമായ വാങ്ക് കൊടുക്കുന്നുമുണ്ട്. ജുമുഅ നിസ്‌കരിച്ച ശേഷം നഗരത്തിൽ ഒരേയൊരിടത്ത് മാത്രം കിട്ടുന്ന ഹലാൽ ഭക്ഷണവും കഴിച്ച് ഇരിക്കെ ഒരു പുതുമുസ്‌ലിമിനെ കൂടി പരിചയപ്പെട്ടു. പേര് അബ്ദുല്ല. നേരത്തേ അയാളൊരു ടൂറിസ്റ്റ് റിസോർട്ടിലെ ഡാൻസറായിരുന്നു. ജുമുഅയും ഹലാൽ ഭക്ഷണവും കൂട്ടുകാരനും എല്ലാംകൂടി ഇസ്‌ലാം ലോകത്തിന് മുഴുവൻ മുക്കുമൂലകളിലും നിലനിൽക്കുന്നുവെന്ന സന്തോഷം എന്നിലേക്ക് ആവാഹിച്ചു. ഒരു സംശയം കൂടി ബാക്കിയുണ്ട്. കാസക്ക് എന്തുപറ്റി? വെള്ളിയാഴ്ച ദിവസം അതിന്റെ വാതിലുകൾ എല്ലാം തുറന്നു കിടപ്പുണ്ടായിരുന്നു. ഉള്ളിലെ മുറികൾക്കും ചുവരിലും ഒരുമാറ്റവുമില്ല, മയിലിനെ അവിടെയെങ്ങും കണ്ടതുമില്ല. കുറച്ചുദിവസം കഴിഞ്ഞ് ഞാൻ ക്യൂബയിൽ നിന്നും മടങ്ങി. രണ്ടാമത്തെ വരവാണ്. ഇനിയൊരു വരവിന് കൂടി സാധ്യതയുണ്ട്. പത്ത് വർഷം മുമ്പ് എനിക്ക് നമ്പർ കൈമാറിയ അപരിചിതനായ ക്യൂബൻ സുഹൃത്തിനെ കാണണമല്ലോ…

അഫഖ് അലി
വിവ: സ്വാലിഹ് അദനി ആൽപറമ്പ്‌
[email protected]