Connect with us

Editorial

'ക്വിറ്റ് ഇ വി എം' പ്രക്ഷോഭം

Published

|

Last Updated

തിരഞ്ഞെടുപ്പുകളില്‍ വോട്ടുയന്ത്രം മാറ്റി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ് രാജ്യത്ത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഓര്‍മ പുതുക്കുന്ന ആഗസ്റ്റ് ഒമ്പതിന് “ക്വിറ്റ് ഇ വി എം” ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡല്‍ഹിയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം. അന്ന് “വോട്ടിംഗ് യന്ത്രം ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ” എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കാനാണ് തീരുമാനം. 2019ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ശബ്‌നം ഹാഷ്മിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിറ്റ്യൂഷന്‍ ഹാളില്‍ പൗരാവകാശ, രാഷ്ട്രീയ കൂട്ടായ്മ സംഘടിപ്പിച്ചത്.

പൊതു തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ എണ്ണുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയിലെ പല മണ്ഡലങ്ങളില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിയത്, 373 മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളും വോട്ടിംഗ് യന്ത്രത്തില്‍ കാണിച്ച വോട്ടുകളും തമ്മിലുള്ള ഭീമമായ വ്യത്യാസം, വോട്ടുയന്ത്രം കൈകാര്യം ചെയ്യാന്‍ സ്വകാര്യ മേഖലയിലെ കണ്‍സള്‍ട്ടന്റുമാരെ നിയോഗിച്ചത്, വോട്ടുയന്ത്രങ്ങളുടെ പ്രവര്‍ത്തനം ജി പി എസ് ട്രാക്കിംഗിന് വിധേയമല്ലെന്ന വോട്ടുയന്ത്ര നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും വെളിപ്പെടുത്തല്‍ (ജി പി എസ് ട്രാക്കിംഗിന് വിധേയമാണെന്നായിരുന്നു തിര. കമ്മീഷന്റെ അവകാശ വാദം), വോട്ടിംഗ് യന്ത്രങ്ങളില്‍ ഒന്നിലേറെ തവണ പ്രോഗ്രാം ചെയ്യാനും തിരുത്തല്‍ വരുത്താനും കഴിയുമെന്ന വിവരാവകാശ മറുപടി (അങ്ങനെ കഴിയില്ലെന്നായിരുന്നു കമ്മീഷന്‍ പറഞ്ഞത്), രാജ്യത്തെ 19 ലക്ഷത്തോളം വോട്ടിംഗ് യന്ത്രങ്ങള്‍ കാണാനില്ലെന്ന ഫ്രണ്ട് ലൈന്‍ റിപ്പോര്‍ട്ട് തുടങ്ങി ഇ വി എമ്മിന്റെ വിശ്വാസ്യതക്ക് നേരെ വിരല്‍ ചൂണ്ടുന്ന കാര്യങ്ങള്‍ നിരവധിയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്‌സില്‍ നിന്നും ഇലക്ട്രോണിക് കോര്‍പറേഷനില്‍ നിന്നുമാണ് തിര. കമ്മീഷന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങിയത്. ഭാരത് ഇലക്ട്രോണിക്‌സില്‍ നിന്ന് 19,69,932 യന്ത്രങ്ങള്‍ വിതരണം ചെയ്തതായി കമ്പനി കണക്കുകള്‍ പറയുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ ഇത് 10,05,662 മാത്രമാണ്. ഇലക്ട്രോണിക് കോര്‍പറേഷനില്‍ നിന്ന് 19,44,593 യന്ത്രങ്ങള്‍ കണക്ക് പ്രകാരം വാങ്ങിയപ്പോള്‍ കമ്മീഷന്റെ കണക്കില്‍ ഇത് 10,14,644 എണ്ണമേയുള്ളു. 19 ലക്ഷത്തോളം വോട്ടിംഗ് യന്ത്രങ്ങള്‍ എവിടെ പോയി? ഈ അപ്രത്യക്ഷമായ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ മുഴുവന്‍ തിരഞ്ഞെടുപ്പ് ഫലത്തെയും അട്ടിമറിക്കാന്‍ സാധിക്കും.

സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതും തിരിച്ചു വാങ്ങിയതുമായുള്ള യന്ത്രങ്ങളുടെയും കേടുവന്ന യന്ത്രങ്ങളുടെയും കാലാവധി കഴിഞ്ഞതിന്റെയും കൃത്യമായ കണക്കുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം ഇല്ല. സുതാര്യത ഉറപ്പില്ലാത്തതിനാല്‍ കടലാസുരഹിത വോട്ടിംഗ് യന്ത്രങ്ങളുടെ വില്‍പ്പന നിര്‍ത്തിവെക്കാനുള്ള അമേരിക്കയിലെ ഏറ്റവും വലിയ വോട്ടിംഗ് യന്ത്ര നിര്‍മാതാക്കളായ ഇലക്ഷന്‍ സിസ്റ്റം ആന്‍ഡ് സോഫ്റ്റ് കമ്പനി (ഇ എസ് ആന്‍ഡ് എസ്)യുടെ തീരുമാനവും, ഇ വി എമ്മുകള്‍ ഹാക്ക് ചെയ്യാനാകുമെന്ന ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധരുടെ വെളിപ്പെടുത്തലും രാജ്യത്തെ വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് ഉയര്‍ന്ന സന്ദേഹങ്ങള്‍ക്ക് ബലമേകുന്നു. മുന്‍രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നതായുള്ള വാര്‍ത്തകളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

വോട്ടുയന്ത്രം മാറ്റി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് ഇതിനിടെ രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കൂട്ടായ്മയും ആവശ്യപ്പെട്ടിരുന്നു. വികസിത രാജ്യങ്ങള്‍ വോട്ടുയന്ത്രങ്ങള്‍ ഉപേക്ഷിച്ച കാര്യം കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സഭയില്‍ ചൂണ്ടിക്കാട്ടി. വോട്ടുയന്ത്രത്തില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് സെറ്റ് ചെയ്ത എന്‍ജിനീയര്‍ക്ക് മാത്രമേ അറിയൂ. സോഴ്‌സ് കോഡ് എന്താണെന്നോ പ്രോഗ്രാം എന്താണെന്നോ മറ്റാര്‍ക്കുമറിയില്ല. ഇ സി എല്ലിന്റെയും ഭാരത് ഇലക്ട്രോണിക്‌സിന്റെയും എന്‍ജിനീയര്‍മാര്‍ ഔട്ട് സോഴ്‌സ് വഴിയാണ് അത് നടത്തുന്നത്. അവര്‍ അത് ഏത് രീതിയില്‍ കൈകാര്യം ചെയ്യുന്നുവെന്ന് തിര. കമ്മീഷന് പോലും അറിയില്ലെന്നിരിക്കെ അതെങ്ങനെ വിശ്വസിക്കാനാകുമെന്ന് കപില്‍ സിബല്‍ ചോദിക്കുന്നു.

ജനാധിപത്യ പ്രക്രിയയിലെ സുപ്രധാനമായ ഒരു ഘടകമാണ് തിരഞ്ഞെടുപ്പ്. അത് നിഷ്പക്ഷവും സുതാര്യവുമായെങ്കില്‍ മാത്രമേ രാജ്യത്ത് അര്‍ഥപൂര്‍ണമായ ജനാധിപത്യം പുലരുകയുള്ളൂ. തിരഞ്ഞെടുപ്പ് യന്ത്രത്തിന്റെ വിശ്വാസ്യതയില്‍ സന്ദേഹം ഉടലെടുത്താല്‍ അത് പരിഹരിക്കാന്‍ തിര. കമ്മീഷനും ഭരണകൂടത്തിനും കോടതികള്‍ക്കും ബാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമം സാധ്യമാണെന്ന് സാങ്കേതിക വിദഗ്ധരും ഇ വി എം നിര്‍മാതാക്കള്‍ പോലും തുറന്നു സമ്മതിച്ച സാഹചര്യത്തില്‍, ഈ സംവിധാനം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് മടങ്ങുകയാണ് അതിനുള്ള പരിഹാരം. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബി ജെ പി മാത്രമാണ് വോട്ടിംഗ് യന്ത്രത്തെ അനുകൂലിച്ച് രംഗത്തുള്ളത്. നേരത്തെ പ്രതിപക്ഷത്തായിരുന്ന കാലത്ത് ഇവര്‍ പുസ്തകമെഴുതി പോലും വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രചാരണം നടത്തിയിരുന്നുവെന്ന കാര്യം വിസ്മരിക്കരുത്. ക്വിറ്റ് ഇന്ത്യ ദിനത്തില്‍ നടക്കാനിരിക്കുന്ന “ക്വിറ്റ് ഇ വി എം” പ്രക്ഷോഭം എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അര്‍ഹിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest