പുതുക്കിയ ഫാമിലി സ്പോണ്‍സര്‍ഷിപ് നിയമം പ്രാബല്യത്തില്‍

Posted on: July 15, 2019 8:25 pm | Last updated: July 15, 2019 at 8:25 pm

ദുബൈ: യു എ ഇയില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള പരിഷ്‌കരിച്ച നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐ സി എ) അറിയിച്ചതാണിക്കാര്യം. രാജ്യത്തെ പ്രവാസികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയമം ഈ വര്‍ഷം ആദ്യത്തില്‍ ഭേദഗതി ചെയ്ത് യു എ ഇ ക്യാബിനറ്റ് ഉത്തരവിറക്കിയിരുന്നു. തൊഴില്‍ ഏതെന്ന് കണക്കിലെടുക്കേണ്ട ആവശ്യമില്ലെന്നും 4,000 ദിര്‍ഹം വരുമാനമുള്ള ആര്‍ക്കും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാമെന്നുമുള്ള പരിഷ്‌കരണമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.

പരിഷ്‌കരിച്ച നിയമമനുസരിച്ച് കുടുംബങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് തൊഴില്‍ ഏതെന്നത് വിഷയമാകില്ല. മറിച്ച് ശമ്പളം മാത്രമാണ് പരിഗണിക്കുക. ഒന്നുകില്‍ 4000മോ അതിലധികമോ ശമ്പളമുണ്ടാവുകയോ അല്ലെങ്കില്‍ 3,000 ശമ്പളത്തിനൊപ്പം കമ്പനി വക താമസ സൌകര്യവുമുള്ള ഏതൊരു പ്രവാസിക്കും തന്റെ ഇണയേയും 18 വയസുവരെയുള്ള ആണ്‍കുട്ടികളെയും അവിവാഹിതകളായ പെണ്‍കുട്ടികളെയും സ്‌പോണ്‍സര്‍ ചെയ്യാം. നേരത്തെ ശമ്പളം എത്രയുണ്ടെങ്കിലും ചില പ്രത്യേക തസ്തികയിലുള്ളവര്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ഈ നിയമമാണ് ഇയ്യിടെ യു എ ഇ മന്ത്രിസഭ പരിഷ്‌കരിച്ചത്.

വിസ ലഭിക്കുന്നതിന് കുടുംബത്തിലെ എല്ലാവര്‍ക്കും ഹെല്‍ത് ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കണം. രാജ്യത്തെ ജന സംഖ്യാ രജിസ്ട്രേഷന്‍ ലഭ്യമാക്കുന്നതിനായി എമിറേറ്റ്‌സ് ഐഡിക്കായി അപേക്ഷിക്കുന്നതാണ് അടുത്ത രീതി. അറബിയിലേക്ക് തര്‍ജമ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, സാലറി സര്‍ട്ടിഫിക്കറ്റ് (സ്വകാര്യ മേഖലാ ജീവനക്കാര്‍) സാലറി കൈമാറ്റം ചെയ്യുന്നത് തെളിയിക്കുന്ന ബേങ്ക് സ്റ്റേറ്റ്‌മെന്റ്, പൊതു മേഖലയിലെ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ കരാര്‍ എന്നിവയും ഉള്‍പെടുത്തിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. സ്ത്രീയാണ് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ ഭര്‍ത്താവിന്റെ സമ്മത പത്രവും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സാക്ഷ്യപത്രവും സമര്‍പിക്കേണ്ടതുണ്ട്.

രാജ്യത്തെ പ്രവാസികള്‍ക്ക് മികച്ച രീതിയിലുള്ള ജീവിത രീതി ഒരുക്കുന്നതിനും സംതൃപ്തി വര്‍ധിപ്പിച്ച് ക്രിയാത്മകമായ സംഭാവനകളിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടന കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. കൂടുതല്‍ വിദഗ്ധരായ തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് ലോകത്തെ ഏറ്റവും സംതൃപ്തിയേറിയ രാജ്യമാക്കി യു എ ഇയെ പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് മന്ത്രിസഭാ തീരുമാനമെന്ന് ഐ സി എക്ക് കീഴിലെ ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് പോര്‍ട്‌സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകന്‍ അല്‍ റശ്ദി പറഞ്ഞു.