Connect with us

Gulf

ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്: ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് ഇന്ത്യയില്‍ നിന്നും

Published

|

Last Updated

അബുദാബി : സഹിഷ്ണുത വര്‍ഷത്തില്‍ ആദ്യ പകുതിയില്‍ 40 ലക്ഷം സന്ദര്‍ശകര്‍ അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശിച്ചു. ഇസ്‌ലാമിന്റെ പ്രതീകമായ സമാധാനം, സഹിഷ്ണുത, വൈവിധ്യം എന്നിവയുടെ സന്ദേശമാണ് ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്. സഹിഷ്ണുതയുടെ ആദ്യ പകുതിയില്‍ 249 ദേശങ്ങളില്‍ നിന്നുള്ള 4,480,000 സന്ദര്‍ശകരാണ് ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശിച്ചത് എന്ന് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്റര്‍ പുറത്തുവിട്ട അര്‍ദ്ധ വാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സന്ദര്‍ശകരില്‍ 967,150 ആരാധകര്‍ ഉണ്ടായിരുന്നു.

സന്ദര്‍ശകരുടെ പട്ടികയില്‍ ഏഷ്യയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്, പത്ത് ലക്ഷം സന്ദര്‍ശകരാണ് ഏഷ്യയില്‍ നിന്നും എത്തിയത് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പില്‍ നിന്നും 623,000,വടക്കേ അമേരിക്കയില്‍ നിന്നും 95,000, ആഫ്രിക്കയില്‍ നിന്നും 53,000, തെക്കേ അമേരിക്കയില്‍ നിന്നും 49,000, ഓസ്‌ട്രേലിയ 25,000, അന്റാര്‍ട്ടിക്കയില്‍ നിന്നും 2,178 സന്ദര്‍ശകരെത്തി. ദേശീയത അനുസരിച്ച്, സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്. 392,246 സന്ദര്‍ശകരാണ് എത്തിയത്. തൊട്ട് പിന്നില്‍ ചൈന 335,530, റഷ്യ 116,467, ജര്‍മ്മനി 102,285, ഫ്രാന്‍സ് 74,606, യുകെ 63,676, അമേരിക്ക 60,209, പാക്കിസ്ഥാന്‍ 57,185, ഇറ്റലി 44,787, ഫിലിപ്പീന്‍സ് 43,229 എന്നിവയാണ്. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് മാര്‍ച്ചിലാണ്. 511,227 സന്ദര്‍ശകരാണ് എത്തിയത്. ജനുവരി മുതല്‍ ജൂണ്‍ വരെ പള്ളി സന്ദര്‍ശിച്ചവരില്‍ 82 ശതമാനം വിനോദസഞ്ചാരികളും 18 ശതമാനം താമസക്കാരുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. സന്ദര്‍ശകരില്‍ ഏറ്റവും കൂടുതല്‍ എത്തുന്നത് സ്ത്രീകളാണ്. മൊത്തം കണക്കുകളില്‍ 53 ശതമാനം. ഭൂരിഭാഗം സന്ദര്‍ശകരും 46 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരാണ്, ഇത് സന്ദര്‍ശകരില്‍ 31 ശതമാനം വരും. വിശുദ്ധ റമദാന്‍ മാസത്തില്‍ 890,000 സന്ദര്‍ശകര്‍ പള്ളിയുടെ ശീതികരിച്ച കൂടാരങ്ങളില്‍ ഇഫ്താറിനെത്തി. വര്‍ഷത്തിലെ ആദ്യ ആറുമാസങ്ങളില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് സെന്റര്‍ 1,726 സൗജന്യ ഗൈഡഡ് സാംസകാരിക ടൂറുകള്‍ നടത്തി. വാസ്തുവിദ്യയുടെയും ഇസ്ലാമിക സംസ്‌കാരത്തിന്റെയും വിവിധ ഘടകങ്ങള്‍ വിശദീകരിക്കുന്നതിന് സന്ദര്‍ശകരെയും പൊതുജനങ്ങളെയും പള്ളിക്ക് ചുറ്റും കൊണ്ടുപോകുന്നതാണ് ടൂര്‍. ഔദ്യോഗിക ഗൈഡുകളാണ് ടൂറുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 11 ഭാഷകളില്‍ ലാന്‍ഡ്മാര്‍ക്കിനെക്കുറിച്ച് സന്ദര്‍ശകരെ അറിയിക്കുന്ന ഇ ഗൈഡുകള്‍ 17,329 സന്ദര്‍ശകര്‍ ഉപയോഗിച്ചു.

Latest