Articles
കള്ളപ്പണത്തില്‍ കണ്ണുവെച്ച നെട്ടോട്ടങ്ങള്‍

രാജി നല്‍കാനായി സ്പീക്കറുടെ ഓഫീസിലേക്ക് ഓടിക്കയറുന്ന നിയമസഭാംഗം. സുപ്രീം കോടതി നിശ്ചയിച്ച സമയപരിധി തീരും മുമ്പ് രാജി സമര്‍പ്പിച്ച്, കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ നിന്നും ആ നിയമമനുസരിച്ച് സഭാംഗത്വം റദ്ദായാല്‍ പിന്നീട് ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന വ്യവസ്ഥയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു ഈ ഓട്ടം. ബംഗളൂരു നഗരത്തിന്റെ ഭാഗമായ ആര്‍ കെ പുരം നിയമസഭാ മണ്ഡലത്തെ കര്‍ണാടക നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്ന ബൈരതി ബസവരാജിന്റെ ഓട്ടം ഇന്ത്യന്‍ യൂനിയനില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കപ്പെടുന്ന ജനാധിപത്യത്തിലെ ഏറ്റവും പുതിയ അശ്ലീലങ്ങളിലൊന്നാണ്. അതിന്റെ തുടര്‍ച്ചയില്‍ കോണ്‍ഗ്രസ് – ജനതാദള്‍ (സെക്യൂലര്‍) സഖ്യ സര്‍ക്കാര്‍ അധികാരത്തിന് പുറത്താകുമെന്നും ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാറുണ്ടാക്കുമെന്നും പ്രതീക്ഷിക്കണം.
കോണ്‍ഗ്രസില്‍ നിന്നും ജെ ഡി (എസ്) യില്‍ നിന്നുമായി 16 എം എല്‍ എമാരാണ് രാജിവെച്ച് ചേരിമാറാന്‍ സന്നദ്ധരായി രംഗത്തുള്ളത്. ഇവരുടെ രാജി ഉറപ്പാക്കാന്‍ കൈമറിഞ്ഞ കോടികളെക്കുറിച്ച് പല കണക്കുകള്‍ പറഞ്ഞു കേള്‍ക്കുന്നു. എം എല്‍ എ ഒന്നുക്ക് നൂറ് കോടി എന്നുവരെയാണ് കണക്കുകള്‍. ഇത്രയും പണം എവിടെ നിന്ന് വരുന്നുവെന്നോ എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നോ ഗ്രാഹ്യമില്ല. അതേക്കുറിച്ച് അന്വേഷണമൊന്നുമുണ്ടാകുകയുമില്ല. എന്തായാലും കൈമാറ്റം ചെയ്യപ്പെടുന്നത് കള്ളപ്പണമാണെന്നത് ഉറപ്പ്. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച് രാജ്യത്തെ സാധാരണക്കാരെ മുഴുവന്‍ എ ടി എമ്മുകള്‍ക്കും ബേങ്കുകള്‍ക്കും മുന്നില്‍ വരി നിര്‍ത്തുകയും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുകയും ചെയ്ത നേതാവ് വര്‍ധിത വീര്യത്തോടെ അധികാരത്തില്‍ തുടരുമ്പോഴാണ് കള്ളപ്പണത്തിന്റെ ബലത്തില്‍ കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ ശ്രമം നടക്കുന്നത്.
ഇതിനൊപ്പം പ്രധാനമാണ് വിവിധ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന വേട്ട. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും സി ബി ഐയുമൊക്കെ ഇതിനായി ഉപയോഗിക്കപ്പെടുന്നു. രാജിക്കത്ത് നല്‍കി, ചേരിമാറ്റത്തിന് തയ്യാറെടുത്തിരിക്കുന്ന കോണ്‍ഗ്രസ് എം എല്‍ എ, എം ടി ബി നാഗരാജിന്റെ ഓഫീസിലും വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത് അടുത്തിടെയാണ്. 120 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഇതിന്റെ തുടര്‍ നടപടികളുമായി ആദായ നികുതി വകുപ്പ് മുന്നോട്ടു പോയാലുണ്ടാകുന്ന നഷ്ടത്തേക്കാള്‍ വലുതാകില്ല നാഗരാജിനെ സംബന്ധിച്ച് ബി ജെ പിയിലേക്കുള്ള ചേക്കേറല്‍. ഗോവയില്‍ പത്ത് കോണ്‍ഗ്രസ് എം എല്‍ എമാര്‍, ബി ജെ പിയിലേക്ക് കൂറുമാറിയതിന് പിറകിലും പണത്തിന്റെയും അധികാരമുപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലിന്റെയും കഥകളുണ്ടാകണം. പശ്ചിമ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്ന കൂറുമാറ്റ ശ്രമങ്ങള്‍ക്ക് പിറകിലും ഇതു തന്നെയാകണം.
അഴിമതിക്ക് കൂട്ടുനില്‍ക്കാനോ അതിലൂടെ സ്വത്ത് സമാഹരിക്കാനോ മടികാട്ടാത്ത നേതാക്കളും ജനപ്രതിനിധികളും അതിനൊക്കെ ഒത്താശ ചെയ്യുന്ന രാഷ്ട്രീയ സംവിധാനങ്ങളും ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിന്റെ ഭാഗമാണ്. രാഷ്ട്രീയത്തിലെ സ്ഥാനവും അധികാരത്തിലെ സ്വാധീനവും സ്വന്തം വ്യവസായ താത്പര്യങ്ങളുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരും കുറവല്ല. ഇത്തരക്കാരെ ലക്ഷ്യമിടുക എന്നത് അധികാരമുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭരണ നേതൃത്വത്തിന് വളരെ എളുപ്പമാണ്. അതാണ് നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം നേതാക്കള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായാല്‍ സംരക്ഷിക്കുകയും ചെയ്യും. പശ്ചിമ ബംഗാളിലെ കുപ്രസിദ്ധമായ ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായിരുന്നു മമതാ ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായിരുന്ന മുകുള്‍ റോയ്. ചേരിമാറി ബി ജെ പിയിലെത്തിയതോടെ ശാരദാ ചിട്ടി തട്ടിപ്പിന്റെ ആരോപണ വിധേയരുടെ പട്ടികയില്‍ നിന്ന് മുകുള്‍ റോയിയുടെ പേര് സി ബി ഐ വെട്ടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം എല്‍ എമാരെ ബി ജെ പിയിലെത്തിക്കാന്‍ കൈമെയ് മറന്ന് പണിയെടുക്കുകയാണ് മുകുള്‍ റോയ് ഇപ്പോള്‍.
2014ലെ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്നതായിരുന്നു ബി ജെ പിയുടെ പ്രഖ്യാപനം. 2017ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ പ്രതിപക്ഷ മുക്ത ഭാരതമെന്നതാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ പണവും അധികാരവും ഉപയോഗിച്ച് ജനപ്രതിനിധികളെ കൂറുമാറ്റാനും ശേഷിക്കുന്ന സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാനുമുള്ള ശ്രമം ബി ജെ പി തുടരുക തന്നെ ചെയ്യും. ജനാധിപത്യത്തിലെ മര്യാദകള്‍ അവര്‍ക്ക് ബാധകമല്ല. നേരിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് ഭരണം നടത്തുന്ന രാജസ്ഥാനും മധ്യപ്രദേശുമാകും അടുത്ത ലക്ഷ്യം.
ഇത്തരം ശ്രമങ്ങളെ ചെറുത്തു നില്‍ക്കാനുള്ള ത്രാണി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇല്ലാതായിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടകയില്‍ ബി ജെ പി നടത്തിയ അട്ടിമറി ശ്രമങ്ങളെ അതിജീവിക്കാന്‍ കോണ്‍ഗ്രസിനും ജനതാദളിനും സാധിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയമുണ്ടായതോടെ പാര്‍ട്ടി പ്രവര്‍ത്തകരിലോ നേതാക്കളിലോ ആത്മവിശ്വാസം നിലനിര്‍ത്താവുന്ന സംവിധാനങ്ങൡല്ലാതായി അവ മാറിയിരിക്കുന്നു. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ട് പോലും ജനപ്രതിനിധികളെ ഒപ്പം നിര്‍ത്താന്‍ കഴിയാത്തതും അതുകൊണ്ടാണ്.
ഇതിലേറ്റം പ്രധാനം കോണ്‍ഗ്രസിന്റെ അവസ്ഥയാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ 44 സീറ്റിലേക്ക് ചുരുങ്ങുമ്പോള്‍ യു പി എ സര്‍ക്കാറിനെതിരായ വികാരം അതിനൊരു കാരണമായി ചൂണ്ടിക്കാട്ടാനുണ്ടായിരുന്നു. 2019ല്‍ 52 സീറ്റ് നേടിയെങ്കിലും തോല്‍വി കനത്തതായി തുടര്‍ന്നു. പല കാരണങ്ങളാല്‍ മോദി സര്‍ക്കാറിനെതിരെ ജനവികാരമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ജനമനസ്സില്‍ ഇടമുള്ള പാര്‍ട്ടിയായി ഇപ്പോഴും തുടരുന്നുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ പാകത്തില്‍ ലോക്‌സഭയില്‍ പ്രാതിനിധ്യം ഉണ്ടാക്കാന്‍ സാധിക്കാഞ്ഞത് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം ഇല്ലാതാക്കി. ബി ജെ പി എന്ന പാര്‍ട്ടിയോട് ഒറ്റക്ക് മത്സരിക്കാനോ അവരോട് മത്സരിക്കാന്‍ പാകത്തിലുള്ള പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനോ കഴിയാത്ത പാര്‍ട്ടിയായി അത് മാറിയിരിക്കുന്നു. നരേന്ദ്ര മോദിക്കും അമിത് ഷാക്കും പകരം വെക്കാനൊരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ക്കില്ല. അഞ്ച് വര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധി സൃഷ്ടിച്ചെടുത്ത പ്രതിച്ഛായ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ പാകത്തിലുള്ളതായുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി രാജിവെക്കുക കൂടി ചെയ്തതോടെ ഇനി എങ്ങനെ മുന്നോട്ടു പോകണമെന്നതില്‍ യാതൊരു ധാരണയുമില്ലാത്ത ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറി. അത്തരമൊരു ആള്‍ക്കൂട്ടത്തില്‍ നിന്ന് ഏതുസമയത്തും കൊഴിഞ്ഞുപോക്കുണ്ടാകും. അത് കൂടിയാണ് കര്‍ണാടകയിലും ഗോവയിലും സംഭവിച്ചത്.
ഇതിലൊരു മാറ്റമുണ്ടാകുകയും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് കോണ്‍ഗ്രസിനൊരു പ്രസക്തി ഉണ്ടാകുകയും വേണമെങ്കില്‍ അവര്‍ക്കൊരു രാഷ്ട്രീയ ദര്‍ശനമുണ്ടാകണം. ബി ജെ പിയെ എതിര്‍ക്കുന്നുവെന്നതിനപ്പുറത്ത് പ്രത്യേകിച്ച് ഒരു ദര്‍ശനം കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ടുവെക്കുന്നില്ല. തീവ്ര വര്‍ഗീയതയില്‍ അധിഷ്ഠിതവും ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന ബി ജെ പിയെ അപേക്ഷിച്ച് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസാണ് ഭേദമെന്ന് രാജ്യത്തെ മതനിരപേക്ഷ ചിന്താഗതിക്കാര്‍ കരുതുന്നുവെന്നത് മാത്രമാണ് അവര്‍ക്കുള്ള ഏക പിന്‍ബലം. സാമ്പത്തിക നയങ്ങളിലോ അതില്‍ അധിഷ്ഠിതമായ വിദേശ നയത്തിലോ ബി ജെ പിയുമായി യാതൊരു ഭേദവും കോണ്‍ഗ്രസിന് ഇല്ല തന്നെ. താഴേത്തലത്തില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ഉണ്ടാക്കാനോ സംഘ്പരിവാര ആശയങ്ങളെ പ്രതിരോധിക്കാന്‍ പാകത്തില്‍ പ്രവര്‍ത്തകരെ സജ്ജമാക്കാനോ അവര്‍ക്ക് സ്വാധീനം ശേഷിക്കുന്ന ഇടങ്ങളില്‍പ്പോലും എന്തെങ്കിലും ആ പാര്‍ട്ടി ചെയ്യുന്നതായി അറിവില്ല. ഇതൊന്നുമില്ലെന്നിരിക്കെ ആ സംവിധാനത്തില്‍ വിശ്വസിച്ച് ആളുകള്‍ അധിക കാലം നില്‍ക്കുമെന്ന് കരുതാനാകില്ല.
ഇതിലും മോശം അവസ്ഥയിലാണ് ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി തുടങ്ങി ബി ജെ പിയെ എതിര്‍ക്കാന്‍ രംഗത്തുള്ള മറ്റു പാര്‍ട്ടികള്‍. ഏതാണ്ടെല്ലാം കുടുംബാധിപത്യത്താല്‍ നാശോന്മുഖമായിരിക്കുന്നു. നേതൃത്വത്തെ ചുറ്റിപ്പറ്റി അധികാരവും ആനുകൂല്യങ്ങളും കൈപ്പറ്റാന്‍ നില്‍ക്കുന്ന നേതാക്കളുടെ സംഘം മാത്രമാണ് ഈ പാര്‍ട്ടികള്‍. അധികാരവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് കൂടുതല്‍ ശക്തിയുള്ള ഒരു സംവിധാനം വരുമ്പോള്‍ ഇത്തരം നേതാക്കള്‍ അവിടേക്ക് മാറുക സ്വാഭാവികം മാത്രം. പിന്നെയുള്ളത് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്.
ഭിന്നമായൊരു രാഷ്ട്രീയമുണ്ടെന്നതു കൊണ്ടുതന്നെ പിടിച്ചുനില്‍ക്കാന്‍ കഴിയേണ്ടത് അവര്‍ക്കായിരുന്നു. പക്ഷേ, ഒരിക്കല്‍ തകര്‍ന്നാല്‍ പിന്നെ തിരിച്ചുവരവിന് ശേഷിയില്ലാത്തവരാണ് തങ്ങളെന്ന് ആ പാര്‍ട്ടികള്‍ പലകുറി തെളിയിച്ചു കഴിഞ്ഞു.
ഏക കക്ഷിയുടെ തേര്‍വാഴ്ചക്കും അവരുടെ അജന്‍ഡകളുടെ നടത്തിപ്പിനും പാകത്തിലുള്ള അന്തരീക്ഷമാണ് രാജ്യത്ത്. അത് പൂര്‍ണമാക്കാനുള്ള ശ്രമങ്ങളാണ് കര്‍ണാടകയിലും ഗോവയിലുമൊക്കെ നടക്കുന്നത്. പശ്ചിമ ബംഗാളിലും രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ നടക്കാനിരിക്കുന്നത്. അത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള രാഷ്ട്രീയ പക്വത ഒരു പാര്‍ട്ടിയും കാണിക്കുന്നില്ല. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആത്മവിശ്വാസം പകരാന്‍ പാകത്തിലുള്ള ഒന്നും ആ പാര്‍ട്ടികള്‍ പ്രസരിപ്പിക്കുന്നില്ല. കീഴടങ്ങിക്കൊടുക്കാന്‍ നിശ്ചയിച്ചതുപോലെ നില്‍ക്കുന്ന ഈ പാര്‍ട്ടികള്‍ക്ക്, പ്രവര്‍ത്തകരും നേതാക്കളും ജനപ്രതിനിധികളും കൊഴിഞ്ഞു പോകുന്നതിനെക്കുറിച്ച് വിലപിക്കാനുള്ള അര്‍ഹതയുണ്ടെന്ന് തോന്നുന്നില്ല.