പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം: ഇന്ന് വികസന സംഗമം

Posted on: July 15, 2019 12:29 pm | Last updated: July 15, 2019 at 5:48 pm

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്
സാമ്പത്തിക സഹായവും പുത്തന്‍ ആശയങ്ങളും കണ്ടെത്താന്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി തിങ്കളാഴ്ച വികസനസംഗമം നടക്കും. വൈകിട്ട് മൂന്നിന് കോവളം ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് വികസനസംഗമം.

ലോക ബേങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബേങ്ക്, കെ എഫ് ഡബ്ല്യു, ജിക്ക, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്, ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജന്‍സി, യു എന്‍ ഡി പി, ജര്‍മന്‍ ഡെവലപ്‌മെന്റ് എയ്ഡ് ജി ഐ ഇസഡ്, ഹഡ്‌കോ, ആര്‍ ഐ ഡി എഫ്, എ ഐ ഐ ബി, ന്യൂ ഡെവലപ്‌മെന്റ് ബേങ്ക് തുടങ്ങിയ അന്തര്‍ദേശീയ, ദേശീയ വികസന ഏജന്‍സികള്‍ പങ്കെടുക്കും. ഈ സ്ഥാപനങ്ങളുമായി മേഖലകള്‍ തിരിച്ചുള്ള ധനകാര്യചര്‍ച്ചകളും നടക്കും.

പ്രളയാനന്തരകേരളത്തിന്റെ അന്തര്‍ദേശീയവും ദേശീയവുമായ ധനകാര്യ ഏജന്‍സികളുടെ വായ്പകളും സാമ്പത്തിക സാങ്കേതികസഹായങ്ങളും തുടര്‍ന്നും ലഭ്യമാക്കുകയാണ് ലക്ഷ്യം. പുനര്‍നിര്‍മാണത്തിനായി വിവിധ മേഖലകളില്‍ സാധ്യമായ വിഭവസമാഹരണവും സാങ്കേതിക സഹായവും ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് വികസനസംഗമം തുടക്കം കുറിക്കും.