Articles
സ്വാഗതാർഹം ആ ചർച്ച

കഴിഞ്ഞ മൂന്നാം തീയതി പാർലിമെന്റിൽ ശ്രദ്ധേയമായ ഒരു ചർച്ചയുണ്ടായിരുന്നു. ഹ്രസ്വമായ ചർച്ച. തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച ശ്രദ്ധക്ഷണിക്കൽ സമയത്തെ ആ ചർച്ചയിൽ പ്രതിപക്ഷ പാർട്ടികൾ നിർമാണാത്മകവും പ്രായോഗികവുമായ ഒരുപിടി നിർദേശങ്ങൾ മുന്നോട്ടുവെച്ചു. തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രിയാനാണ് ചർച്ചക്ക് തുടക്കമിട്ടത്. പതിനാല് പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ പിന്തുണച്ചു. സർവീസിലിരിക്കുമ്പോഴും അതിന് ശേഷവുമെല്ലാം ഇതുസംബന്ധിച്ച് പറയാനും കേൾക്കാനുമെല്ലാം ഏറെ താത്പര്യമുള്ളയാളാണ് ഞാൻ. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന പാർട്ടികളെല്ലാം ഒരുമിച്ച്, എങ്ങനെ തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും സുതാര്യവും കൂടുതൽ പ്രാതിനിധ്യ സ്വഭാവത്തിലും നടത്താമെന്ന വിഷയം മുന്നോട്ടുവെച്ചത് ഹൃദ്യമായിരുന്നു.
ആറ് പ്രധാന ആശയങ്ങളാണ് ഒബ്രിയാൻ മുന്നോട്ടുവെച്ചത്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമന സംവിധാനം, പണക്കൊഴുപ്പ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ, ഒരേ സമയം തിരഞ്ഞെടുപ്പെന്ന ആശയം, സാമൂഹിക മാധ്യമങ്ങളുടെ പങ്ക് (ഇന്ത്യയിലെ ചതിയൻ വേദി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്). പ്രത്യേക വിഭാഗം വോട്ടർമാരെ ലക്ഷ്യമിട്ട് സർക്കാർ ഡാറ്റയും സൂചക പരസ്യങ്ങളും ഉപയോഗിക്കൽ.
നിയമന പ്രക്രിയ
കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ ബി ആർ അംബേദ്കറുടെ പ്രസ്താവന ഉദ്ധരിച്ചാണ് ഒബ്രിയാൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന വിഷയം ഉന്നയിച്ചത്. കാലാവധി ഇത്രയെന്ന് നേരത്തേ നിശ്ചയിക്കരുത്. ഒരു വിഡ്ഢിയേയോ പച്ചപ്പാവത്തേയോ ഉദ്യോഗസ്ഥരുടെ ഉള്ളംകൈയിലെ പാവയായ വ്യക്തിയേയോ തടയാൻ ഭരണഘടനയിൽ വ്യവസ്ഥയില്ലെങ്കിലാണിത്. ഇതിനെ സി പി എം, സി പി ഐ, ഡി എം കെ, ബി എസ് പി തുടങ്ങി കൊളീജിയം സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടവരെല്ലാം പിന്താങ്ങി. നിയമന കാലം നിശ്ചയിക്കുന്നത് പണക്കൊഴുപ്പിന്റെ സ്വാധീനത്തിന് സാധ്യതയുണ്ടാക്കും. 1962ലെ എ ബി വാജ്പയിയുടെ സ്വകാര്യ ബിൽ, തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങൾ സംബന്ധിച്ച 1990ലെ ഗോസ്വാമി സമിതി റിപ്പോർട്ട്, തിരഞ്ഞെടുപ്പിലെ ദേശീയ ഫണ്ടിംഗ് സംബന്ധിച്ച 1998ലെ ഇന്ദ്രജിത് ഗുപ്ത സമിതി റിപ്പോർട്ട് തുടങ്ങി വിവിധ റിപ്പോർട്ടുകളും രേഖകളും ഉദ്ധരിച്ചായിരുന്നു ഒബ്രിയാന്റെ അവതരണം. വിദേശ സംഭാവന (നിയന്ത്രണ) നിയമം (എഫ് സി ആർ എ) ഭേദഗതി ചെയ്തത്, കോർപറേറ്റ് സംഭാവനകളിലെ ഏഴര ശതമാനം നിയന്ത്രണം ഒഴിവാക്കിയത് തുടങ്ങിയവയുടെ പ്രതികൂല ഫലങ്ങളെ മുഴുനീളെ ചർച്ച ചെയ്യുന്ന, കഴിഞ്ഞ മാസം സന്നദ്ധസംഘടന പുറത്തുവിട്ട തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച റിപ്പോർട്ട് ഉദ്ധരിച്ചാണ് കോൺഗ്രസ് അംഗം കപിൽ സിബൽ ചർച്ചയിൽ ഇടപെട്ടത്. ഇലക്ടറൽ ബോണ്ടുകൾ പ്രഹസനമാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അംഗം രാജീവ് ഗൗഡ, ഒന്നുകിൽ ദേശീയ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ഓരോ പാർട്ടിയും നേടുന്ന വോട്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ ഫണ്ടിംഗ് എന്ന നിർദേശം മുന്നോട്ടുവെച്ചു. ചെറിയ സംഭാവനകളുടെ രൂപത്തിൽ ജനങ്ങളിൽ നിന്നുള്ള പിരിവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥാനാർഥികളുടെ ചെലവഴിക്കലിൽ നിലവിലെ നിയന്ത്രണം അയഥാർഥമാണെന്നും ഇത് ഉയർത്തുകയോ നീക്കം ചെയ്യുകയോ വേണമെന്നും അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ചെലവ് ചുരുക്കുന്നതിനെ പിന്തുണച്ച് ജനപ്രാതിനിധ്യ നിയമം (1951) വകുപ്പ് 77നെ സംബന്ധിച്ച സുപ്രീം കോടതിയുടെ 1975ലെ ഉത്തരവ് ആണ് ബി ജെ ഡി ചൂണ്ടിക്കാട്ടിയത്. സ്വകാര്യ വിമാനം പോലുള്ളവയിലെ ചെലവ് ആണ് എസ് പി വിഷയമാക്കിയത്. ഈ ചെലവ് പാർട്ടിയുടെ അക്കൗണ്ടിലാണ് വരവ് വെക്കേണ്ടതെന്നും സ്ഥാനാർഥിയുടെതിൽ ആകരുതെന്നും എസ് പി വാദിച്ചു. കോർപറേറ്റ് സംഭാവന നിരോധിക്കണമെന്നായിരുന്നു സി പി എം, സി പി ഐ അംഗങ്ങളുടെ വാദം. ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോകണമെന്ന പഴയ ആവശ്യം പലരും ഉന്നയിച്ചു. സാങ്കേതികവിദ്യ ഒരിക്കലും പൂർണത ഉറപ്പുനൽകുന്നില്ലെന്നും അതിനാൽ സാങ്കേതികവിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തൃണമൂൽ പറഞ്ഞു. ബിഹാർ, ഉത്തർ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷം കുറക്കാൻ ഇ വി എമ്മിന് സാധിച്ചിട്ടുണ്ടെന്ന് ബി ജെ പി, ജെ ഡി യു, ബി ജെ ഡി അംഗങ്ങൾ ചൂണ്ടിക്കാട്ടി. വി വി പാറ്റിൽ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താൻ തുടക്കത്തിൽ തന്നെ അഞ്ച് യന്ത്രങ്ങൾ എണ്ണണമെന്ന കാതലായ വിഷയം ബി ജെ ഡി ഉന്നയിച്ചു. സുതാര്യത വർധിപ്പിക്കുന്നതിന് വോട്ടെണ്ണുന്നതിന് മുമ്പ് പോസ്റ്റൽ വോട്ടുകൾ സ്‌കാൻ ചെയ്യണമെന്ന് ബി എസ് പി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പുകൾ ഒന്നിച്ച്
തിരഞ്ഞെടുപ്പ് വൈപുല്യം, ചെലവ്, ഭരണനിർവഹണം, നിയമ കമ്മീഷന്റെയും നിതി ആയോഗിന്റെയും റിപ്പോർട്ടുകൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ബി ജെ പി അംഗങ്ങൾ ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് വാദിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം തുറന്ന മനസ്സോടെ കാണണമെന്നും “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്ന പ്രമേയത്തിനേക്കാൾ തിരഞ്ഞെടുപ്പുകളുടെ കുറഞ്ഞ ചാക്രികത എന്ന നിലയിൽ കാണണമെന്നും ബി ജെ പിയുടെ വിനയ് സഹസ്രബുദ്ധെ വാദിച്ചു. എന്നാൽ കാതലായ ന്യായങ്ങൾ നിരത്തി തൃണമൂൽ ഇതിനെ ഖണ്ഡിച്ചു. ഭരണഘടനാ വിദഗ്ധരുമായുള്ള ഉപദേശനിർദേശങ്ങളും ഇതുസംബന്ധിച്ച് വെള്ളക്കടലാസിൽ അഭിപ്രായം എഴുതിനൽകാൻ പാർട്ടികൾക്ക് നിർദേശം നൽകലുമാണ് പരിഹാരമെന്ന് തൃണമൂൽ ചൂണ്ടിക്കാട്ടി. ഭരണഘടനാവിരുദ്ധവും അയഥാർഥവുമെന്ന് വിളിച്ച് സി പി ഐ അംഗം ഡി രാജ “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്ന ആശയത്തെ ശക്തിയുക്തം എതിർത്തു. സ്ഥിരതയേക്കാൾ ഉത്തരവാദിത്വത്തിനാണ് മേൽക്കൈ വേണ്ടതെന്ന അംബേദ്കറുടെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു. ഉൾപ്പാർട്ടി ജനാധിപത്യവും നിരവധി പേർ ചൂണ്ടിക്കാട്ടി. ഇതിന് സ്വതന്ത്ര നിയന്ത്രകൻ വേണമെന്ന് ബി ജെ ഡി നിർദേശിച്ചു.
തിരഞ്ഞെടുപ്പുകളുടെ പ്രാതിനിധ്യം മെച്ചപ്പെടുത്താൻ ആനുപാതിക പ്രാതിനിധ്യ സംവിധാനം വേണമെന്ന് ഡി എം കെയും സി പി ഐയും സി പി എമ്മും ആവശ്യപ്പെട്ടു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി എസ് പിയുടെ പ്രകടനമാണ് ഉദാഹരണമായി ഡി എം കെ അംഗം ചൂണ്ടിക്കാട്ടിയത്. ഉത്തർ പ്രദേശിൽ അന്ന് ബി എസ് പിക്ക് 20 ശതമാനം വോട്ട് ലഭിച്ചെങ്കിലും ഒരു സീറ്റിൽ പോലും വിജയിക്കാനായിരുന്നില്ല. കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥിയോ പാർട്ടിയോ വിജയിക്കുന്ന സംവിധാന (ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ്)വും ആനുപാതിക പ്രാതിനിധ്യ സംവിധാനവും സംയോജിപ്പിച്ചുള്ള സംവിധാനം വേണമെന്ന് പല അംഗങ്ങളും ആവശ്യപ്പെട്ടു. വോട്ടർ പട്ടികകളുടെ വിശ്വാസ്യത എന്ന പ്രധാന കാര്യം വൈ എസ് ആർ കോൺഗ്രസ് അംഗം ഉയർത്തി. ത്രിതല തിരഞ്ഞെടുപ്പുകൾക്ക് പൊതു വോട്ടർ പട്ടിക എന്ന ആശയത്തെ ബി ജെ പിയും എസ് പിയും പിന്തുണച്ചു. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്വാധീനം പരിഹരിക്കുന്നതിന്, തിരഞ്ഞെടുപ്പിന്റെ ആറ് മാസം മുമ്പ് എം പിമാരും എം എൽ എമാരും രാജിവെച്ച് കേന്ദ്രം ദേശീയ സർക്കാർ രൂപവത്കരിക്കണമെന്ന രസകരമായ ആവശ്യം എസ് പി അംഗം റാം ഗോപാൽ യാദവ് മുന്നോട്ടുവെച്ചു. മൂന്നംഗ ഹൈക്കോടതി ഉപദേശക ബോർഡിന്റെ ഉപദേശങ്ങൾക്കനുസരിച്ച് ഗവർണമാർ സംസ്ഥാനം ഭരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കാലങ്ങളായുള്ള ആവശ്യം
മേൽ പറഞ്ഞ എല്ലാ പരിഷ്‌കരണ ശിപാർശകളുടെയും ശക്തനായ വക്താവായിരുന്നു കാലങ്ങളായി ഞാൻ. കൂടുതൽ സുരക്ഷാ സേനകളെ വിന്യസിച്ച് തിരഞ്ഞെടുപ്പ് ഘട്ടങ്ങളുടെ എണ്ണം കുറക്കുക, ഭരണഘടനാ നിയമനങ്ങളിൽ രാഷ്ട്രീയവത്കരണം ഇല്ലാതാക്കുക, അതിനായി കോളീജിയം ബോർഡിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർമാരെ നിയമിക്കുക, ദേശീയ ഇലക്ടറൽ ഫണ്ടിന്റെയോ പാർട്ടികൾ നേടിയ വോട്ടിന്റെയോ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ ഫണ്ടിംഗ്, പാർട്ടികളുടെ ചെലവ് ചുരുക്കുക, ഒരു നിലക്കും വഴങ്ങാത്ത പാർട്ടികളുടെ രജിസ്‌ട്രേഷൻ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകൽ, ആനുപാതിക പ്രാതിനിധ്യ സംവിധാനം ഉൾപ്പെടുത്തൽ, സാമൂഹിക മാധ്യമ നിയന്ത്രണം ശക്തിപ്പെടുത്താൻ വിവര സാങ്കേതികവിദ്യാ നിയമം പരിഷ്‌കരിക്കുക അടക്കമുള്ള വിഷയങ്ങളിൽ വിശദ റിപ്പോർട്ടുകൾ നേരത്തേ ഞാൻ നൽകിയിരുന്നു. അങ്ങനെയാണെങ്കിലും എന്റെ കാതുകൾക്ക് സംഗീതമായിരുന്നു പാർലിമെന്റിലെ ഈ ചർച്ച. പക്ഷേ, ചിന്തക്കും നടപടിക്കും ഇടയിലെ വലിയ വിടവാണ് ഇന്ത്യൻ രാഷ്ട്രീയം അഭിമുഖീകരിക്കുന്നത്. താത്കാലിക തിരഞ്ഞെടുപ്പ് നേട്ടങ്ങളിലെ ഭ്രമത്തിനപ്പുറം സർക്കാർ ഉയരുകയും ദീർഘകാല ദേശീയ താത്പര്യങ്ങളെ സംബന്ധിച്ച് ചിന്തിക്കുകയും വേണം. തിരഞ്ഞെടുപ്പ് പരിഷ്‌കാരം ചർച്ച ചെയ്യുകയോ ആലോചിക്കുകയോ അല്ല അടിയന്തരമായി വേണ്ടത്, മറിച്ച് നിയമനിർമാണമാണെന്ന തൃണമൂൽ എം പിയുടെ വാക്കുകളാണ് മുഖവിലക്കെടുക്കേണ്ടത്. ഈ ദേശീയ താത്പര്യത്തിൽ നിർമാണാത്മകവും സ്ഥായിയുമായ പരിഹാരമാണ് ഈ സമയത്ത് വേണ്ടത്. കഴിഞ്ഞയാഴ്ച രാജ്യസഭയിൽ ഉയർന്ന പ്രായോഗികവും നിർമാണാത്മകവുമായ നിരവധി നിർദേശങ്ങൾ കേൾക്കുന്നതോടൊപ്പം, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യസംവിധാനം ലോകത്തെ മഹത്തരമായതാകാൻ പാർലിമെന്റ് സ്വയം തന്നെ പ്രവർത്തിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്.
എസ് വൈ ഖുറേഷി
(കടപ്പാട്: ദി ഹിന്ദു)
വിവ: റബീക് മഹ്മൂദ്