സാമ്പത്തിക മന്ത്രാലയം സേവന നിരക്കുകള്‍ വെട്ടിക്കുറച്ചു

Posted on: July 14, 2019 8:44 pm | Last updated: July 14, 2019 at 8:44 pm

ദുബൈ: യു എ ഇ സാമ്പത്തിക മന്ത്രാലയം 110 സേവനങ്ങളുടെ ഫീസും പിഴയും പുനഃക്രമീകരിച്ചു. 102 സേവനങ്ങള്‍ക്ക് ഫീസ് തീരെ ഒഴിവാക്കിയതായി സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി വ്യക്തമാക്കി.

എട്ട് സേവനങ്ങളുടെ ഫീസ് പകുതിയോളമായി കുറച്ചു. വാണിജ്യ സമൂഹത്തിനു ഊര്‍ജം പകരുന്ന നടപടിയാണ് കൈക്കൊണ്ടതെന്ന് അധികൃതര്‍ വിശദീകരിച്ചു. വാണിജ്യ, നിക്ഷേപ മേഖലക്ക് ചെലവ് കുറയും. വന്‍കിട, ചെറുകിട, ഇടത്തരം എന്ന വ്യത്യാസമില്ലാതെ ഗുണകരമാണ്. വാണിജ്യ അന്തരീക്ഷം മെച്ചപ്പെടുമ്പോള്‍ തൊഴില്‍ സാധ്യത വര്‍ധിക്കുകയും ചെയ്യും -മന്ത്രി ചൂണ്ടിക്കാട്ടി. ഏജന്റുമാരുമായുള്ള തര്‍ക്കത്തില്‍ തീര്‍പുകല്‍പിക്കാനുള്ള ഫീസ് 12,000ല്‍ നിന്ന് 8,040 ദിര്‍ഹം ആയി കുറച്ചു. ട്രേഡ്മാര്‍ക് രജിസ്ട്രേഷന്‍ ഫീസ് 10000 ദിര്‍ഹമില്‍ നിന്ന് 6700 ദിര്‍ഹമാക്കി. വിറ്റഴിക്കല്‍ പ്രഖ്യാപനത്തിനുള്ള ഫീസ് 15,000ല്‍ നിന്ന് 10,050 ദിര്‍ഹം ആക്കിയിട്ടുണ്ട്.
അയല്‍ രാജ്യങ്ങളിലെ ഫീസ് ഘടനയുമായി യു എ ഇ ഈയിടെ പഠനം നടത്തിയിരുന്നു. രാജ്യാന്തര നിലവാരത്തിലേക്ക് വാണിജ്യ മേഖലയിലെ ഫീസ് കുറച്ചുകൊണ്ടുവരികയാണ് ചെയ്തതെന്ന് സാമ്പത്തികകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനിസ് ഹാജി അല്‍ ഖൂരി പറഞ്ഞു.