Connect with us

Kerala

ശിവരജ്ഞിത്തിന്റെ വീട്ടില്‍നിന്നും സര്‍വ്വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെടുത്തു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബന്ധുക്കളുടെ കൈയ്യേറ്റ ശ്രമം

Published

|

Last Updated

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമകേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു. നാല് കെട്ട് പേപ്പറുകളാണ് പിടിച്ചെടുത്തത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ കന്റോണ്‍മെന്റ് പോലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്. ഇതിന് പുറമെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിട്ടുണ്ട്.

എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ല. കോപ്പിയടക്കി വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പൊലീസ്. 12 എണ്ണം വീതമുള്ള നാല് കെട്ട് ഉത്തരപേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.
കത്തിക്കുത്ത് കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുമായി എത്തിയ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളുകയും അസഭ്യം പറയുകയുമുണ്ടായി. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

Latest