ഇന്റര്‍കോണ്ടിനെന്റല്‍ ഫുട്‌ബോള്‍: ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

Posted on: July 14, 2019 10:46 am | Last updated: July 14, 2019 at 10:46 am

അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഉത്തര കൊറിയയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ ടീം പുറത്തേക്കുള്ള വഴിയിലാണ്.

ആദ്യ പകുതിയിലാണ് ഉത്തര കൊറിയ മൂന്നു ഗോളുകളും അടിച്ചത്. എട്ടാം മിനുട്ടില്‍ ജോങ് ഗ്വാനാണ് ആദ്യം ഇന്ത്യയുടെ വല കുലുക്കിയത്. (1-0). അധികം താമസിയാതെ ഇന്ത്യന്‍ പ്രതിരോധത്തിലെ വീഴ്ച മുതലെടുത്ത് സിം ഹ്യോന്‍ ജിന്നും സ്‌കോര്‍ ചെയ്തു (2-0). 29ാം മിനുട്ടില്‍ ജോങ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ഇന്ത്യ പൂര്‍ണ പ്രതിരോധത്തിലായി. (3-0).

ആദ്യ പകുതിയിലെ ഇന്ത്യയെയല്ല രണ്ടാം പകുതിയില്‍ കണ്ടത്. ആക്രമിച്ചു കളിച്ചതിന് ഫലവുമുണ്ടായി. കളിയുടെ 50ാം മിനുട്ടില്‍ ലാലിയന്‍സുവാലയുടെ വക ഗോള്‍ പിറന്നു (1-3). പക്ഷെ, ആശ്വാസം അധിക നേരം നീണ്ടുനിന്നില്ല. 63ാം മിനുട്ടില്‍ റി യുന്‍ ചോള്‍ കൊറിയക്കു വേണ്ടി നാലാം ഗോള്‍ ഇന്ത്യന്‍ വലയിലേക്ക് കോരിയിട്ടു (4-1). തളര്‍ന്നുപോകാതെ പൊരുതിയ ഇന്ത്യ എട്ടു മിനുട്ടിനു ശേഷം തി രിച്ചടിച്ചു. ഇത്തവണ സുനില്‍ ഛേത്രിയായിരുന്നു ഗോള്‍ കണ്ടെത്തിയത്. (2-4). എന്നാല്‍, അധിക സമയത്ത് ഒരു ഗോള്‍ കൂടി നേടി റി ഹ്യുംഗ് ജിന്‍ കൊറിയയുടെ സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി. (5-2).

ജൂലൈ 16ന് സിറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 15ന് താജിക്കിസ്ഥാനുമായാണ് കൊറിയക്ക് ഏറ്റുമുട്ടേണ്ടത്.