Gulf
ലക്ഷം ദിര്‍ഹം കുപ്പത്തൊട്ടിയിലെറിഞ്ഞു; നാല് വര്‍ഷമായി ദുരിതത്തില്‍

ദുബൈ: അറിയാതെ ഒരു ലക്ഷം ദിര്‍ഹം കുപ്പത്തൊട്ടിയിലിട്ട ഇന്ത്യന്‍ പ്രവാസി കഴിഞ്ഞ നാല് വര്‍ഷമായി ദുരിതം അനുഭവിക്കുന്നു. ചെറിയൊരു അശ്രദ്ധയാണ് ഹൈദരാബാദ് സ്വദേശി അബ്ദുല്‍ വഹാബ് എന്ന പ്രവാസിക്ക് എല്ലാം നഷ്ടപ്പെടുത്തിയത്. 9000 ദിര്‍ഹത്തിനടുത്ത് ശമ്പളമുണ്ടായിരുന്ന ഇയാള്‍ ഇന്ന് ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടുകയാണ്. താമസിച്ച ഫ്ളാറ്റില്‍നിന്ന് ഉടമ പുറത്താക്കി. കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പാസ്പോര്‍ട്ടും പിടിച്ചുവെച്ചു. ഒപ്പം കേസുകളും താമസിക്കാന്‍ സ്ഥലമോ വാടക കൊടുക്കാന്‍ പണമോ ഇല്ലാത്തതിനാല്‍ ഒരു കൂട്ടുകാരന്റെ കാറില്‍ അന്തിയുറക്കം.
കടയില്‍നിന്ന് നൂഡില്‍സ് വാങ്ങി, ചൂടുവെള്ളത്തിലിട്ട് വേവിച്ച് തിന്ന് പട്ടിണി മാറ്റുന്നു. 2015 മാര്‍ച്ച് 10നാണ് അബദ്ധം സംഭവിച്ചത്. ഒരു ഫ്രഞ്ച് റെസ്റ്റോറന്റ് ശൃംഖലയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം, പതിവുപോലെ അവരുടെ മൂന്ന് ബ്രാഞ്ചുകളില്‍നിന്നുള്ള പണവുമായി ദുബൈ മാളിലുള്ള ബേങ്ക് ശാഖയിലേക്ക് പോയി. ഇടക്ക് നിസ്‌കാരത്തിനായി ഷാര്‍ജ അല്‍ നഹ്ദയിലെ ഖാലിദ് ബിന്‍ വലീദ് പള്ളിയിലെത്തി.
നിസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് താന്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് സമീപം ഒരു കുപ്പത്തൊട്ടി കണ്ടത്. കാറിലാണെങ്കില്‍ കുറെ പ്ലാസ്റ്റിക് ബാഗുകളും ഒഴിഞ്ഞ ശീതളപാനീയ കുപ്പികളുമൊക്കെ ഉണ്ടായിരുന്നു. എല്ലാമെടുത്ത് കുപ്പത്തൊട്ടിയിലിട്ട് കാര്‍ വൃത്തിയാക്കാമെന്ന് കരുതി വഹാബ്. തുടര്‍ന്ന് ദുബൈ മാളിലേക്ക് പോയി. അവിടെ പാര്‍ക്കിംഗിലെത്തി കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴാണ് വഹാബ് കുപ്പത്തൊട്ടിയിലിട്ട പ്ലാസ്റ്റിക് കവറുകള്‍ക്കൊപ്പം തന്റെ കൈയിലുണ്ടായിരുന്ന പണമടങ്ങിയ കവറും പെട്ടുപോയെന്ന് മനസിലാക്കുന്നത്. വഹാബ് ഉടന്‍ തിരിച്ചെത്തി കുപ്പത്തൊട്ടി പരിശോധിച്ചെങ്കിലും അപ്പോഴേക്കും അത് നഷ്ടപ്പെട്ടിരുന്നു.