ഛായാഗ്രാഹകന്‍ എം ജെ രാാധാകൃഷ്ണന്‍ നിര്യാതനായി

Posted on: July 12, 2019 11:08 pm | Last updated: July 12, 2019 at 11:08 pm

തിരുവനന്തപുരം: ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ (61) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യരുടെയും പി ലളിതയുടെയും മകനാണ്. ഏക് അലഗ് മോസം എന്ന ഹിന്ദി ചിത്രമുള്‍പ്പടെ 75 ചലച്ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ ‘ഓള്’ ആണ് അവസാനം ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരത്തിന് ഏഴു തവണ അര്‍ഹനായി. നിരവധി അന്താരാഷ്ട്ര അവാര്‍ഡുകളും നേടിയിട്ടുണ്ട്.

ഫോട്ടോഗ്രാഫറായി കരിയര്‍ ആരംഭിച്ച രാധാകൃഷ്ണന്‍ ഷാജി എന്‍ കരുണിന്റെ കീഴില്‍ അസോസിയേറ്റ് ഛായാഗ്രാഹകനായി. അലി അക്ബര്‍ സംവിധാനം നിര്‍വഹിച്ച മാമലകള്‍ക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനായ ആദ്യ ചിത്രം.
കളിയാട്ടം, ദേശാടനം, കരുണം, തീര്‍ഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകള്‍ക്ക്, നാലു പെണ്ണുങ്ങള്‍, ഗുല്‍മോഹര്‍, വിലാപങ്ങള്‍ക്കപ്പുറം, പേരറിയാത്തവര്‍, കാട് പൂക്കുന്ന നേരം എന്നിവ രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രങ്ങളില്‍ ചിലതാണ്. ഭാര്യ: ശ്രീലത. മക്കള്‍: യദു, നീരജ.