ടീം ഇന്ത്യയില്‍ ഗ്രൂപ്പുകളിയെന്ന് മാധ്യമ റിപ്പോര്‍ട്ട്; അമ്പാട്ടി റായിഡു വിഭാഗീയതയുടെ ഇര

Posted on: July 12, 2019 10:30 pm | Last updated: July 13, 2019 at 10:25 am

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതായി മാധ്യമ റിപ്പോര്‍ട്ട്. ടീമനുള്ളില്‍ മുതിര്‍ന്ന കളിക്കാരായ ക്യാപ്റ്റന്‍ വിരാട് കോലിയുടേയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്ന് ‘ദൈനിക് ജാഗരണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശക്തായ വിഭാഗീയത ഗ്രൂപ്പുകള്‍ക്കിടയില്‍ ഇല്ലെങ്കിലും കളിക്കാരെ തിരഞ്ഞെടുക്കുന്നതടക്കമുള്ള ചില വിഷയങ്ങളില്‍ ഗ്രൂപ്പ് സ്വാധീനമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ടീമിലെ ഒരു കളിക്കാരനെ ഉദ്ദരിച്ചാണ് ദൈനിക് ജാഗരണന്റെ റിപ്പോര്‍ട്ട്.

കോലിയെ അനുകൂലിക്കുന്നവരാണെങ്കില്‍ കളിക്കാരന്റെ ഫോമൊന്നും പ്രശ്‌നമല്ലെന്നും ടീമില്‍ അവസരം ലഭിക്കുമെന്നും ഇവര്‍ പറയുന്നു. മികച്ച ഫോമിലുള്ളവരെ ചിലരെ മാറ്റി നിര്‍ത്തിയാല്‍ എതിര്‍ വിഭാഗത്തില്‍പ്പെട്ട പലര്‍ക്കും അവസരം നിഷേധിക്കപ്പെടുന്നു. മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും കെ എല്‍ രാഹുലിനെപ്പോലുള്ളവരോട് ടീം മാനേജ്‌മെന്റിന് കടുത്ത പക്ഷപാതിത്വമുണ്ട്. അംബാട്ടി റായിഡുവിന് ലോകകപ്പ് ടീമില്‍ അവസരം ലഭിക്കാതിരുന്നത് അദ്ദേഹം കോലിയുടെ ഗുഡ് ബുക്കില്‍ ഇടം നേടാത്തതിനാലാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

ടീം കോച്ച് രവി ശാസ്ത്രിയിലും ബൗളിംഗ് കോച്ച് ഭരത് അരുണിലും ടീം അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. ഇരുവരും പുറത്തുപോവുന്നത് കാണാന്‍ ടീം അംഗങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ദൈനിക് ജാഗരണന്റെ റിപ്പോര്‍ട്ടിലുണ്ട്.