മുംബൈയിലേതുള്‍പ്പടെയുള്ള ഭീകരാക്രമണങ്ങളില്‍ പങ്കില്ല: ഹാഫിസ് സയീദ് പാക് കോടതിയില്‍

Posted on: July 12, 2019 8:41 pm | Last updated: July 13, 2019 at 10:25 am

ഇസ്‌ലാമാബാദ്: മുംബൈയിലേതുള്‍പ്പടെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്ന് കാണിച്ച് ജമാഅത്തുദ്ദഅ്‌വ ഗ്രൂപ്പ് തലവന്‍ ഹാഫിസ് സഈദ് ലാഹോര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഫെഡറല്‍ സര്‍ക്കാര്‍, പഞ്ചാബ് സര്‍ക്കാര്‍, ഭീകര വിരുദ്ധ വകുപ്പ് (സി ടി ഡി) എന്നിവര്‍ക്കെതിരായ ഹരജിയില്‍ സയീദിനൊപ്പം അമീര്‍ ഹംസ, അബ്ദുര്‍റഹ്മാന്‍ മക്കി, എം യഹ്യ അസീസ് എന്നിവരും മറ്റു നാലുപേരും ഒപ്പിട്ടിട്ടുണ്ട്.

തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ് ഐ ആര്‍ അടിസ്ഥാന രഹിതവും നിയമസാധുതയില്ലാത്തതുമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സയീദിന് ലഷ്‌കര്‍ ഇ ത്വയ്യിബ, അല്‍ഖാഇദ എന്നിവ ഉള്‍പ്പടെയുള്ള നിരോധിത ഗ്രൂപ്പുകളുമായി ഒരു ബന്ധവുമില്ല. രാജ്യത്തിനെതിരായ ഒരു പ്രവൃത്തിയിലും സയീദോ മറ്റുള്ളവരോ ഇടപെട്ടിട്ടില്ല. 26/11ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സയീദാണെന്ന ഇന്ത്യയുടെ ആരോപണം യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്- ഹരജിയില്‍ പറയുന്നു.

അഞ്ചു ട്രസ്റ്റുകള്‍ മുഖാന്തരം ഭീകര ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ച് 23 കേസുകളാണ് സയീദിനും 12 കൂട്ടാളികള്‍ക്കുമെതിരെ ഈമാസമാദ്യം സി ടി ഡി രജിസ്റ്റര്‍ ചെയ്തത്. ഐക്യരാഷ്ട്ര സഭ നിരോധിത സംഘടനകളായി പ്രഖ്യാപിച്ചിട്ടുള്ള ജമാഅത്തുദ്ദഅ്‌വ, ലഷ്‌കര്‍ ഇ ത്വയ്യിബ്, ഫലാഹ് ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നിവക്ക് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടത്തിവരികയാണെന്ന് സി ടി ഡി വ്യക്തമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം ജനുവരി ഒന്നിന് സമ്മേളിച്ച ദേശീയ സുരക്ഷാ കമ്മിറ്റി (എന്‍ എസ് സി) യുടെ തീരുമാന പ്രകാരമാണ് ഭീകര ഗ്രൂപ്പുകള്‍ക്കും നേതാക്കള്‍ക്കുമെതിരെ സര്‍ക്കാര്‍ അന്വേഷണവും നടപടിയും ശക്തമാക്കിയത്. പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനാണ് എന്‍ എസ് സി യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.