ക്യാമ്പസുകള്‍ ചോരചിന്താനുള്ള ഇടങ്ങളല്ല: എസ് എസ് എഫ്

Posted on: July 12, 2019 7:03 pm | Last updated: July 12, 2019 at 7:03 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് എസ് എസ് എഫ്. സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യവും വാതോരാതെ സംസാരിക്കുന്നവര്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ മറവില്‍ പരസ്പരം സംഘര്‍ഷങ്ങളുണ്ടാക്കി ആധിപത്യത്തിന്റെ കത്തിമുന കൂര്‍പ്പിക്കുന്നത് ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ല. അടിച്ചമര്‍ത്തിവെച്ച സംഘടനാ ഫാസിസവും ഏകാധിപത്യ പ്രവണതകളില്‍ സഹികെട്ട വിദ്യാര്‍ഥി രോഷവുമാണ് എസ് എഫ് ഐ പ്രവര്‍ത്തകരില്‍ നിന്നുതന്നെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

തെരുവുകളില്‍ ആവിഷ്‌കാരവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ മുന്നോട്ട് വരുന്നവര്‍ തന്നെ മറ്റുള്ളവരുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെപോലും നിഷേധിക്കുന്നത് വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ എസ് എഫ് ഐക്ക് യോജിച്ചതല്ല. സ്വന്തം അനുഭാവികള്‍ക്ക് പോലും ഈ സ്വാതന്ത്ര്യം അനുവദിക്കാന്‍ എസ് എഫ് ഐ തയ്യാറാകാത്തതിന്റെ പ്രതിഫലനമാണ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സംഭവിച്ചതെന്നും എസ് എസ് എഫ് കുറ്റപ്പെടുത്തി.