പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ്; ആദ്യം ബോധവത്കരണം; നടപടി പിന്നെ

Posted on: July 12, 2019 10:22 am | Last updated: July 12, 2019 at 1:03 pm


തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റ് യാത്രികർക്ക് ഹെൽമെറ്റും കാറുകളുടെ പിൻസീറ്റുകാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കാനുള്ള നടപടി തിടുക്കത്തിൽ വേണ്ടെന്ന് ഗതാഗത വകുപ്പ്. ഒരു മാസത്തെ ബോധവത്കരണത്തിന് ഗതാഗത വകുപ്പ് ഉടൻ തുടക്കമിടും. ഇതിന് ശേഷമാകും ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുക.

ഹെൽമെറ്റും സീറ്റ് ബെൽറ്റും നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ കത്തെഴുതിയതിന് പിന്നാലെ മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ച യോഗത്തിലാണ് ഇക്കാര്യത്തിൽ പ്രാഥമിക ധാരണയായത്.
ബോധവത്കരണ പ്രവർത്തനങ്ങൾക്കായി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെയും എഫ് എം റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെയും സഹായം തേടും. ഗതാഗത സെക്രട്ടറി, റോഡ് സുരക്ഷാ അതോറിറ്റി സെക്രട്ടറി, ട്രാൻസ്‌പോർട്ട് കമ്മീഷണർ സുധേഷ് കുമാർ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.

അതേസമയം, പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റ് കർശനമാക്കിയ സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കാൻ പോലീസ്, മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. നിയമം പാലിക്കപ്പെടാത്ത സാഹചര്യത്തിൽ അപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് തുക കമ്പനികൾ നൽകാൻ വിസമ്മതിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 2015ലാണ് സുപ്രീം കോടതിയുടെ സമിതി സീറ്റ് ബെൽറ്റും ഹെൽമെറ്റും കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.