Connect with us

Articles

നിദ്ര നിശയിങ്കല്‍ പോലുമില്ലാതായി

Published

|

Last Updated

ഒന്നു കുളിച്ചെന്നു വരുത്തി, ഒന്നു സാരി ഉടുത്തെന്ന് വരുത്തി, ഒന്നു മുഖം മിനുക്കിയെന്ന് വരുത്തി സൗദാമിനി ടീച്ചര്‍ ബൈക്കിലേക്ക് ചാടിക്കയറി. കഫേയിലേക്കാണ്. കണക്ക് റെഡിയാക്കണം. സമന്വയ. അതിന് മുമ്പ് സ്‌കൂളിലെത്തി രണ്ടുമൂന്ന് ഫയലുകള്‍ എടുക്കണം.

അപ്പോഴേക്കും ഫോണ്‍ കരഞ്ഞു. അങ്ങേത്തലക്കല്‍ ഒരു രക്ഷിതാവാണ്.
ഹെഡ്ടീച്ചറേ, ഈ യൂനിഫോം തയ്ച്ച് കിട്ടിയിട്ടില്ല, അടുത്താഴ്ച മുതല്‍ പോരേ?
മതി. അടുത്താഴ്ച മതി. വേഗം ഫോണ്‍ കട്ട് ചെയ്തു. കഴിഞ്ഞ പി ടി എ യോഗത്തില്‍ യൂനിഫോം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതാണ്. രക്ഷിതാവിന്റെ ആധി.
കഫേയില്‍ ചെന്നിട്ട് സമന്വയ ശരിയാക്കണം. അധ്യാപകരുടെ പേരും മറ്റും കയറ്റി തസ്തിക നിര്‍ണയിക്കണം. ഇന്നാണ് അവസാന ദിവസം. കഴിഞ്ഞ ദിവസം കഫേയില്‍ തന്നെയായിരുന്നു. തിരക്ക് തന്നെ തിരക്ക്. ഊഴമെത്തിയപ്പോള്‍ നെറ്റില്ല. നൈറ്റായപ്പോള്‍ വീട്ടിലേക്ക് തിരിച്ചു.

വീണ്ടും വിളി. പാചകക്കാരിയാണ്. ടീച്ചര്‍ വണ്ടി നിര്‍ത്തി.
ടീച്ചറേ, ഇന്ന് ഉപ്പേരിയുള്ള ദിവസമല്ലേ, പയര്‍ വാങ്ങിക്കോ, കഴിഞ്ഞ ദിവസം വാങ്ങിയത് മുഴുവന്‍ ഉണങ്ങിപ്പോയി. ഒരു കിലോ വേണം.
പയറാണ്. കുട്ടികളുടെ വയറിന്റെ കാര്യമാണ്. ടൗണിലെ പച്ചക്കറിക്കടയില്‍ കയറണം. അവിടെയും തിരക്കായിരിക്കും.
പാചകക്കാരി വീണ്ടും വിളിച്ചു.
ടീച്ചറേ, ഒരു പാക്കറ്റ് ഉപ്പ് കൂടി വാങ്ങിച്ചോ.

നേരത്തെ പറഞ്ഞുകൂടായിരുന്നോ?
ഉപ്പ് തീര്‍ന്നത് ഞാനറിഞ്ഞില്ല, ടീച്ചറേ…
ഉപ്പും പയറും വാങ്ങി ഇന്ന് സ്‌കൂളിലെത്തുമ്പോള്‍ സമയം പത്ത് കഴിയും. പോരെങ്കില്‍ ടൗണിലെ ബ്ലോക്കും. അതു കഴിഞ്ഞ് വേണം സമന്വയ…
എല്‍ പി സ്‌കൂളിലെ ഹെഡ്ടീച്ചറുടെ ഒരു കാര്യം. എ ഇ ഓഫീസ്, ട്രഷറി, ഉച്ചഭക്ഷണം, അരിയെടുക്കല്‍, സാധനങ്ങള്‍ വാങ്ങല്‍, അതിനൊപ്പം ഒരു നൂറായിരം കടലാസ് ശരിയാക്കലും. ഇതൊക്കെ കഴിഞ്ഞ് ക്ലാസില്‍ പോകാനെപ്പോഴാ നേരം? പിള്ളേരെ ശരിക്കൊന്ന് പഠിപ്പിച്ചിട്ട് കുറെ നാളായി. വീട്ടിലെ പണി വേറെയും. ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍ പോലുമില്ലാതായി…
സ്‌കൂളിന്റെ ഫിറ്റ്‌നസ് കഴിഞ്ഞ ദിവസമാണ് കിട്ടിയത്. ആധാറില്ലാത്ത കുട്ടികളുടെ ലിസ്റ്റും തയ്യാറാക്കി. ഇനി ഇതൊക്കെ സമന്വയയില്‍ കയറ്റണം. എന്നാലേ സമാധാനമാകൂ.

ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം 11 മണിക്ക് മുമ്പായി അപ്‌ലോഡ് ചെയ്യണമെന്നാണ്. പലപ്പോഴും കഴിയാറില്ല. മൊബൈല്‍ ഫോണ്‍ വഴി ചെയ്യണമെന്ന് വിചാരിക്കും. ജാമായിരിക്കും. തിരിഞ്ഞു തിരിഞ്ഞ് കളിക്കും. കൂടെ നമ്മളും തിരിയും. പിന്നെ കഫേയിലേക്ക് ഓട്ടമാണ്.

ടീച്ചര്‍ പച്ചക്കറിക്കടയില്‍ കയറി. പയറും ഉപ്പും വാങ്ങി. സ്‌കൂളിലെത്തുമ്പോള്‍ പ്രാര്‍ഥന തുടങ്ങിയിരുന്നു.
ദൈവമേ, കൈ തൊഴാം, കേള്‍ക്കുമാറാകണേ,
പാവമാം എന്നെ നീ കാക്കുമാറാകണേ…

ടീച്ചറും മനസ്സില്‍ അതു തന്നെ പറഞ്ഞു. പാവമാം എന്നെ നീ കാക്കുമാറാകണേ…
പാചകക്കാരിക്ക് സാധനങ്ങള്‍ കൊടുത്ത് ക്ലാസ്സില്‍ കയറി. ഹാജര്‍ വിളിച്ച് ക്ലാസ് തുടങ്ങി. കഴിഞ്ഞ ദിവസം എവിടെയാ നമ്മള്‍ നിര്‍ത്തിയത്? ഓര്‍മ കിട്ടുന്നില്ല. സമ്പൂര്‍ണ, സമന്വയ, സ്പാര്‍ക്ക്, സിക്‌സ്ത്ത് വര്‍ക്കിംഗ് ഡേ, ഇ സബ്മിഷന്‍…എവിടെയാ നിര്‍ത്തിയത് കുട്ടികളേ..?
ഞങ്ങള്‍ക്കും ഓര്‍മ കിട്ടുന്നില്ല, ടീച്ചറേ…കുറെ ദിവസമായില്ലേ ടീച്ചര്‍ ക്ലാസ്സില്‍ വന്നിട്ട്.

അപ്പോഴേക്കും അറബിക് ടീച്ചര്‍ ഫോണുമായി വന്നു. കുറെ നേരമായി വിളിക്കുന്നു. തൊട്ടടുത്ത എല്‍ പി സ്‌കൂളിലെ ടീച്ചറാണ്.
ടീച്ചര്‍ തിരിച്ചു വിളിച്ചു.

ഇന്ന് 11 മണിക്ക് മുമ്പേ സമന്വയ പൂര്‍ത്തിയാക്കണമെന്നാണ് എ ഇ ഒ പറയുന്നത്. അറിഞ്ഞില്ലേ, ഇനി ശമ്പളം കിട്ടണമെങ്കില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ വേണം പോലും.
ടീച്ചര്‍ ഫോണ്‍ താഴെ വെച്ചു. ഇനി പുതിയൊരു വാക്കുകൂടി. ഡിജിറ്റല്‍. നാളെ മുതല്‍ അതിന്റെ പിന്നാലെ…