തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്‌ഷോര്‍ ബ്രേക്ക്‌വാട്ടര്‍ നടപ്പിലാക്കും: മുഖ്യമന്ത്രി

Posted on: July 11, 2019 10:27 pm | Last updated: July 11, 2019 at 10:27 pm

തിരുവനന്തപുരം: കടലാക്രമണം പ്രതിരോധിച്ച് തീര മേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്‌ഷോര്‍ ബ്രേക്ക്‌വാട്ടര്‍ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടലാക്രമണത്തിന് ഇരയാവുന്നവര്‍ക്കായി താത്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന സംസ്ഥാനത്തെ തീരമേഖലയിലെ എം എല്‍ എമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ കരിങ്കല്ലിന്റെ ക്ഷാമം പരിഹരിക്കുന്നതിന് നടപടിയുണ്ടാകും. നിലവില്‍ കല്ലിടുന്നതിന്റെ നിരക്ക് കുറവാണെന്നത് പരിശോധിച്ച് അതില്‍ മാറ്റം വരുത്തുന്നത് ആലോചിക്കും. കടലാക്രമണം സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കും. തീരപ്രദേശത്തുനിന്ന് നൂറിലേറെപേരെ ഒന്നിച്ചു മാറ്റിതാമസിപ്പിക്കേണ്ട സാഹചര്യത്തില്‍ ഒരു പാക്കേജായി സ്ഥലം കണ്ടെത്തി പുനരധിവാസം നടപ്പാക്കുന്നത് പരിഗണിക്കും. തീരപ്രദേശത്തെ കൈയേറ്റം തടയുന്നതിന് വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. തുടര്‍നടപടികള്‍ക്കും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും സമിതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.