മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; സഭാ തര്‍ക്കത്തില്‍ എട്ടു ദിവസം മോര്‍ച്ചറിയില്‍ കിടന്ന മൃതദേഹം സംസ്‌കരിച്ചു

Posted on: July 11, 2019 9:59 pm | Last updated: July 11, 2019 at 10:19 pm

കായംകുളം: സഭാ തര്‍ക്കത്തെ തുടര്‍ന്ന് എട്ട് ദിവസമായി സംസ്‌കരിക്കാന്‍ കഴിയാതിരുന്ന വൃദ്ധയുടെ മൃതദേഹം ഇന്നലെ സമാധാനപരമായി സംസ്‌കരിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കദീശ ഓര്‍ത്തഡോക്സ് സെമിത്തേരിക്ക് മുന്നിലുള്ള യാക്കോബായ സഭയുടെ സ്ഥലത്താണ് സംസ്‌കാരം നടത്തിയത്. കറ്റാനം പള്ളിക്കല്‍ കോയിക്ക വടക്ക് മഞ്ഞാടിത്തറ തോപ്പില്‍ മറിയാമ്മ ഫിലിപ്പ് (84)ന്റെ മൃതദേഹമാണ് ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്ന് എട്ട് ദിവസമായി സംസ്‌കരിക്കാതെ കറ്റാനത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

കദീശ യാക്കോബായ പള്ളി ഇടവകയില്‍പ്പെട്ടവര്‍ മരണപ്പെട്ടാല്‍ സംസ്‌കരിക്കുന്നത് കായംകുളം കട്ടച്ചിറ ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിലാണ്. എന്നാല്‍, 1934 ലെ മലങ്കര സഭയുടെ ഭരണഘടന അംഗീകരിക്കുന്ന വൈദികന് മാത്രമേ ശുശ്രൂഷകള്‍ നടത്താന്‍ കഴിയൂ എന്ന സുപ്രീം കോടതി ഉത്തരവ് ഉണ്ടെന്നും ഇത് പ്രകാരം മാത്രമേ ശുശ്രുഷകള്‍ നടത്താന്‍ പറ്റൂ എന്നും ഓര്‍ത്തഡോക്സ് വിഭാഗം നിലപാടെടുത്തു. ഇതോടെയാണ് മറിയം ഫിലിപ്പിന്റെ സംസ്‌കാരം എട്ട് ദിവസത്തോളം നടത്താതിരുന്നത്.

അതിനിടെ, ഇതിനെതിരെ യാക്കോബായ വിഭാഗം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും തുടര്‍ന്ന് വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഇടപെടുകയും ചെയ്തു. മൃതദേഹം ഉടന്‍ സംസ്‌കരിക്കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച രാത്രിതന്നെ ജില്ലാ കലക്ടറുമായി യാക്കോബായ വിഭാഗം ചര്‍ച്ച നടത്തി. തുടര്‍ന്നാണ് സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്.