മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുക തന്നെ വേണമെന്ന് സുപ്രീം കോടതി; ഉടമകളുടെ ഹരജി തള്ളി

Posted on: July 11, 2019 6:07 pm | Last updated: July 11, 2019 at 10:35 pm

ന്യൂഡല്‍ഹി: എറണാകുളം മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹരജിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. തീരദേശ പരിപാലന ചട്ടം ലംഘിച്ചു നിര്‍മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്്, ജെയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഉത്തരവില്‍ മാറ്റം വരുത്താനാകില്ലെന്ന് കോടതി കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു.

അനധികൃത കെട്ടിടങ്ങള്‍ പ്രളയത്തിനും പേമാരിക്കും കാരണമാകുന്നുണ്ടെന്നും ഇനിയുമൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.