ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഭീഷണിയായി മാല്‍വെയര്‍; ഇന്ത്യയില്‍ ഒന്നര കോടി ഫോണുകളെ ബാധിച്ചു

Posted on: July 11, 2019 4:18 pm | Last updated: July 11, 2019 at 4:18 pm

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഭീഷണി ഉയര്‍ത്തി പുതിയ മാല്‍വെയര്‍. എജന്റ് സ്മിത്ത് (Agent Smith) എന്ന മാല്‍വെയര്‍ ലോക വ്യാപകമായി രണ്ടര കോടിയിലധികം ഫോണുകളെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ മാത്രം ഒന്നര കോടി ഫോണുകളെ മാല്‍വെയര്‍ പിടികൂടിയിട്ടുണ്ട്.

ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ എന്ന പേരിലാണ് മാല്‍വെയര്‍ ഫോണിലെത്തുക. ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഇത് ഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രോഗ്രാമായി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വ്യാജ പരസ്യം കാണിച്ച് പണം തട്ടുകയാണ് മാല്‍വെയറിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോപ്പികാറ്റ്, ഗൂളിഗന്‍, ഹമ്മിംഗ്‌ബേഡ് തുടങ്ങിയ മാല്‍വെയറുകള്‍ക്ക് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. കോടിക്കണക്കിന്റെ ഡോളറിന്റെ ഇടപാടുകളാണ് ഇത്തരം മാല്‍വെയറുകള്‍ക്ക് പിന്നില്‍ നടക്കുന്നത്.