ആസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ഇംഗ്ലീഷ് പട ഫൈനലില്‍; ലോകകപ്പിന് പുതിയ അവകാശികള്‍

Posted on: July 11, 2019 11:56 am | Last updated: July 12, 2019 at 10:26 am

ബര്‍മിംഗ്ഹാം: ലോകകപ്പിലെ രണ്ടാം സെമിഫൈനലില്‍ ആസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലില്‍. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഇതോടെ ഫൈനലില്‍ ആര് ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളുണ്ടാകും. വെസ്റ്റിന്‍ഡീസ്, ഇന്ത്യ, ആസ്‌ത്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ 5 ടീമുകള്‍ മാത്രമാണ് ഇതുവരെ ലോകകപ്പ് ഉയര്‍ത്തിയത്. മൂന്ന് തവണ ഫൈനലിലെത്തിയ ഇംഗ്ലണ്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫൈനലിലെത്തുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ആസ്‌ത്രേലിയയോട് ഫൈനലില്‍ തോറ്റ് നഷ്ടമായ കിരീടം കൈപ്പിടിയിലൊതുക്കാനാണ് ന്യൂസിലാന്‍ഡ് ഇറങ്ങുന്നത്.

ഇംഗ്ലീഷ് വിജയം അനായാസം 

65 പന്തില്‍ തകര്‍പ്പന്‍ ഷോട്ടുകളിലൂടെ 85 റണ്‍സ് നേടിയ ജേസന്‍ റോയാണ് ഇംഗ്ലണ്ടിന് അനായാസ വിജയമൊരുക്കിയത്. ഓസീസ് ബൗളര്‍മാരെ 5 സിക്‌സറുകളാണ് റോയ് പറത്തിയത്. ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ റോയുടെ ബാറ്റില്‍ നിന്ന് മാത്രമാണ് സിക്‌സറുകള്‍ പിറന്നത്. ജോമി ബെയര്‍ സ്‌റ്റോ 43 പന്തില്‍ 34 റണ്‍സ് നേടി. 46 പന്തില്‍ 49 റണ്‍സ് നേടി ജോ റൂട്ടും 39 പന്തില്‍ 45 നേടിയ ഇയോണ്‍ മോര്‍ഗനും പുറത്താകാതെ നിന്ന് 33 ആം ഓവറില്‍ തന്നെ കളിയവസാനിപ്പിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമ്മിന്‍സിനുമാണ് ഓസീസ് നിരയില്‍ വിക്കറ്റ് നേടാനായത്.

അംപയര്‍മാര്‍ക്ക് വീണ്ടും പിഴച്ചു

സെഞ്ചുറിയിലേക്ക് ബാറ്റു വീശിയ ഇംഗ്ലീഷ് ഓപ്പണര്‍ ജാസന്‍ റോയ്യാണ് അംപയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ബാറ്റു വീശിയ റോയുടെ ശ്രമം വിഫലമായങ്കെിലും കീപ്പര്‍ പന്ത് കൈപിടിയിലൊതുക്കിയതിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. പന്ത് ബാറ്റിലുരസിയിരുന്നില്ലെന്ന് വ്യക്തമായിരുന്നെിട്ടും ഔട്ട് വിധിച്ചതിലുള്ള വിശമത്തോടെ അംപയര്‍മാരോട് പ്രതിഷേധമറിയിച്ചാണ് റോയ് കളം വിട്ടത്. ഡി ആര്‍ എസ് ആവശ്യപ്പെടാനുള്ള അവസരം ഇംഗ്ലണ്ടിന് നേരത്തെ തന്നെ അവസാനിച്ചതും വിനയായി.

വോക്‌സാണ് താരം

എട്ടോവര്‍ എറിഞ്ഞു 20 റണ്‍സ് മാത്രം വിട്ടു കൊടുത്ത് 2 മുന്‍നിര താരങ്ങളുടേതടക്കം 3 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് പേസര്‍ ക്രിസ്റ്റഫര്‍ റോജര്‍ വോക്സാണ് കളിയിലെ താരം.  ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടന കാഴ്ചവക്കാനാവാതിരുന്ന വോക്സിന്റെ ഇന്നത്തെ പ്രകടനമാണ് ഓസ്ട്രേലിയയെ 223 റണ്‍സിന് ഓള്‍ ഔട്ടാക്കിയത്.

2.50 മാത്രമായിരുന്നു വോക്‌സിന്റെ ഇക്കോണമി റേറ്റ്. ഓസീസിനെ എറിഞ്ഞിട്ടതിന്റെ മുഴുവന്‍ ക്രെഡിറ്റും വോകിനു തന്നെ.

തകര്‍ന്നടിഞ്ഞ് ഓസീസ് ബാറ്റിംഗ്‌

ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിതെറ്റിയ കംഗാരുക്കള്‍ ഒരോവര്‍ ബാക്കി നില്‍ക്കെ 223 റണ്‍സിന് പുറത്താവുകയായിരുന്നു. 14 റണ്‍സില്‍ നില്‍ക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടമായ ആസ്‌ത്രേലിയയെ സ്റ്റീവന്‍ സ്മിത്താണ് വന്‍ദുരന്തത്തില്‍ നിന്ന് കരകയറ്റിയത്. രണ്ടാമനായി ഇറങ്ങി 38 ഓവര്‍ വരെ ക്രീസില്‍ നിലയുറച്ച് പൊരുതിയ സ്റ്റീവന്‍ സ്മിത്തിന്റെ ഇന്നിംഗ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ഓസീസിന് വലിയ നാണക്കേടായേനെ.

119 പന്തില്‍ 85 റണ്‍സ് നേടിയ സ്മിത്തിന്റെ ഇന്നിംഗ്‌സാണ് ഓസീസിനെ ഇരുനൂറിലെത്തിച്ചത്. 70 പന്തില്‍ 46 റണ്‍സ് നേടിയ അലക്‌സ് കാരെ മാത്രമാണ് സ്മിത്തിനെ കൂടാതെ മികച്ച സ്‌കോര്‍ നേടിയത്. വന്‍ ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ട അവസരത്തിലാണ് സ്മിത്തും ക്യാരിയും ഓസീസിന് കരുത്തായത്. നൂറ് റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് സ്ഥാപിച്ച ഇരുവരും ചേര്‍ന്ന് ഓസീസിനെ ഭേദപ്പെട്ട സ്‌കേറിലെത്തിച്ചു. ആര്‍ച്ചറിന്റെ ബൗണ്‍സറില്‍ പരിക്കേറ്റിട്ടും പിടിച്ച് നിന്ന ക്യാരിയെ ആദില്‍ റഷീദാണ് പുറത്താക്കിയത്. 70 പന്തില്‍ 46 റണ്‍സാണ് ക്യാരി നേടിയത്. 23 പന്തില്‍ 22 നേടിയ മാക്‌സവെല്ലും 36 പന്തില്‍ 29 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഓസീസ് വാലറ്റത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.

8 ഓവര്‍ എറിഞ്ഞ് 20 റണ്‍സ് മാത്രം വഴങ്ങി 3 മുന്‍നിര താരങ്ങളെ പുറത്താക്കിയ ക്രിസ് വോക്‌സാണ് ഇംഗ്ലീഷ് ബൗളിംഗിന് കരുത്തായത്. 10 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി 2 മുന്‍ മുന്‍നിരതാരങ്ങളെ പുറത്താക്കിയ ജോഫ്‌റ ആര്‍ച്ചറും 54 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയ ആദില്‍ റഷീദും ഓസീസ് പതനത്തിന് ആക്കം കൂട്ടി.