Connect with us

National

കര്‍ണാടക വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ ഇന്ന് തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ബംഗളൂരു: തങ്ങളുടെ രാജി സ്പീക്കര്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് പത്ത് വിമത എം എല്‍ എമാര്‍ നല്‍കിയ ഹരജയില്‍ സുപ്രീംകോടതി ഉത്തരവ്. എം എല്‍ എമാരുടെ രാജി പരിഗണിക്കുന്ന കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പായി എം എല്‍ എമാര്‍ സ്പീക്കര്‍ക്ക് മുമ്പാകെ ഹാജരാകണം. ഇവര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കാന്‍ സംസ്ഥാന ഡി ജി പിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. നാളെ സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുമെന്നും ഈ സമയം എം എല്‍ എമാര്‍ ഹാജരയത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ ഹോട്ടലില്‍ കഴിയുന്ന എം എല്‍ എമാര്‍ അല്‍പ്പസമത്തിനകം നാട്ടിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇന്നലെ മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എന്നാല്‍ അതിന് തയ്യാറല്ലെന്ന് അദ്ദേഹം ഇന്ന് വ്യക്തമാക്കി. നാളെ നടക്കാനിരിക്കുന്ന നിയമസഭ യോഗത്തിന് മുമ്പായി ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് കുമാരസ്വാമി രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാറിന് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്നും സഖ്യ സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് കുമാരസ്വാമി രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറും പ്രതികരിച്ചു.

സഖ്യ സര്‍ക്കാര്‍ ഭരണത്തില്‍ തുടരാന്‍ വിദൂര സാധ്യത പോലും നിലവില്‍ കര്‍ണാടകയില്‍ ഇല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കുമാരസ്വാമി രാജിവെക്കാന്‍ തയ്യാറുമാണ്. എന്നാല്‍ രാജിവെച്ച എം എല്‍ എമാരുടെ കാര്യത്തില്‍ സ്പീക്കറുടെ അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുമാരസ്വാമിയെ ഉപദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തീരുമാനം മാറ്റിയതെന്നാണ്‌ വിവരം.