Connect with us

Kozhikode

കേന്ദ്രമന്ത്രി നിതിൻ ഗാഡ്കരിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡൽഹി: കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗാഡ്കരിയുമായി ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ സാമൂഹിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്തത്. മത ജാതി ഭേദമന്യേ ജനസമൂഹത്തിന് പ്രയോജനം ലഭ്യമാക്കി മർകസിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈജ്ഞാനിക ജീവകാരുണ്യ പദ്ധതികൾ കാന്തപുരം വിശദീകരിച്ചു.

രാജ്യത്തെ ജനങ്ങളുടെ പുരോഗതിയും വികസനവും കൂടുതൽ മെച്ചപ്പെടുത്താനുള്ള വ്യത്യസ്ത പദ്ധതികളാണ് പുതിയ സർക്കാർ വന്ന ശേഷം ആവിഷ്‌കരിച്ചിരിക്കുതെന്ന് മന്ത്രി ഗാഡ്കരി പറഞ്ഞു. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ വിഭവം പൗരന്മാരാണ്. ജനസംഖ്യയിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമെന്ന നിലയിൽ മാനുഷിക വിഭവങ്ങളാൽ സമൃദ്ധമാണ് ഇന്ത്യ. രാജ്യത്തിന്റെ പ്രധാന വിഭവമായി ഈ മനുഷ്യരുടെ കഴിവുകൾ ഉയർത്തിക്കൊണ്ടുവരാനുള്ള വിദ്യാഭ്യാസ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പ്രയത്‌നിക്കും. വിദ്യാഭ്യാസം, രാഷ്ട്ര സുരക്ഷ, വികസനം, ബഹുസ്വരതാ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഊന്നൽ നൽകിയിരിക്കുതെന്നും മന്ത്രി പറഞ്ഞു. മർകസിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിപുലമായി മനസ്സിലാക്കാൻ സാധിച്ചതിലുള്ള സന്തോഷവും മന്ത്രി പങ്കുവെച്ചു.

ലോക്സഭാ സ്പീക്കർ ഒ എം ബിർള, കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി വി മുരളീധരൻ എന്നിവരുമായും കാന്തപുരം കൂടിക്കാഴ്ച നടത്തി.

അലിഗഢ് യൂനിവേഴ്‌സിറ്റി മലപ്പുറം ഉപകേന്ദ്രത്തിന്റെ അക്കാദമിക പരിതാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കാനും കേരള സർക്കാർ 300 ഏക്കർ ഭൂമി നീക്കി വെച്ച പ്രൊജക്ടിനെ ദക്ഷിണേന്ത്യയിലെ പ്രധാന വൈജ്ഞാനിക ഹബ്ബുകളിൽ ഒന്നായി ഉയർത്തിക്കൊണ്ടുവരാനും ആവശ്യമായ ഫണ്ടും വിഭവങ്ങളും ലഭ്യമാക്കാനും അദ്ദേഹം മന്ത്രി മുരളീധരനോട് അഭ്യർഥിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി എന്നിവരും സംബന്ധിച്ചു.

Latest