കര്‍ണാടകയില്‍ രാജിവച്ച എം എല്‍ എയെ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിയുടെ മുറിയിലിട്ടു പൂട്ടി

Posted on: July 10, 2019 8:18 pm | Last updated: July 11, 2019 at 9:08 am

ബെംഗളൂരു: രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂടി രാജിവച്ചതിനു പിന്നാലെ കര്‍ണാടക വിധാന്‍ സൗദയില്‍ നാടകീയ രംഗങ്ങള്‍. രാജിവച്ചവരില്‍ കെ സുധാകര്‍ എം എല്‍ എയെ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രികെ ജെ ജോര്‍ജിന്റെ മുറിയില്‍ പൂട്ടിയിട്ടുവെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

സുധാകര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ച്‌ മടങ്ങുന്നതിനിടെയാണ് സംഭവം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവിന്റെ നേതൃത്വത്തില്‍ സുധാകറിനെ മന്ത്രിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ അവിടെ പൂട്ടിയിടുകയായിരുന്നു. എം ടി ബി നാഗരാജ് ആണ് ഇന്ന് രാജിവച്ച മറ്റൊരു എം എല്‍ എ.