കശ്മീരിനെ മറക്കരുത്; കശ്മീര്‍ സര്‍ക്കാറിനും ഇന്ത്യന്‍ സേനക്കും കനത്ത പ്രഹരമേല്‍പ്പിക്കണം: സവാഹിരി

Posted on: July 10, 2019 7:51 pm | Last updated: July 10, 2019 at 10:57 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സര്‍ക്കാറിനും ഇന്ത്യ സേനക്കും കനത്ത പ്രഹരമേല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് അല്‍ഖാഇദ നേതാവ് അയ്മന്‍ ഇല്‍ സവാഹിരിയുടെ വീഡിയോ സന്ദേശം. കശ്മീരിലെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെ സംബന്ധിച്ചും ‘കശ്മീരിനെ മറക്കരുത്’ എന്ന തലക്കെട്ടിലുള്ള വീഡിയോയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കശ്മീരിലെ സര്‍ക്കാറിനും ഇന്ത്യന്‍ സൈന്യത്തിനും പ്രഹരമേല്‍പ്പിക്കുന്നതില്‍ ഏക മനസ്സോടെ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുകയും മാനവശേഷിക്കും വസ്തുവഹകള്‍ക്കും നാശമുണ്ടാക്കുകയും വേണം. എന്നാല്‍, കശ്മീരില്‍ സുരക്ഷാ സേന വധിച്ച അല്‍ഖാഇദ ഭീകരന്‍ സാക്കിര്‍ മൂസയുടെ ഫോട്ടോ വീഡിയോയില്‍ കാണിച്ചെങ്കിലും കശ്മീരിനെ സംബന്ധിച്ച് മാത്രമാണ് സവാഹിരി സംസാരിച്ചത്. അല്‍ഖാഇദയുടെ ഇന്ത്യന്‍ പതിപ്പായ അന്‍സാര്‍ ‘ഗസ്‌വതുല്‍ ഹിന്ദി’ന്റെ സ്ഥാപകനാണ് സാക്കിര്‍ മൂസ.

പാക് സര്‍ക്കാറും സൈന്യവും അമേരിക്കയുടെ കുഴലൂത്തുകാരാണെന്നും അവരുടെ കെണിയില്‍ ഭീകര ഗ്രൂപ്പുകളില്‍ പെട്ടവര്‍ വീഴരുതെന്നും സവാഹിരി പറഞ്ഞു. പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മുജാഹിദീനിനെ ചൂഷണം ചെയ്യുന്നവരാണ് പാക് സര്‍ക്കാറും സൈന്യവും. ഇന്ത്യ-പാക് സംഘര്‍ഷം അമേരിക്കന്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്നതും കാലങ്ങളോളം നിലനില്‍ക്കുന്നതുമായ ഒരു പോരാട്ടം മാത്രമാണ്.

അതേസമയം, തങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കാണിക്കാന്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ എസ് ഐയാണ് ഇത്തരമൊരു വീഡിയോ പുറത്തുവിട്ടതെന്ന് ചില വിദഗ്ധന്മാര്‍ നിരീക്ഷിക്കുന്നു.