കുതിരക്കച്ചവടം തകര്‍ക്കുന്നു: രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍കൂടി രാജിവെച്ചു

Posted on: July 10, 2019 5:59 pm | Last updated: July 10, 2019 at 9:34 pm

ബംഗളൂരു: കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ പിടിച്ചുനിര്‍ത്താനുള്ള എല്ലാ പ്രതീക്ഷകളു അവസാനിക്കുന്നു. ബംഗളൂരുവിലുണ്ടായിട്ടും ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ എത്താതിരുന്ന രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂടി രാജിവെച്ചു. എം ടി ബി നാഗരാജ്, സുധാകര്‍ എന്നീ കോണ്‍ഗ്രസ് എം എല്‍ എമാരാണ് സ്പീക്കറെ കണ്ട് രാജിവെച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന എം എല്‍ എമാരാണ് രാജിവെച്ചത്. 13 കോണ്‍ഗ്രസ് എം എല്‍ എമാരും മൂന്ന് ജെ ഡി എസ് എം എല്‍ എമാരും അടക്കം രാജിവെച്ച എം എല്‍ എമാരുടെ എണ്ണം ഇതോടെ 16 ആയി. പുതുതായി ലഭിച്ച രാജിയില്‍ നടപടി ക്രമങ്ങള്‍ അനുസരിച്ച് തീരുമാനം എടുക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.

നേരത്തെ മുംബൈയിലെത്തി വിമത എം എല്‍ എമാരെ കാണാനുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. എം എല്‍ എമാര്‍ താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലില്‍ റൂം ബുക്ക് ചെയ്താണ് ഡി കെ എത്തിയതെങ്കിലും പെട്ടന്ന് ബുക്കിംഗ് റദ്ദ് ചെയ്യപ്പെട്ടു. ഹോട്ടലില്‍ പ്രവേശിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ആറ് മണിക്കൂറോളം ഹോട്ടലിന് പുറത്ത് നിന്ന അദ്ദേഹത്തെ ഒടുവില്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോട്ടലിലും പരിസരത്തും മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.