മദ്യവും തോക്കുകളുമായി ഡാന്‍സ് കളിച്ച് ബി ജെ പി എം എല്‍ എയുടെ ആഘോഷം

Posted on: July 10, 2019 5:20 pm | Last updated: July 10, 2019 at 8:30 pm

ന്യൂഡല്‍ഹി: മദ്യവും തോക്കുകളുമായി അണികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് ബി ജെ പി എം എല്‍ എ. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ കുണ്‍വാര്‍ പ്രണവ് സിംഗ് ചാമ്പ്യനാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. കാലിന് നടത്തിയ സര്‍ജറിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ പ്രണവ് സിംഗ് സുഹൃത്തുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പം മടങ്ങിവരവ് ആഘോഷിക്കുകയായിരുന്നു.

തോക്കുകള്‍ കൈയില്‍പിടിച്ചും കടിച്ചുപിടിച്ചും മദ്യപിച്ചുമായിരുന്നു ഡാന്‍സ്. വീട്ടില്‍ സൂക്ഷിച്ച വിവിധ തോക്കുകളും അദ്ദേഹം ഡാന്‍സിനിടെ പ്രദര്‍ശിപ്പിച്ചു. കറുപ്പ് ബനിയനും പാന്റ്‌സും അണിഞ്ഞ് സോഫയിലേക്ക് കാല്‍ കയറ്റിവച്ചായിരുന്നു എം എല്‍ എയുടെ ചുവടുകള്‍.

നേരത്തെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഇയാളെ മൂന്ന് മാസത്തേക്ക് പാര്‍ട്ടിയില്‍ നി്ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എം എല്‍ എ പ്രദര്‍ശിപ്പിച്ച തോക്കുകള്‍ ലൈസന്‍സുള്ളവയാണോയെന്ന് അന്വേഷിക്കുമെന്നും തെറ്റുകാരനാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് ബി ജെ പിയിലെത്തുകയായിരുന്നു.