ജഡേജ- ധോണി പോരാട്ടം വിഫലം: മാഞ്ചസ്റ്ററില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ സ്വപ്‌നം

Posted on: July 10, 2019 4:07 pm | Last updated: July 11, 2019 at 8:45 am

മാഞ്ചസ്റ്റര്‍: ന്യൂസിലന്‍ഡ് പേസ് ആക്രമണത്തിന് കോലിയും രോഹിതുമടക്കമുള്ള ലോകത്താര ബാറ്റിംഗ് നിര കളി മറന്നപ്പോള്‍ തകര്‍ന്നടിഞ്ഞത് വീണ്ടും ഒരു ലോകകപ്പെന്ന ജനകോടികളുടെ സ്വപ്നം.

ഈ ലോകകപ്പില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ കിട്ടിയ അവസരം മുതലെടുത്ത് ജഡേജ നടത്തിയ പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. തുടക്കത്തിലെ കൂട്ടതകര്‍ച്ചക്ക് ശേഷം മുന്‍ക്യാപ്റ്റന്‍ ധോണിയെ കൂട്ടുപിടിച്ച് ജഡേജ ഇന്ത്യന്‍ ഇന്നിംഗ്‌സിന് ജീവന്‍ നല്‍കിയെങ്കിലും ലക്ഷ്യത്തോട് അടുക്കുന്നതിനിടെ ഇരുവരും പുറത്തായതാണ് പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യെ 49.3 ഓവറില്‍ 221 റണ്‍സിന് പുറത്താകുകയായിരുന്നു. പത്ത് ഓവറില്‍ 37 റണ്‍സ് മാത്രം നല്‍കിയ ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്ത ഹെന്റിയാണ് കളിയിലെ താരം.

ബൗളര്‍മാരുടെ പറുദീസയായ വിക്കറ്റില്‍ ഹെന്റിയും ബോള്‍ട്ടും മിന്നല്‍പിണര്‍ തീര്‍ത്തപ്പോള്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിന് പുറകെ ഒന്നായി കൂടാരം കയറി. നാല് ഓവര്‍ പിന്നിട്ടപ്പോള്‍ ആറ് റണ്‍സിനിടെ മൂന്ന് പേര്‍ മടങ്ങി. കഴിഞ്ഞ മത്സരത്തിലെയെല്ലാം ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായ രോഹിത് ശര്‍മ, ഓപ്പണിംഗ് പാര്‍ണര്‍ കെ എല്‍ രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരാണ് പുറത്തായത്. ഏകദിന ക്രിക്കറ്റില്‍ ആദ്യമായാണ് മൂന്ന് നിര ബാറ്റ്‌സ്മാന്‍മാര്‍ ഒരു റണ്‍സ് എടുത്ത് പുറത്തായത്. ഋഷബ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ചെറുത്ത്‌നില്‍പ്പിന് ശ്രമിച്ചെങ്കിലും നിലയുറപ്പിക്കാന്‍ കിവീസ് അനുവദിച്ചില്ല.

ഏഴാം വിക്കറ്റില്‍ ധോണിയും ജഡേജയും ക്രീസില്‍ ഒരുമിക്കുമ്പോള്‍ ഇന്ത്യ ലക്ഷ്യത്തിന് ഏറെ അകലെയായിരുന്നു. എന്നാല്‍ സെഞ്ച്വറി കൂട്ട്‌കെട്ടുയര്‍ത്തി സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ വലിയ റണ്‍റേറ്റ് മറികടക്കാനുള്ള ശ്രമത്തിനിടെ ജഡേജ പുറത്തായി. നാല് ഫോറും നാല് സിക്‌സറുമടക്കം 59 പന്തല്‍ 77 റണ്‍സാണ് ജഡേജ സ്‌കോര്‍ ചെയ്തത്. മത്സരം അവസാന ഓവറുകളിലേക്ക് കടന്നതോടെ 50 റണ്‍സെടുത്ത ധോണി റണ്ണൗട്ടായി. പിന്നീട് ഇത്യന്‍ വാലറ്റത്തൈ ബോള്‍ട്ട് ചുരുട്ടിക്കെട്ടുകയായിരുന്നു. 32 റണ്‍സ് വീതമെടുത്ത ഋഷ്ബ് പന്തും, ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍. ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റ്‌നറും ബോള്‍ട്ട് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

റിസര്‍വ്വ് ദിനമായ ഇന്ന് 221ന് അഞ്ച് എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലന്‍ഡിനെ നിശ്ചിത അമ്പത് ഓവറില്‍ 238ല്‍ ഇന്ത്യ പുറത്താക്കുകയായിരുന്നു.

 

 

സ്കോര്‍: ന്യൂസിലന്‍ഡ്- നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239
ഇന്ത്യ- 49.3 ഓവറില്‍ 221 റണ്‍സിന് പുറത്ത്