സ്പീക്കര്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന്;കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍

Posted on: July 10, 2019 12:01 pm | Last updated: July 10, 2019 at 5:21 pm

മുംബൈ: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടക സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുന്ന സ്പീക്കര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുനിന്നില്ലെന്ന് കാണിച്ചാണ് സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനെതിരെ പരമോന്നത കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ന്യൂനപക്ഷ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അവസരമൊരുക്കാനാണ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നതെന്നും വിമത എംഎല്‍എമാര്‍ ആരോപിക്കുന്നു. ഹരജി വ്യാഴാഴ്ച പരിഗണിക്കും.

2018ല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹരജി കോടതി രാത്രിയില്‍ കേട്ടിരുന്നു. ആ കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷയോടൊപ്പമാണ് വിമത എംഎല്‍എമാര്‍ ഹരജിയുമായി സുപ്രീം കോടതിയെ സമപിച്ചത്. ആ കേസില്‍ ഇതുവരെ വാദം പൂര്‍ത്തിയായിട്ടില്ല. ഇവ രണ്ടും പരിഗണിച്ച് തീര്‍പ്പുണ്ടാക്കണമെന്നാണ് എംഎല്‍എമാര്‍ വാദിക്കുന്നത്. വിമത എംഎല്‍എമാരുടെ രാജിയില്‍ ചട്ടലംഘനമുണ്ടെന്ന് കാണിച്ചാണ് സ്പീക്കര്‍ രാജി സ്വീകരിക്കാതിരിക്കുന്നത് . വിമത എംഎല്‍എമാരുടെ പുതിയ നീക്കം സഖ്യ സര്‍ക്കാറിനെ കൂടുതല്‍ കുരുക്കിലാക്കിയിരിക്കുകയാണ്.