ജലസംഭരണികള്‍ വര്‍ഷത്തില്‍ രണ്ട് തവണ വൃത്തിയാക്കണമെന്ന് നഗരസഭ

Posted on: July 9, 2019 9:15 pm | Last updated: July 9, 2019 at 9:15 pm

ദുബൈ: നിത്യോപയോഗത്തിനുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കെട്ടിട ഉടമകള്‍ക്ക് ബാധ്യതയുണ്ടെന്ന് ദുബൈ നഗരസഭ. ഇതിന്റെ ഭാഗമായി കെട്ടിടത്തിലെ ജലസംഭരണികള്‍ വര്‍ഷത്തില്‍ രണ്ട് തവണ നിര്‍ബന്ധമായും വൃത്തിയാക്കണം.
നഗരസഭ പുറത്തിറക്കിയ, കെട്ടിട ഉടമകള്‍ക്കുള്ള സര്‍ക്കുലറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കുന്ന ജോലികളില്‍ നൈപുണ്യമുള്ളതും നഗരസഭയില്‍ അംഗീകൃതവുമായ സ്ഥാപനങ്ങള്‍ മുഖേനയാണ് ജലസംഭരണികള്‍ വൃത്തിയാക്കലും അറ്റകുറ്റപ്പണികളും നടത്തേണ്ടതെന്ന് നഗരസഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ക്ലീനിംഗ് കമ്പനികളുമായി കെട്ടിട ഉടമകള്‍ കരാറുണ്ടാക്കണം.

തങ്ങളുടെ കെട്ടിടങ്ങളിലെ ജലസംഭരണികളും ജലവിതരണ പൈപ്പ് ശൃംഖലകളും നരസഭയുടെ നിബന്ധനകള്‍ക്ക് വിധേയമാണോ എന്ന് എമിറേറ്റിലെ മുഴുവന്‍ സ്‌കൂള്‍ അധികൃതരും ഉറപ്പുവരുത്തണമെന്നും നഗരസഭ ആവശ്യപ്പെട്ടു. കുട്ടികളുടെയും താമസക്കാരുടെയും ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള ബാക്ടീരിയകള്‍ ജലസംഭരണികളിലില്ലെന്ന് കെട്ടിട ഉടമകള്‍ ഈ രംഗത്തെ പരിചിതര്‍ മുഖേന ഉറപ്പുവരുത്തണം. പൊതുജനാരോഗ്യത്തിന് ഹാനിയാകുന്ന ഒന്നിന് നേരെയും കണ്ണടക്കില്ലെന്ന് നഗരസഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
സ്ഥാപന ഉടമയോ കെട്ടിട ഉടമയോയാണ് വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും ജലസംഭരണികള്‍ പരിശോധിക്കേണ്ടത്.
അജ്മാനില്‍ ഒരു താമസ കെട്ടിടത്തിലെ ജലസംഭരണിയില്‍ മാലിന്യം കലര്‍ന്നുണ്ടായ വിഷബാധയേറ്റ് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് യു എ ഇയില്‍ ഈയിടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കെട്ടിടത്തിലെ മലിനജലം ഒഴുകുന്ന പൈപ്പിലുണ്ടായ ലീക്കേജുകളായിരുന്നു ദുരന്ത കാരണമെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടിരുന്നു.