ഗാന്ധിയുടെ 150ാം ജന്മദിനാഘോഷം; 150 കിലോമീറ്റര്‍ പദയാത്ര നടത്താന്‍ ബി ജെ പി എം പിമാരോട് നിര്‍ദേശിച്ച് മോദി

Posted on: July 9, 2019 3:52 pm | Last updated: July 9, 2019 at 7:58 pm

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും വല്ലഭായ് പട്ടേലിന്റെയും 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 150 കിലോമീറ്റര്‍ പദയാത്ര നടത്താന്‍ ബി ജെ പി എം പിമാരോട് നിര്‍ദേശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗാന്ധിയുടെ ജന്മദിനം ഒക്ടോബര്‍ രണ്ടിനും പട്ടേലിന്റെത് 31നുമാണ്. ദിവസം 15 കിലോമീറ്റര്‍ എന്ന തോതില്‍ 150 കിലോമീറ്റര്‍ പൂര്‍ത്തിയാക്കണമെന്ന് ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്ത ബി ജെ പി എം പിമാരുടെ യോഗത്തില്‍ മോദി ആവശ്യപ്പെട്ടു.

പദയാത്രയില്‍ പാര്‍ട്ടിയുടെ രാജ്യസഭാ അംഗങ്ങളും പങ്കെടുക്കണമെന്നും ബി ജെ പിയുടെ സംഘടനാടിത്തറ ദുര്‍ബലമായ മണ്ഡലങ്ങള്‍ സന്ദര്‍ശിക്കണമെന്നും മോദി യോഗത്തില്‍ നിര്‍ദേശിച്ചതായി പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. ഗ്രാമങ്ങളുടെ പുനരുദ്ധാരണവും സ്വാശ്രയശീലം, നാണ്യവിള കൃഷി, മുതല്‍മുടക്കില്ലാത്ത കൃഷി സമ്പ്രദായം തുടങ്ങിയവ പ്രോത്സാഹിപ്പിക്കലും മറ്റും യാത്രയുടെ ഉദ്ദേശ്യമാണെന്ന് ജോഷി വ്യക്തമാക്കി.