Connect with us

Kerala

കേന്ദ്ര കരാര്‍ കൃഷി നിയമം കേരളത്തില്‍ നടപ്പാക്കില്ല: മന്ത്രി സുനില്‍കുമാര്‍

Published

|

Last Updated

തിരുവനന്തപുരം: വന്‍കിട കുത്തക കമ്പനികള്‍ക്ക് കരാര്‍ കൃഷി ചെയ്യാന്‍ അനുമതി നല്‍കുന്ന കരാര്‍ കൃഷി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തൊമര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കൃഷിമന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം സംസ്ഥാനം തള്ളിയത്.

കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകള്‍ക്കും കാര്‍ഷികോത്പാദന സംഘടനകള്‍ക്കും കരാര്‍ കൃഷി നടത്താന്‍ അനുമതി നല്‍കും. എന്നാല്‍ വന്‍കിട കമ്പനികളെ കരാര്‍ കൃഷി നടത്താന്‍ അനുവദിക്കില്ല. അതേസമയം കുടുംബശ്രീ പോലുള്ള കൂട്ടായ്മയുടെ നേതൃത്വത്തില്‍ തരിശുഭൂമിയലടക്കം കൃഷി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

ഉത്പാദനം മുതല്‍ ചെറുകിട വില്‍പന വരെയുള്ള മുഴുവന്‍ മേഖലയും കോര്‍പറേറ്റുകളുടെ കൈപ്പിടിയില്‍ എത്തിക്കുന്ന നയമാണ് കരാര്‍കൃഷിയെന്നും കോര്‍പറേറ്റ് ജന്മിത്തമാണ് കരാര്‍ കൃഷിയുടെ ലക്ഷ്യമെന്നും യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
വന്‍കിട കുത്തകകളുടെ കൈയിലേക്ക് കൃഷിഭൂമി പൂര്‍ണമായി പോകുന്ന കരാര്‍കൃഷിയോട് എല്‍ ഡി എഫ് സര്‍ക്കാറിന് രാഷ്ട്രീയമായും വിയോജിപ്പുണ്ട്. കരാര്‍ കൃഷി നടത്താന്‍ അനുമതി നല്‍കിയാല്‍ കൃഷിയില്‍ നഷ്ടമുള്ളവര്‍ ഭൂമി കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ നിര്‍ബന്ധിതരാവുന്ന അവസ്ഥയുണ്ടാകും.

ബദല്‍ കാര്‍ഷിക ഉത്പാദന സഹകരണസംഘങ്ങളെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുക. ഇതുവരെ 150 സംഘങ്ങള്‍ രൂപവത്കരിച്ചു. ഉടന്‍ നൂറെണ്ണം കൂടി തുടങ്ങും. കാര്‍ഷികോദ്പാദനം മാത്രമല്ല, രണ്ടാം ഘട്ടമായി കൃഷിക്കാരെ സംരഭകരായി മാറ്റിയെടുക്കുമെന്നും വി.എസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ കേരളത്തോട് കേന്ദ്രബജറ്റ് കടുത്ത അവഗണനയാണ് കാണിച്ചതെന്നും കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് വേണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.