Connect with us

National

കര്‍ണാടകയില്‍ ഓപ്പറേഷന്‍ കമല ലക്ഷ്യത്തിലേക്ക്; വിമതരെ അയോഗ്യരാക്കിയാലും സഖ്യ സര്‍ക്കാര്‍ നിലംപൊത്തും

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാറിനെ പിടിച്ചുനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ അവസാന ശ്രമങ്ങളും പാളുന്നു. വിമതരെ മന്ത്രിസ്ഥാനം നല്‍കി കൂടെനിര്‍ത്താനുള്ള കോണ്‍ഗ്രസ് ശ്രമം പാളി. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതെ വിമത എം എല്‍ എമാര്‍ മുംബൈയില്‍ തുടരുകയാണ്. അതിനിടെ ഇന്നത്തെ നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് നാല് കോണ്‍ഗ്രസ് എം എല്‍ എമാര്‍കൂടി വിട്ടുനില്‍ക്കുന്നതയാണ് റിപ്പോര്‍ട്ട്.

കെ സി വേണുഗോപാലിനെതിരെ നടത്തിയ പ്രസ്താവനയില്‍ അച്ചടക്ക നടപടി നേരിട്ട റോഷന്‍ ബെയ്ഗും ഏറ്റവും ഒടുവിലായി താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍ വീഴുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

വിപ്പ് നല്‍കിയിട്ടും ഇന്നത്തെ നിയമസഭാ കക്ഷി യോഗത്തില്‍ എത്താത്ത എം എല്‍ എമാരെ അയോഗ്യനാക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ വിഷയത്തില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ അഭിപ്രായത്തിന് അനുസരിച്ച് താന്‍ പ്രവര്‍ത്തിക്കില്ലെന്നും ഭരണഘടനാപരമായി മാത്രമേ പ്രവര്‍ത്തിക്കൂവെന്നും സ്പീക്കര്‍ വ്യക്തമാക്കി. വിഷയത്തില്‍ സ്പീക്കര്‍ എന്ത് തീരുമാനമെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് നേതാക്കള്‍.

ഇതിനിടെ കോണ്‍ഗ്രസിന്റെയും ജെ ഡി എസിന്റെയും നില പരുങ്ങലിലായതിനെ തുടര്‍ന്ന് ബി ജെ പി ക്യാമ്പില്‍ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. അണിയറയില്‍ കൃത്യമായ നീക്കങ്ങള്‍ നടത്തുന്ന ബി ജെ പി ഇപ്പോഴും നേരിട്ട് ഇറങ്ങി കളി തുടങ്ങിയിട്ടില്ല. എങ്കിലും സ്പീക്കറുടെ തീരുമാനത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ബി ജെ പിക്കുണ്ട്.

അടുത്ത ആഴ്ച സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബി ജെ പി നേതാവ് ശോഭ കരന്തലജെ പ്രതികരിച്ചു. ബി ജെ പിക്ക് ഇപ്പോള്‍ തന്നെ 107ല്‍ കൂടുതല്‍ എം എല്‍ എമാരുടെ പിന്തുണയുണ്ട്. സഖ്യ സര്‍ക്കാര്‍ 103ലേക്ക് ചുരുങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ എം എല്‍ എമാര്‍ തങ്ങള്‍ക്ക് ഒപ്പം വരും. ബി ജെ പിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് കരുതുന്നതെന്നും ശോഭ കരന്തലജെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.