Connect with us

Ongoing News

മഴ കളിച്ചു; ഇന്ത്യ-കിവീസ് മത്സരം ഇന്ന് പുനരാരംഭിക്കും

Published

|

Last Updated

മാഞ്ചസ്റ്റര്‍: കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ നിര്‍ത്തിവച്ച ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ്  ആദ്യ സെമിഫൈനല്‍ മത്സരം ഇന്ന് തുടരും. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 46.1 ഓവറുകളില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു കളി മുടക്കി മഴയെത്തിയത്. മത്സരം ഉപേക്ഷിച്ച് റിസര്‍വ് ഡേയിലേക്ക് മാറ്റിവക്കുന്നതിനു പകരം ഓവറുകള്‍ ചുരുക്കി പരമാവധി ഇന്ന് തന്നെ മത്സരം പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമമുണ്ടായെങ്കിലും മത്സരം പുനരാംഭിക്കാനായില്ല.

നാളെ കളി നിര്‍ത്തിയ അതേ അവസ്ഥയില്‍ തന്നെ  തുടങ്ങും. ഇനി 23 പന്തുകള്‍ കൂടെ കിവീസ് ഇന്നിംഗ്സില്‍ അവശേഷിക്കുന്നുണ്ട്. റിസര്‍വ് ദിനവും മഴ വില്ലനായാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത് ഇന്ത്യയും ഓസ്‌ട്രേലിയയും ആണെന്നതിനാല്‍ മഴ കാരണം സെമി ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയോ പൂര്‍ത്തിക്കായാന്‍ കഴിയാതിരിക്കുകയോ വന്നാലും ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനല്‍ കളിക്കും.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറിയ കിവികള്‍ക്ക് ബാറ്റിംഗില്‍ മികച്ച തുടക്കം നേടാനായിരുന്നില്ല. ആദ്യ മൂന്നോവറില്‍ ഒരു റണ്‍സ് മാത്രമെടുത്ത അവര്‍ക്ക് നാലാം ഓവറില്‍ ഒരു വിക്കറ്റും നഷ്ടമായി. ജസ്പ്രിത് ബുംറയും ഭുവനേശ്വര്‍ കുമാറും തുടക്കമിട്ട ഇന്ത്യന്‍ ബൗളിംഗ് മികവിന് മുന്നില്‍ കിവികളുടെ മുനയൊടിയുകയായിരുന്നു.

മാര്‍ടിന്‍ ഗപ്റ്റലിനെ സ്ലിപില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച് ബുംറയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് പന്തെറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നീ മുഴുവന്‍ താരങ്ങളും ഓരോ വിക്കറ്റ് വീഴ്ത്തി.

85 പന്തില്‍ 67 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്ന റോസ് ടൈലറിന്റെ ഇന്നിംഗ്‌സാണ് ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ ഇരുനൂറിലെത്തിച്ചത്. ടൈലറെ കൂടാതെ 67 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. ഇരുവരും ചേര്‍ന്ന് നേടിയ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടാണ് ന്യൂസിലന്‍ഡിനെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.