Connect with us

Gulf

മോഷ്ടാക്കളെ ഒറ്റക്ക് നേരിട്ട പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

Published

|

Last Updated

ദുബൈ: ടാക്‌സി കാര്‍ മോഷ്ടാക്കളെ ഒറ്റക്ക് കീഴ്‌പെടുത്തിയ ദുബൈ പോലീസിലെ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. മുസ്തഫ അവദ് യഹ്‌യാ എന്ന ഉദ്യോഗസ്ഥനാണ് സ്ഥാനക്കയറ്റം നല്‍കാന്‍ ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ഉത്തരവിട്ടത്. ട്രാഫിക് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ മുസ്തഫ പ്രകടിപ്പിച്ച അസാമാന്യ ധൈര്യവും അര്‍പണബോധവും ജാഗ്രതയുമാണ് സ്ഥാനക്കയറ്റത്തിന് കാരണമായത്. മോഷ്ടിച്ച കാറുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ, പോലീസ് ഓപറേഷന്‍ സെന്ററില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പരിസരത്ത് പട്രോളിംഗില്‍ ഏര്‍പെട്ടിരുന്ന മുസ്തഫ കാര്‍ കണ്ടെത്തി തടഞ്ഞുനിര്‍ത്തി മോഷ്ടാക്കളെ ഒറ്റക്ക് കീഴ്‌പെടുത്തുകയായിരുന്നു.

രണ്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ആഫ്രിക്കന്‍ വംശജരായ ഇവരെ ഒറ്റക്ക് നേരിട്ട് കീഴ്‌പെടുത്തിയ ശേഷം സഹപ്രവര്‍ത്തകരെ വിവരമറിയിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരുടെ സഹായം തേടുകയായിരുന്നു മുസ്തഫയെന്ന് ദുബൈ പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ദുബൈ പോലീസിന്റെ അനുമോദന സാക്ഷ്യപത്രം മേധാവിയില്‍ നിന്ന് മുസ്തഫയുടെ സാന്നിധ്യത്തില്‍ മകന്‍ ഏറ്റുവാങ്ങി. സ്ഥാനക്കയറ്റം നല്‍കിയതില്‍ മേധാവി ഉള്‍പെടെയുള്ള പോലീസ് അധികാരികള്‍ക്ക് മുസ്തഫ നന്ദി പറഞ്ഞു.