ഗ്രീസില്‍ ഇടതുപക്ഷത്തിന് തിരിച്ചടി; വലതുപക്ഷ ന്യൂ ഡെമോക്രസി പാര്‍ട്ടി അധികാരത്തില്‍

Posted on: July 8, 2019 4:09 pm | Last updated: July 8, 2019 at 7:11 pm

ഏതന്‍സ്: ഗ്രീസിലെ പൊതു തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഇടതുപാര്‍ട്ടിക്ക് കനത്ത തിരിച്ചടി. വലതുപക്ഷ കക്ഷിയായ ന്യൂ ഡെമോക്രസി കണ്‍സര്‍വേറ്റീവ്‌
പാര്‍ട്ടി 300ല്‍ 158 സീറ്റ് നേടി (39.85 ശതമാനം വോട്ട്) നേടി അധികാരത്തിലെത്തി. പ്രധാന മന്ത്രി അലെക്‌സിസ് സിപ്രസിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട സിരിസ പാര്‍ട്ടിക്ക് 31.53 ശതമാനം വോട്ട് മാത്രമെ നേടാനായുള്ളൂ. ന്യൂ ഡെമോക്രസി പാര്‍ട്ടി നേതാവ് കിരിയാകോസ് മിട്‌സോടകിസ് പുതിയ പ്രധാന മന്ത്രിയായി ചുമതലയേല്‍ക്കും. തിരഞ്ഞെടുപ്പില്‍ ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 15 സീറ്റുകള്‍ ലഭിച്ചു.

2015ലെ പൊതു തിരഞ്ഞെടുപ്പിലാണ് സിരിസ വന്‍ ജനപിന്തുണയോടെ അധികാരത്തിലേറിയത്. ഗ്രീസിനെ ദുരിതത്തിലാക്കിയ സാമ്പത്തിക പ്രതിസന്ധിക്കു ശേഷമാണ് ഇടതുപക്ഷ പാര്‍ട്ടിയായ സിരിസ രാജ്യത്തെ ഭരിക്കാനുള്ള അര്‍ഹത നേടിയത്. എന്നാല്‍, ജനകീയ ഭരണം കാഴ്ചവെക്കുന്നതിന് കഴിയാതെ വന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി. തൊഴിലില്ലായ്മ രൂക്ഷമായതാണ് സിരിസക്ക് ഭരണത്തില്‍ നിന്ന് താഴെയിറങ്ങാന്‍ ഇടാക്കിയ പ്രധാന കാരണങ്ങളിലൊന്ന്.

ഗ്രീസിലെ വേദനാജനകമായ കാലം അവസാനിച്ചതായും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഭരിക്കുമെന്നും മിട്‌സോടകിസ് പറഞ്ഞു. ജനങ്ങളുടെ താത്പര്യ സംരക്ഷണത്തിനായി ഇടപെടുന്ന ശക്തമായ പ്രതിപക്ഷമായി വര്‍ത്തിക്കുമെന്നായിരുന്നു സിപ്രസിയുടെ പ്രതികരണം.